Site icon Janayugom Online

അയാൾ

ജനാലയിലൂടെ പുറത്തേക്കു നോക്കി. ഹോ! നല്ല മഴ. തുള്ളിക്കൊരുകുടം കണക്കെ പെയ്യുന്നു. അഞ്ചുമണിക്കിനിയും വെറുതെയിരുപ്പിന്റെ മുപ്പതു മിനിട്ടുകൾ ബാക്കി. 4.25 ന് ഓഫീസിൽ നിന്നിറങ്ങി. അപ്പോഴേക്കും മഴ ശമിച്ചിരുന്നു. പക്ഷെ മാനത്തിപ്പോഴും പെയ്യാൻ വിതുമ്പിനിൽക്കുന്ന കാർമേഘങ്ങൾ ഉണ്ട്. ഞാൻ നടന്ന് ബസ് സ്റ്റോപ്പിലെത്തി. വെയ്റ്റിങ് ഷെഡിന്റെ വടക്കേ മൂലയിലേക്ക് നോക്കി. ഒരുനിമിഷം ഒന്നു ഞെട്ടി. അയാളെ അവിടെ കണ്ടില്ല. അയാൾ എന്നു പറഞ്ഞാൽ ഒരു മനുഷ്യൻ. അയാളുടെ പേരോ നാളോ, നാടോ വീടോ ഒന്നും എനിക്കറിയില്ല. 

ഏകദേശം നാല്പതിനോടടുത്ത പ്രായം. അയാളുടെ നിൽപ് എപ്പോഴും ആകാശത്തേക്ക് കണ്ണുംനട്ടാണ്. അയാളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ഏകദേശം ആറുമാസങ്ങൾക്കു മുൻപാണ്. ഒരിക്കൽ ഒരു രണ്ടായിരം രൂപയുടെ നോട്ട് അയാളുടെ കാൽക്കീഴിൽ കിടക്കുന്നതു കണ്ടു. ബസ്‌ സ്റ്റോപ്പിൽ ആ സമയം അധികം ആരുമില്ലായിരുന്നു. ജോലിക്ക് കയറിയിട്ട് രണ്ടാഴ്ച. രണ്ടായിരത്തിന്റെ നോട്ട് കണികാണാൻ കിട്ടാത്ത സമയം. ഞാൻ അതിലേക്ക് കണ്ണും നട്ടിരുന്നപ്പോഴാണ് അയാൾ അതു കണ്ടത്. നോട്ട് അയാളുടെ മുഖത്ത് ഒരു ഭാവവ്യത്യാസവും വരുത്തിയിട്ടില്ല. അയാൾ അതിന്റെ പുറത്ത് തന്റെ കാലുകൾ എടുത്തു വച്ചു. എനിക്ക് കാര്യം പിടികിട്ടി. പക്ഷെ അയാൾ ആദ്യ ബസ് തന്റെ മുന്നിലൂടെ കടന്നുപോയപ്പോൾ തന്നെ വടക്കോട്ട് നടന്ന് അപ്രത്യക്ഷനായി. അതെന്നെ അത്ഭുതപ്പെടുത്തി. ആ നോട്ടെടുത്ത് പോക്കറ്റിലിടാനോ മറ്റൊരാളുടേതാണോ എന്നു ചോദിക്കാനോ അയാൾ മെനക്കെട്ടില്ല. അതിനുശേഷം എപ്പോഴും ഞാൻ അയാളുടെ ഭാവങ്ങൾ മാറാൻ മടിക്കുന്ന മുഖത്തേക്ക് ഉറ്റുനോക്കുമായിരുന്നു. 

ഇന്ന് മനസിന് ഒരു സുഖം തോന്നുന്നില്ല. അയാൾ എവിടെപ്പോയി? അയാളെ തേടിപ്പോകണം എന്നെനിക്കു തോന്നി. പക്ഷെ എങ്ങോട്ട്? ഞാനും ബസ്‌സ്റ്റോപ്പും അതിനു സമ്മതിച്ചില്ല. പക്ഷെ മനസ്, തേടിപ്പോകണം എന്നു വാശിപിടിച്ചു. പിന്നീട് യാന്ത്രികമായിരുന്നു എന്റെ ചുവടുകൾ. നടന്നു നടന്ന് വലത്തോട്ടു വഴിയുള്ള ഒരു സ്ഥലത്തെത്തി. അതിലൂടെയാണ് അയാൾ നടന്നുപോകുന്നത് എന്നെനിക്കു തോന്നി. ഞാൻ അതിലെ നടന്നു. പക്ഷെ മുന്നോട്ട് ചെല്ലുന്തോറും ഭയവും ഒപ്പം പ്രതീക്ഷയും മനസിലേക്ക് ഇരച്ചുകയറി. ആരെയും വഴിയിലെങ്ങും കണ്ടില്ല. കുറെ മുന്നോട്ടു നടന്നപ്പോൾ ഒരു ഇടവഴി കണ്ടു. അതിലൂടെ നടന്നപ്പോഴാണ് ആ പോസ്റ്റർ എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഞാൻ ഒരു നിമിഷം തരിച്ചു നിന്ന് പോയി. ദാമോദരൻ (39) ആ..ദ..രാഞ്ജലികൾ. എന്റെ ഉള്ള് ഒന്നു പിടഞ്ഞു. അയാൾക്ക് എന്ത് പറ്റിയതാണെന്ന് എനിക്ക് അറിയില്ല. ആരോടും ചോദിക്കാനും തോന്നിയില്ല. ഞാൻ പതിയെ റോഡിലേക്കിറങ്ങി. മുകളിലേക്കു നോക്കി. അപ്പോഴവിടെ ഞാനും പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങളും മാത്രമായിരുന്നു.

Exit mobile version