Site icon Janayugom Online

വർണങ്ങളുടെ ലോകത്ത്…

പാഠപുസ്തകങ്ങളിൽ നിന്നും സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും അ­പ്രത്യക്ഷമായിട്ട് കാലങ്ങളായെങ്കിലും, അക്ഷരം ക്ഷയിക്കാത്തതായി നിലനില്ക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അക്ഷരം എന്നു പറഞ്ഞാൽ തന്നെ നാശമില്ലാത്തത് എന്നാണല്ലോ. അക്ഷരങ്ങൾ ചേരുമ്പോഴാണ് വാക്കുകൾക്ക് ഉറപ്പുണ്ടാകുന്നത്. അതിന്റെ അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നാം പറഞ്ഞ വാക്കുകൾക്ക് ദൃഢത കൈവരുന്നു. വാക്കു മാറ്റിപ്പറയാൻ എനിക്ക് മനസില്ല എന്ന് പറയുമ്പോൾ നാം പറഞ്ഞ വസ്തുതയിൽ ഉറച്ചുനിൽക്കുന്നു എന്നു തന്നെ അർഥം. 

അക്ഷരംപ്രതി അനുസരിക്കുക എന്ന ശൈലി നാം പ്രയോഗിക്കുമ്പോൾ തന്നെ ചെയ്യാൻ പറഞ്ഞ കാര്യത്തിൽ നിന്ന് അല്പംപോലും വ്യതിചലിക്കാൻ പാടില്ല എന്ന കല്പന വാക്കിന്റെ ദൃഢതയെ സൂചിപ്പിക്കുന്നു.“ശബ്ദിക്കരുത്” എന്ന അർത്ഥത്തിൽ പലപ്പോഴും നാം മറ്റുള്ളവരോട് കല്പിക്കുന്നത് “ഒരക്ഷരം മിണ്ടരുത്” എന്ന ശൈലി ഉപയോഗിച്ചുകൊണ്ടാണല്ലോ. അക്ഷരങ്ങൾ കൊണ്ട് അ­മ്മാനമാടുന്നവരാണ് കവികൾ. ഓരോ അക്ഷരങ്ങളെയും ആലങ്കാരിക വാക്കുകളായി നിർമ്മിച്ച് മനോഹരമായ കാല്പനിക പ്രപഞ്ചത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകാൻ കവികളുടെ സാമർത്ഥ്യമൊന്നു വേറെ തന്നെയാണ്. സാധാരണ ക്ലാസ് മുറികളിൽ മലയാളം അധ്യാപകർ കുട്ടികളോട് ഭാഷയിലെ അക്ഷരമെത്ര എന്ന് ചോദിച്ച് സംശയത്തിന്റെ മുൾമുനയിൽ നിർത്താറുണ്ട്. അപ്പോഴാണ് കുട്ടികൾ സ്വരവും, വ്യഞ്ജനവും കൈകളിൽ കൂട്ടി ക്ഷീണിക്കുന്നത്. 

കുഞ്ചൻ നമ്പ്യാരുടെ ശൈ­ലീ പ്രയോഗത്തെ ആശ്രയിച്ചാവും ചിലർ അ­ക്ഷരങ്ങളുടെ എണ്ണത്തിന് ഉത്തരം ന­ൽകുക. “ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന്” എന്ന് ന­മ്പ്യാ­ർ പറഞ്ഞുവച്ചതിലൂടെ അക്ഷരങ്ങളുടെ എണ്ണം 51 എന്ന് സ്ഥാപിച്ചെടുക്കാൻ ചിലർ ഒരു ശ്രമം നടത്തും.
അമ്പത്തി ഒന്ന് എന്ന സംഖ്യക്ക് ലിപി സമ്പ്രദായത്തി­ൽ മാറ്റം വന്നിട്ട് കാലം കുറെയായി. ലിപി പരിഷ്ക്കരണത്തോടെ മലയാളത്തിൽ 49 അക്ഷരങ്ങളാണ് ഉള്ളത്. സ്വരാക്ഷരങ്ങളുടെ ഒടുക്കം വരുന്ന “അം, അഃ” അനുസ്വാരത്തെയും വിസർഗത്തെയും സൂചിപ്പിക്കാൻ വേണ്ടി ഉള്ളതാണെന്ന് കുട്ടികൾ മനസിലാക്കിയിരിക്കണം.
“ക്ഷ“യെ കൂട്ടക്ഷരമായി മാത്രമേ പരിഗണിക്കാവൂ. സ്വരാക്ഷരങ്ങളി­ൽ നിന്ന് അം, അഃ ഒഴിവാക്കപ്പെട്ടാൽ ശേ­ഷിക്കുന്ന അക്ഷരങ്ങളുടെ എണ്ണം പതിമൂന്നാണ്. അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ, ഔ, എന്നിവയാണ് സ്വരാക്ഷരങ്ങൾ..
വ്യഞ്ജനാക്ഷരങ്ങൾ മുപ്പത്തിയാറെണ്ണമാണുള്ളത്.
വ്യഞ്ജനാക്ഷരങ്ങൾ
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ ഷ സ ഹ ള ഴ റ
ഇങ്ങനെ പതിമൂന്ന് സ്വരങ്ങളും മുപ്പത്തിയാറ് വ്യഞ്ജനങ്ങളും ചേർന്ന് 49 അക്ഷരങ്ങളാണ് വാക്കുകളുടെ കേളീരംഗത്ത് വിരാജിക്കുന്നത്. മലയാള ഭാഷയുടെ നന്മയും സൗന്ദര്യവും അക്ഷരങ്ങൾ കൊണ്ട് തീർത്ത വാക്കുകളിലാണ്. ശബ്ദരൂപങ്ങളെ കേന്ദ്രീകരിച്ചാണ് അക്ഷരമാലയുടെ വിന്യാസം. ഇംഗ്ലീഷിൽ CAT എന്നെഴുതിയാൽ മലയാള ഉച്ചാരണം ക്യാറ്റ് എന്നാകുമല്ലോ. ഇംഗ്ലീഷ് പദങ്ങളുടെ ഉച്ചാരണം ഭാഷയിലേക്ക് വരുമ്പോൾ ചില വ്യത്യാസങ്ങൾ വരാറുണ്ട്. ഉദാഹരണത്തിന് VA എന്ന രണ്ട് അക്ഷരങ്ങൾ വ എന്ന അക്ഷരത്തെ സൂചിപ്പിക്കുന്നു. 

ചിലപ്പോൾ WA എന്നെഴുതുമ്പൊഴും വ ആവശ്യമായി വരുന്നു. ഉദാഹരണത്തിന് WAR, VAN. വ്യഞ്ജനാക്ഷരങ്ങളോട് സ്വര അക്ഷരങ്ങൾ ചിഹ്നങ്ങളുടെ രൂപത്തിൽ ചേർക്കപ്പെടുമ്പോഴാണ് അക്ഷരങ്ങളുടെ പൂർണത കൈവരുന്നത്. സ്വതന്ത്രമായി ഉച്ചാരണ ശേഷി ഉള്ള വർണങ്ങളാണ് അക്ഷരങ്ങൾ. അങ്ങനെങ്കിൽ കൂട്ടുകാർക്ക് ഈ അക്ഷരങ്ങളെയൊക്കെ വാക്കുകളുടെ മാലയാക്കി കവിതകളോ, കഥകളോ, ലേഖനങ്ങളോ ഒക്കെ രൂപപ്പെടുത്തിയെടുക്കാമല്ലോ. അത്തരമൊരു ശ്രമം മലയാള സാഹിത്യത്തിന് മൂല്യവത്തായ സംഭാവനയായിത്തീരുമെന്നതിൽ തർക്കമില്ല.

Exit mobile version