Site iconSite icon Janayugom Online

ആരോ പാടി ആദിമലർവനിയിൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ക്ലാസിക് കൃതികൾ സിനിമകളാക്കിയത് കെ എസ് സേതുമാധവനായിരുന്നു. നമ്മുടെ ഹൃദയങ്ങളെ ഗാഢമായാശ്ലേിക്കുന്ന സംഗീതത്തിന്റെ എത്രയോ വിനിമയഭേദങ്ങളെ അദ്ദേഹം മികച്ച ഗാനാവതരണങ്ങളാക്കി മാറ്റി. ആ ചലച്ചിത്രങ്ങളിൽ പാട്ടിന് അതിന്റേതായ സ്ഥാനവും സംസ്കാരവുമുണ്ടായിരുന്നു. അവയിൽ മനസിന്റെ ഭാവാന്തരങ്ങളും വിവിധ വികാരങ്ങളുടെ വിസ്തൃതിയുമുണ്ടായിരുന്നു. അതിന് വിശുദ്ധിയുടെ സൂക്ഷ്മതകളെ അഭിസംബോധന ചെയ്യാനുള്ള കെൽപ്പ് കെെവന്നിരുന്നു. പ്രകാശമാനമായ പ്രത്യക്ഷാനുഭവങ്ങൾപോലെ ആ ഗാനങ്ങൾ നമ്മെ ജീവിതാനുഭവത്തിന്റെയും അനുഭൂതിയുടെയും ഋതുക്കളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സിനിമയിലെ പാട്ടുചിത്രീകരണത്തിന്റെ ഏകകങ്ങളും സൂചകങ്ങളുമെല്ലാം ജീവിതസന്ദർഭങ്ങളോട് ചേർന്നുനിന്നു. അതിൽ സ്വാഭാവികതയുടെ കേവല നിയമങ്ങൾക്കപ്പുറം സാധാരണതയുടെയും യാഥാർത്ഥ്യത്തിന്റെയും സ്വപ്നത്തിന്റെയുമെല്ലാം ദൃശ്യശ്രുതികൾ ഉണ്ടായിരുന്നു. ഗാനചിത്രീകരണങ്ങളിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന സീനിക് ഇന്റലിജൻസ് ജീവിതാനുഭവങ്ങളിൽ നിന്നുണ്ടായതായിരുന്നു.
ഒരിക്കലും നശിക്കാത്ത ശില്പഭംഗികളോടുകൂടി ആ ഗാനങ്ങളെല്ലാം പ്രൗഢിയോടെ എന്നും പ്രശോഭിച്ചു. പാട്ടിലെ ലാവണ്യത്തെ വികാരാർത്ഥങ്ങളുടെ സ്വരൂപമാക്കി മാറ്റി ആവിഷ്കരിക്കുവാൻ കെ എസ് സേതുമാധവന് കഴിഞ്ഞു. പാട്ടവതരണത്തിൽ അത്രത്തോളം സൗന്ദര്യബോധ്യങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. പല പാട്ടുകളിലെയും കാവ്യാത്മകതയുടെയും ഗാനാത്മകതയുടെയും അധ്യായങ്ങൾ പാഠപുസ്തകങ്ങൾ പോലെ പുതിയ തലമുറകൾക്ക് മുമ്പിൽ നിവർന്നുകിടപ്പുണ്ട്.

കഥാപാത്രങ്ങളുടെ തീക്ഷണമായ ആന്തരികലോകങ്ങൾ വരച്ചുകാട്ടുന്ന എത്രയോഗാനങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിലുണ്ടായിട്ടുണ്ട്. സേതുമാധവൻ ചിത്രീകരിച്ച ഗാനങ്ങൾ അവയുടെ വെെവിധ്യത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചവയായിരുന്നു. ‘വേനൽക്കിനാവുകൾ’ എന്ന എം ടി തിരക്കഥയെഴുതിയ സിനിമയായിരുന്നു സേതുമാധവൻ അവസാനമായി സംവിധാനം നിർവഹിച്ചതും. ഒഎൻവി എഴുതിയ നാല് ഗാനങ്ങൾക്ക് സംഗീതം പകർന്നത് പ്രശസ്ത വയലിൻ വാദകനും സംഗീതജ്ഞനുമായ എൽ വെെദ്യനാഥനായിരുന്നു. നാല് ഗാനങ്ങളും നാലുതരത്തിലുള്ളവയായിരുന്നു. യേശുദാസിന്റെ ആലാപനമായിരുന്നു നാല് ഗാനങ്ങളുടെയും പൊതുവായ സവിശേഷത. ഇതിൽ ‘പോരൂ പോരൂ’ എന്നു തുടങ്ങുന്ന ഗാനം മറ്റുള്ള മൂന്ന് ഗാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തവും അതിന്റെ ഷാനറിൽ നിശബ്ദവും ഉദാത്തവുമായ ഒരു വെെകാരിക സംഗീതത്തിന്റെതുമാണ്. ”വെെദ്യനാഥന്റെ സംഗീതത്തെക്കുറിച്ച് എനിക്കേറെ മതിപ്പായിരുന്നു. വയലിനിൽ മീട്ടിയ ഈണങ്ങൾക്കനുസരിച്ച് വരികൾ എഴുതുകയായിരുന്നു ഒഎൻവി. സിനിമയിലെ കഥാസന്ദർഭത്തിലും കഥാപാത്രങ്ങൾക്കും അനുയോജ്യമായ പാട്ടുകളാണ് വെെദ്യനാഥൻ രൂപപ്പെടുത്തിയത്. എല്ലാ പാട്ടുകളും വ്യത്യസ്ത പാറ്റേണുകളിലായിരുന്നു അദ്ദേഹം ചെയ്തതത്’- ഫോണിൽ നടത്തിയ ഒരഭിമുഖത്തിൽ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞ വാക്കുകൾ.

നാല് കൗമാരക്കാരായ ആണുങ്ങളുടെ മനോനിലകളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന സിനിമയായിരുന്നു വേനൽക്കിനാവുകൾ. അവരുടെ മനസിന്റെ അടരുകളെ പ്രണയസന്ദിഗ്ധതകളെ ആഘോഷാഭിനിവേശങ്ങളെ, യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും ഇടയ്ക്കുള്ള അവരുടെ ഭ്രമാത്മകമായ സഞ്ചാരങ്ങളെ എല്ലാം പാട്ടുകളുടെ ചിത്രീകരണത്തിൽ സംക്ഷിപ്തമാക്കുകയായിരുന്നു സേതുമാധവൻ. ഇതിൽ ‘പോരൂ പോരൂ’ എന്ന പാട്ടിൽ കൗമാരക്കാരനായ ഒരാളുടെ (സുധീഷ്) മനോനിലയെ അനാവരണം ചെയ്യുന്നു.
‘പോരൂ പോരൂ ആദിവിജനതയിൽ
ആരോ പാടി ആദിമലർവനിയിൽ
ഞാനാണാ ഗീതം, നീയാ സംഗീതം’
ഇങ്ങനെയാണ് ‘പോരൂ’ എന്ന പാട്ടിന്റെ പല്ലവിയിലേക്ക് അനുയാത്ര ചെയ്യുന്നത്.
റഷ്യൻ ബാലേ എന്ന നൃത്തസംഗീത സങ്കേതത്തിന്റെ ചുവടുപിടിച്ചാണ് ഈ പാട്ടിന്റെ ദൃശ്യചിത്രീകരണം. ഡ്രീം സീക്വൻസിന്റെ പാറ്റേണിൽ തയാറാക്കിയ ഈണസ്വരൂപം. ഇലക്ട്രിക് ഗിത്താർ, ട്രംപറ്റ്, കോറൽ മ്യൂസിക് എന്നിവ സംയോജിപ്പിച്ച് തികച്ചും വെസ്റ്റേൺ സംഗീത മാതൃകയിലാണ്’ ഈ പാട്ടുണ്ടാക്കിയത്.

 

‘ഈറത്തണ്ടിൻ മാറിൽ മുത്തം
ഈറൻകാറ്റ് ഞാൻ
കാറ്റിൽ ചാഞ്ഞു നൃത്തം വെക്കും
ആർദ്രാപുഷ്പം നീ
നീയാം വിലോല ലാസ്യം പകർന്ന
താളത്തുടിപ്പു ഞാൻ’
അനുപല്ലവിയിൽ ഇഴപാകിയിരിക്കുന്ന ചെറിയ ചെറിയ ഫ്രെയിമുകളിലാണ് ഒഎൻവിയുടെ അക്ഷരങ്ങൾ സർവേന്ദ്രിയാധിഷ്ഠിതമായ പ്രണയം തീർക്കുന്നത്. ദൃശ്യവും ശ്രാവ്യവും സ്പർശവുമാർന്ന ഇമേജുകളിലൊരുക്കിയ ഗൂഢാനുരാഗത്തിന്റെ സാന്ദ്രസ്ഥലികൾ.

എങ്ങും പൂമരങ്ങൾ പൂക്കൾ
ചിന്നും ഛായയിൽ
ഇന്നീ നമ്മൾ മാത്രം എന്നു
മെന്നും നാം മാത്രം
ദൂരെ നിലവ് പെയ്യും വനാന്ത
ഭൂവും മയക്കമായ്…
അനുപല്ലവിയിലെയും ചരണത്തിലെയും ആലാപനസുഭഗതകൾ ശ്രദ്ധേയമാണ്. ഓരോ വാക്കിന്റെയും അന്തരംഗത്തിലുമുണരുന്ന ലോലമർമ്മരങ്ങൾ പോലെയാണ് ഈ പാട്ടിൽ യേശുദാസിന്റെ സ്വരസംവിധാനം. ‘മയക്കമായ്’ എന്ന വാക്കിൽ പോലും നേരത്തെ പറഞ്ഞ സ്വപ്നാത്മകതയുടെയും മോഹനിദ്രയുടെയും സ്പർശമൊരുക്കുന്നുണ്ട് ഗായകൻ. ‘ഹെയ്, ഹെയ്, ഹെയ്’ എന്നീ വാക്കിന്റെ ആവർത്തനമാണ് അനുപല്ലവിയിലും ചരണത്തിലും താളത്തെ നിയന്ത്രിക്കുന്നത് കാമനാപൂരിതമായ ഒരു മനസിന്റെ നിശബ്ദമർമ്മരങ്ങൾ ഈ പാട്ടിലെ സ്വരസംഗീതത്തെ ആർദ്രമാക്കുന്നുണ്ട്. നാട്ടിൻപുറത്തെ ഒരു കൗമാരക്കാരന് വിദേശത്തുനിന്ന് വന്ന ഒരു വനിതയോട് തോന്നുന്ന ആഭിമുഖ്യത്തെയും പ്രണയാഭിരതിയെയുമെല്ലാം അത്രയ്ക്കും അർത്ഥപൂർണമായാണ് കെ എസ് സേതുമാധവൻ ചിത്രീകരിച്ചിട്ടുള്ളത്. റഷ്യൻ ബാലേയുടെ അവതരണമൊക്കെ മലയാളസിനിമയിലെ അതുവരെയുള്ള പാട്ടുസീക്വൻസുകളിൽ നാം അധികം കണ്ടിട്ടുണ്ടാവാനിടയില്ല. ഒഎൻവി-വെെദ്യനാഥൻ‑കെ എസ് സേതുമാധവൻ സംഗമത്തിലുണ്ടായ ഈ ഗാനം ‘പോരൂ പോരൂ’ എന്ന് പറഞ്ഞ് നമ്മെ പ്രണയത്തിന്റെ വിജനമായ ആദിമലർവനിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് തീർച്ചയാണ്

Exit mobile version