ചേച്ചി മച്ചിയായിരിക്കേ
അനുജത്തി പെറ്റു, ഇരട്ടകൾ!
ചിരിക്കയാണനുജത്തി
ചേച്ചിയുടെ മിഴികളിലിരമ്പുന്നു നോവ്.
പിറവിയിൽ നഗ്നർ അടയാളവാക്യങ്ങളില്ല,
വട്ടു, കുട്ടിയുംകോലും കണ്ണുപ്പൊത്തിക്കളി
ആകാശമേറുമവരുടെ ഘോഷങ്ങളിൽ
മുറ്റം ചിരിച്ചു, അനുജത്തി പൊട്ടിച്ചിരിച്ചു
തിടമ്പേറ്റി നിൽക്കും ഗജം പോലവർ!
മിഴിനീരുകൊണ്ടേ ചേച്ചി വയറുഴിഞ്ഞു,
ഋതുക്കളെത്ര വന്നുപോയ്
വർഷങ്ങളെത്ര മാറിവന്നു…
കാലത്തിനൊപ്പമവർ വളർന്നു
മതം പഠിച്ചു, മദംപ്പൊട്ടി
ഒരാൾ തൃശ്ശൂലം, മറ്റെയാൾ കഠാര
കൈയിനഴകായെടുത്തു
കാവിയും പച്ചയും ഉടുത്തുകെട്ടി
അന്യോന്യമുയർത്തീക്കൊലവിളികൾ
യുദ്ധകാഹളം,
മരണമണിമുഴക്കങ്ങൾ
ശംഖുമുദ്രകൾ ചന്ദ്രക്കലകൾ.
ശൂലംത്തറച്ചു, കഠാരയാഴ്ന്നു
കുടലു മുറിഞ്ഞു, കഴുത്തറ്റൂ
കുരൽ മുറിഞ്ഞു,
കുലം മുടിഞ്ഞൂ
രക്തം പടർന്നു ഭൂമിയാകെ
നിറമൊന്നുമാത്രം ചുവപ്പ്,
ആരുടേതാച്ചോരയെന്നാർക്കറിയാം?
ഒന്നിൽപ്പിറന്നവർ ഒന്നായ് വളർന്നവർ
പലതായ് പിരിഞ്ഞവർ
കബന്ധങ്ങളാകെ
അമ്മയുടെ നെഞ്ചുപൊട്ടുന്നൊരൊച്ച കേട്ടൂ
കാതുപൊത്തീപ്പുകഴ്പ്പെറ്റ ദൈവങ്ങൾ
അന്നാദ്യമായ് ചിരിയ്ക്കുന്നു ചേച്ചി
പെറ്റതിൽ കണ്ണീരുപ്പെയ്യുന്നനുജത്തി.