Site iconSite icon Janayugom Online

കേട്ടുകേൾവിയും കൂടിക്കാഴ്ചയും

എം കെ പ്രസാദ് എന്ന പേര് കേട്ടറിയുമ്പോൾ ഞാൻ കണ്ണൂർ ശ്രീനാരായണ കോളജിലായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ രണ്ടാം പകുതിയിൽ ആ പേര് സൈലന്റ് വാലിയുമായി ബന്ധപ്പെടുമ്പോൾ കൂടുതൽ ശ്രദ്ധേയമായി. എൺപതുകളിൽ കണിയാപുരം രാമചന്ദ്രൻ, എം നസീർ, എൻ ഇ ഗീത തുടങ്ങിയവർക്കൊപ്പം കോണ്ടിനന്റ് മാസികയുടെ നിർവഹണവുമായി ബന്ധപ്പെട്ടപ്പോൾ സൈലന്റ് വാലി പ്രശ്നം മാസികയുടെ പ്രധാനപ്പെട്ട ഒരു വിഷയമായിരുന്നു. അപ്പോഴും എം കെ പ്രസാദ് എനിക്ക് കേട്ടറിവുമാത്രം. 

നേരിൽ കാഴ്ച പിന്നെയും വൈകി, തൊണ്ണൂറുകളുടെ ആദ്യം എന്റെ മുൻകാല വിദൂരസേവനം പരിഗണിക്കാതെ വീണ്ടുമൊരു സ്ഥലംമാറ്റം അനീതിയും അസൗകര്യവുമെന്നു തോന്നിയപ്പോൾ എസ് എൻ ട്രസ്റ്റിന്റെ ഭരണാധികാരികളെകാണാൻ ട്രസ്റ്റ് ഓഫീസിൽ എത്തിയതായിരുന്നു. കോളജ് ഭരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയ സർക്കാർ ഭരണം ഒരു കമ്മിഷനെ ഏല്പിച്ചിരുന്ന കാലം. മൂന്നു പേരുള്ള ഭരണസമിതിയിൽ എം കെ പ്രസാദ് ഒരംഗമായിരുന്നു. സ്വയം പരിചയപ്പെടുത്തി ഞാൻ പ്രശ്നം അവതരിപ്പിച്ചു. എന്റെ നിവേദനം അധികാരക്കസേരയിലിരുന്നു ശ്രദ്ധിക്കുന്ന എം കെ പ്രസാദിന്റെ മുഖത്ത് ഉടനീളം പ്രത്യക്ഷപ്പെട്ടത് സൗഹാർദത്തിന്റെ മന്ദഹാസം. പറഞ്ഞതെല്ലാം കേട്ടിരുന്നു എന്നു മാത്രം. 

സംഭവം ഒരു വെക്കേഷന്റെ തുടക്കത്തിൽ. കേളജ് തുറക്കുമ്പോൾ അസൗകര്യം കുറഞ്ഞ മറ്റൊരു കോളജിലേക്ക് എന്നെ മാറ്റിക്കഴിഞ്ഞിരുന്നു. ഒരു ഭരണകർത്താവിന്റെ നീതിബോധം അതിലൂടെ ഞാൻ തിരിച്ചറിയുകയുണ്ടായി. ചെറിയൊരു ഇടവേളയ്ക്കുശേഷം പ്രൊഫ. എം കെ പ്രസാദുമായുള്ള കൂടിക്കാഴ്ചകൾക്ക് അവസരങ്ങൾ സമൃദ്ധമായി കൈവരുന്നത് തിരുവനന്തപുരത്തെ സി അച്യുതമേനോൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതിനു ശേഷമാണ്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പ്രസിഡന്റും കെ വി സുരേന്ദ്രനാഥ് സ്ഥാപന സെക്രട്ടറിയുമായി പ്രവർത്തനമാരംഭിച്ച ഫൗണ്ടേഷന്റെ കർമ്മ മേഖലകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രകൃതി സംരക്ഷണവും പരിസ്ഥിതി പ്രവർത്തനവും. ആ പാരമ്പര്യം ഇന്നും തുടർന്നുപോരുന്നു. ദേശീയവും പ്രാദേശികവുമായ ഒട്ടേറെ സെമിനാറുകൾ അവിടെ സംഘടിപ്പിച്ചിട്ടുണ്ട്. പല സെമിനാറുകളിലും വിഷയാവതാരകനായോ പ്രഭാഷകനായോ പ്രൊഫ. എം കെ പ്രസാദ് പങ്കെടുത്തിട്ടുണ്ട്. ഫൗണ്ടേഷന്റെ ഭാരവാഹികളുമായും പ്രവർത്തകരുമായും ചിരകാല പരിചിതരോടെന്ന പോലെ അദ്ദേഹം പെരുമാറിയിരുന്നു. പാരിസ്ഥിതിക വിഷയങ്ങളിൽ അച്യുതമേനോൻ ഫൗണ്ടേഷൻ പുലർത്തുന്ന നയസമീപനങ്ങളോടും കർമോത്സുകതയോടും പ്രൊഫ. പ്രസാദിനുളള സംതൃപ്തി ആമുഖ പ്രസാദത്തിൽ തെളിഞ്ഞുകാണാമായിരുന്നു. 

Exit mobile version