Site icon Janayugom Online

നേരിന്റെ അറിവും മുറിവും

ത് നേരാണ്. ചരിത്രത്തിലും സമകാലിക ജീവിതത്തിലും പൂഴ്ത്തിവയ്ക്കപ്പെട്ട നേര്. പുറത്തെടുത്താൽ പലരും ദുർഗന്ധപൂരിതരാകും എന്ന ഭയത്താൽ തമസ്ക്കരണത്തിന്റെ കല്ലുകൊണ്ട് മൂടി വെച്ച നേരുകളെ പുറത്തെടുക്കുന്ന പുസ്തകമാണ് ഡോ. എം എസ് നൗഫൽ എഴുതി സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച തൂവാനം. ഇപ്പോൾ കാർമൽ സ്കൂൾ നില്ക്കുന്ന ചിറ്റുമലയിലെ പഴയ ദേശിങ്ങനാട് കൊട്ടാരത്തിന്റെ സ്ഥലത്ത് കാലം മറന്നു വെച്ച ഒരു കല്ലുണ്ട്. ദേശിങ്ങനാട്ടെ റാണിയെ കോൽകളിക്കാരനായ ഒരു കീഴാളൻ പ്രണയിച്ചതിന്റെ പേരിൽ അവനെ കൊന്ന് കുഴി മൂടി കല്ല് വെച്ച കഥ. ജീവിതം മലിനമാകാതിരിക്കാൻ അമ്മമാരെ ഓച്ചിറ പടനിലത്തിൽ നട തള്ളി ആത്മാവിനെ മലിനമാക്കിയ നിരവധി പേർ. ഇത് മറവിയുടെ കല്ല് വെച്ചാലും പുറത്തിഴയുന്ന യാഥാർത്ഥ്യമാണ്. ഭഗത് സിങ്ങിനെ ആദരവോടെ ഓർക്കുന്ന നമ്മൾ ആ രക്തസാക്ഷിത്വത്തിനും 17 വർഷം മുമ്പ് രക്തസാക്ഷിയായ പുനലൂരിൽ ജോലി ചെയ്ത വാഞ്ചി അയ്യരെ മറന്നു പോയി. സ്വാതന്ത്ര്യ ചരിത്രത്തിൽ ഒരിടത്തും രേഖപ്പെടുത്താത്ത ചിരട്ട വിപ്ലവം, കല്ലറ പാങ്ങോട് വിപ്ലവത്തിലെ ആരുമറിയാത്ത ജീവിതങ്ങൾ, മലബാറിലെ സസ്യങ്ങളെക്കുറിച്ച് പഠിച്ച മഹാ വൈദ്യനായ ഇട്ടി അച്യുതന്റെ നമ്മളറിയാത്ത രഹസ്യങ്ങൾ ഇങ്ങനെ നിരവധി സംഭവങ്ങളുടെ ഭണ്ഡാരം തുറക്കുന്ന കൃതിയാണ് തൂവാനം. അതുകൊണ്ടാണ് ‘തൂവാനം — പാർശ്വവൽക്കരിക്കപ്പെട്ട യാഥാർത്ഥ്യങ്ങളുടെ മഴ’ എന്ന ടാഗ് ലൈൻ ഇതിനു വന്നു ചേരുന്നത്.

ചരിത്ര കുതുകികൾ ശ്രദ്ധിക്കാതെ കടന്നു പോയിട്ടുള്ള അനേക സംഭവങ്ങൾ കേരളത്തിന്റെ സാമൂഹ്യ ചരിത്ര നിർമ്മിതിയിൽ എത്രമാത്രം സ്വാധീനം ചെലുത്തിയവയാണെന്ന് കണ്ടെത്തുവാൻ ഈ കൃതിയിലൂടെ കഴിയുന്നു എന്നാണ് പ്രശസ്ത ചരിത്രകാരനായ ഡോ. ടി ജമാൽ മുഹമ്മദ് അവതാരികയിൽ വ്യക്തമാക്കുന്നത്. ചരിത്രത്തെ സാധാരണ വായനക്കാർക്ക് ഒറ്റയിരുപ്പിൽ വായിച്ചാസ്വാദിക്കാൻ കഴിയുന്ന ഒരു ആഖ്യാനശൈലിയാണ് എഴുത്തുകാരൻ ഇതിൽ അവലംബിക്കുന്നത്. ചരിത്രത്തെ കാവ്യാത്മകമായ ഒരു അനുഭൂതിയാക്കി മാറ്റുന്ന അനുഭവം പുസ്തകത്തിലുടനീളം കാണാം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കൃതികൾ നോക്കിയാൽ ഉത്തരേന്ത്യക്കാരാണ് അതിന്റെ കുത്തക പാട്ടം ഏറ്റെടുത്തിരിക്കുന്നതെന്ന് തോന്നും. ആ രചനകളിൽ പരാമർശിക്കപ്പെടാത്തതുമൂലം ദേശീയ ധാരയിലേക്ക് എത്തിച്ചേരാൻ കഴിയാത്ത നമ്മുടെ പോരാട്ട സ്മരണകൾ പുതിയ തലമുറയുടെ പഠനത്തിലേക്കോ ചിന്തയിലേക്കോ കടന്നു വരുന്നില്ല. ആ അവഗണനയ്ക്ക് നേരെയുള്ള പ്രതിരോധം കൂടിയാണ് തൂവാനം.
നേരിന്റെ അറിവും മുറിവും നൽകുന്ന പുസ്തകം.

തൂവാനം
ഡോ. എം എസ് നൗഫൽ
സൈന്ധവ ബുക്സ്
വില:

Exit mobile version