പ്രണയത്തിന്റെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവയായി പ്രവഹിക്കുന്ന പോലെയാണ് സന്ധ്യാ ജയേഷ് പുളിമാത്തിന്റെ ‘പെയ്തൊഴിയാത്ത പ്രണയമേഘം.’ ഹൃദയത്തിന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ അഗ്നിശാലാക ഒളിപ്പിച്ചുവച്ചിരിക്കുന്ന നോവലിസ്റ്റ് എത്രയെഴുതിയിട്ടും എഴുതിയിട്ടും തീരാത്ത പ്രണയനൊമ്പരങ്ങളുടെ വസന്തം മനസ്സിന്റെ നെരിപ്പോടിൽ ചാലിച്ചെഴുതുകയാണ്, ഈ നോവലിൽ. ഉള്ളിന്റെ ഉള്ളിൽ ഒരിക്കലും പെയ്തൊഴിയാത്ത പ്രണയമേഘങ്ങൾ നിറച്ചുവച്ചിരുന്ന ഒരു കഥാപാത്രത്തെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് സന്ധ്യാജയേഷ് എഴുതിയ ഈ നോവൽ ആഖ്യാനത്തിന്റെ അനുഭൂതികൊണ്ടും ആത്മനൊമ്പരത്തിന്റെ സൗന്ദര്യംകൊണ്ടും പ്രണയസ്പന്ദനങ്ങളുടെ തുടിപ്പുകൾകൊണ്ടും നിത്യകാമുകനെ തേടിയുള്ള കാത്തിരിപ്പുകൾ കൊണ്ടും വികാരങ്ങളുടെ വിചാരങ്ങൾ കൊണ്ടും പൊള്ളുന്ന ഒരു അനുഭവമായി മാറുകയാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി സന്ധ്യാജയേഷ് എഴുതിയ ‘പെയ്തൊഴിയാത്ത പ്രണയമേഘം’ പല രീതിയിൽ പുതുമ അർഹിക്കുന്ന ഒരു നോവലാണ്. തീ പാറുന്ന പ്രണയവേദനകളുടേയും ഹൃദയവികാരങ്ങളുടേയും ആവിഷ്ക്കരണമെന്ന നിലയിൽ മാത്രമല്ല ആഖ്യാനത്തിലെ പുതുമകൊണ്ടും അനുഭവങ്ങളുടെ യാഥാർത്ഥ്യം കൊണ്ടും ഈ നോവൽ വേറിട്ടുനിൽക്കുന്നു എന്നുകൂടി പറയേണ്ടതുണ്ട്.
എഴുത്തുകാരിയെന്ന നിലയിൽ മാധവിക്കുട്ടിയുടെ ജീവിതം മലയാളികൾക്ക് സുപരിചിതമാണ്. മലയാളത്തിലെ മാധവിക്കുട്ടി ഇംഗ്ലീഷിൽ കമലാദാസ് ആയിരുന്നു. ഒടുവിൽ അവർ കമലാസുരയ്യയായി മാറി. കേരളത്തിൽ ബാല്യവും, കൽക്കട്ടയിൽ കൗമാരവും, പൂനെയിൽ അന്ത്യകാലവും പിന്നിട്ട മാധവിക്കുട്ടിയുടെ ജീവിതത്തിനിടയിൽ സംഭവിച്ച സ്വപ്നങ്ങളും വിഭ്രാന്തികളും അനുഭവങ്ങളും ‘എന്റെ കഥ’യിൽ മാത്രമല്ല അവരുടെ കഥകളിലും കവിതകളിലും അനുഭവക്കുറിപ്പുകളിലും ഒക്കെ ആവിഷ്ക്കരിച്ചിട്ടുണ്ട്. അവരുടെ ജീവിതത്തേയും കഥകളേയും ആത്മാവിൽ പുണർന്നിട്ടുള്ള സന്ധ്യാജയേഷ് പുളിമാത്ത് അതിന്റെയൊരു പുനരാവിഷ്ക്കരണം നടത്തുകയാണ് ‘പെയ്തൊഴിയാത്ത പ്രണയമേഘം’ എന്ന നോവലിൽ.
സന്ധ്യാജയേഷിന്റെ ഈ നോവലിൽ മാധവിക്കുട്ടിയെ പുനരവതരിപ്പിക്കുക മാത്രമല്ല സ്ത്രീപക്ഷം ചേർന്നുനിന്നുകൊണ്ട് ആഖ്വാനം നടത്തുകയും ചെയ്തിരിക്കുന്നു. കേന്ദ്രകഥാപാത്രമായ വസുന്ധരാദാസാണ് നോവലിൽ കഥ പറയുന്നത്. ആത്മകഥ വിവരിക്കുന്ന തരത്തിൽ കഥാപാത്രം തന്റെ സ്വന്തം കഥ പറയുകയാണ്. ബാല്യത്തിന്റെ വർണ്ണപ്പകിട്ടും, ഗൃഹാതുരത്വവും ഒന്നുമല്ല വസുന്ധരാദാസിനു ആഴത്തിൽ വിവരിക്കാനുള്ളത്. ആരും കാണാതെപോയ തന്റെ പച്ചയായ ജീവിതം തന്നെയാണ് ‘പെയ്തൊഴിയാത്ത പ്രണയമേഘ’ത്തിൽ കോറിയിടുന്നത്. യഥാർത്ഥത്തിൽ പ്രണയമല്ല, ചോരയിൽ ചാലിച്ച വേദനയാണ് ഇതിന്റെ ഇതിവൃത്തം. കഥ ആഖ്യാനം ചെയ്യാനുള്ള നൈപുണിയും സർഗവൈഭവവും ഭാവനാശക്തിയും സ്വായത്തമാക്കിയിട്ടുള്ള സന്ധ്യാജയേഷ് ആഖ്യാനത്തിലൂടെ യാഥാർത്ഥ്യ പ്രതീതിയുള്ള ഒരു സങ്കല്പലോകം സൃഷ്ടിച്ചുകൊണ്ടാണ് തന്റെ ബോധധാരയിൽ മാധവിക്കുട്ടിയെന്ന വസുന്ധരാദാസിനെ അവതരിപ്പിക്കുന്നത്.
ഈ നോവലിന്റെ ഉള്ളടക്കത്തിന്റെ ഏതാണ്ട് അന്തസത്ത ആദ്യ അധ്യായത്തിലെ ഈ ആമുഖവാചകങ്ങളിലെ ആത്മാവിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. തുടർന്ന് ഇരുപത്തിയഞ്ച് അധ്യായങ്ങളിലായി നെഞ്ചിൽ നേരിപ്പോടുമായി മാത്രമേ നമുക്ക് ഈ നോവൽ വായിച്ചു തീർക്കാൻ കഴിയു. നായിക തന്നെ കഥ പറയുന്ന സമ്പ്രദായമാണ് നോവലിൽ. നായികയുമായി ബന്ധപ്പെട്ട ജീവിതത്തിലെ കഥാപാത്രങ്ങൾ അവരുടെ ബോധധാരയിൽ മിന്നിമറയുകയും സംവദിക്കുകയും ചെയ്യുന്നുണ്ട്. മതവും കാമവും മുന്തിനിൽക്കുന്ന പ്രമേയമാണെങ്കിലും നായികയുടെ മോഹവും മോഹഭംഗവുമാണ് നമ്മേ വേട്ടയാടുന്നത്.
സന്ധ്യാജയേഷ് അവതരിപ്പിക്കുന്ന പ്രമേയം പച്ചയായ ഒരു സ്ത്രീയുടെ മനസ്സിലെ പ്രണയമാണോ അതോ കാമമാണോ എന്ന് ആലോചിച്ചുപോകും, നോവൽ വായിക്കുമ്പോൾ. മറ്റു ചില സന്ദർഭങ്ങളിൽ സന്ധ്യ ഒരു സ്ത്രീപക്ഷവാദിയായി വസുന്ധരാദാസിന്റെ മനസ്സിൽ കയറിക്കൂടിയോ എന്നു തോന്നും. നോവൽ വായിച്ചുകഴിയുമ്പോൾ അതിന്റെ ആകെപ്പാടെയുള്ള അർത്ഥമെന്താണെന്നു ആലോചിക്കുമ്പോഴാണ് പ്രമേയത്തിന്റെ കാര്യം ഉദിക്കുന്നത്. ഈ നോവലിന്റെ അർത്ഥം കണ്ടെത്തുമ്പോൾ അതിനെ സമകാല ലോകവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുമ്പോഴാണ് ഈ നോവലിലെ ലോകവും നോവലിനു പുറത്തുള്ള ലോകവും വായനക്കാരന്റെ j തെളിഞ്ഞുവരുന്നത്. അപ്പോൾ സന്ധ്യാജയേഷ് നോവലിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അർത്ഥവും വായനക്കാരൻ മനസ്സിലാക്കുന്ന അർത്ഥവും ഏതാണ്ട് ഒന്നുതന്നെയാണെന്നു തിരിച്ചറിയാൻ അധികം പ്രയാസമില്ല. മതവും കാമവും പ്രണയവും മോഹവും ഏതാണ്ട് തുല്യമായി ഓരോ സന്ദർഭത്തിലും കഥയെ പാകപ്പെടുത്തുകയും പങ്കിലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സന്ധ്യാജയേഷ് ബോധപൂർവ്വം ചില അർത്ഥങ്ങൾ ഉൾക്കൊള്ളിക്കുന്നു. ഒപ്പം ചില അർത്ഥങ്ങൾ അബോധപൂർവ്വം കടന്നുവരികയും ചെയ്യുന്നു.
കമലാദാസിന്റെ ജീവിതം ഒരു സമാന്തര ആത്മകഥ കണക്കെ നമുക്ക് സന്ധ്യാജയേഷിലൂടെ വായിച്ചെടുക്കാം. വസുന്ധരാദാസിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ദാസും, ഡാൽവിനും, അലിയും ഒക്കെ ചിലപ്പോൾ അവരുടെ മനസ്സിലെ ഭാവങ്ങളായും അവരുടെ ജീവിതത്തിലെ ഭാവനകളായും തോന്നാമെങ്കിലും വസുന്ധരാദാസിന്റെ യഥാർത്ഥ മനസ്സിനെ വായിച്ചെടുക്കാനുള്ള നോവലിസ്റ്റിന്റെ പരിശ്രമത്തിൽ നമുക്കു സംതൃപ്തി തോന്നും. ദാസേട്ടന്റെ വാക്കുകളിൽ പറഞ്ഞാൽ വസുന്ധര ചിന്തിക്കാതെ തീരുമാനമെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പെണ്ണാണ്. എന്തിനോട് താല്പര്യം തോന്നിയാലും അതിലേക്ക് പോകുന്ന പ്രകൃതക്കാരിയാണവൾ. മുഷിച്ചിൽ വന്നാൽ ഉപേക്ഷിക്കും. കുട്ടികൾക്കു കളിപ്പാട്ടത്തോടു തോന്നുന്ന കൗതുകത്തോടെയാണ് വസുന്ധര എല്ലാത്തിനേയും സമീപിച്ചത്. ഇതു വസുന്ധരാദാസിനെപ്പറ്റി മാത്രമുള്ള നോവലിസ്റ്റിന്റെ നിരീക്ഷണമല്ല, സാക്ഷാൽ മാധവിക്കുട്ടിയെപ്പറ്റിയുള്ള നിരീക്ഷണം തന്നെയാണ്. ഇഹലോകത്ത് ജീവിക്കുമ്പോൾ പരലോകം സൃഷ്ടിച്ചുകൊണ്ട് ജീവിച്ച മാധവിക്കുട്ടിയുടെ സ്വഭാവ വൈചിത്ര്യങ്ങൾ സന്ധ്യാ ജയേഷ് ഒപ്പിയെടുത്തിരിക്കുന്നു. ഭാവനയും യാഥാർത്ഥ്യവും തമ്മിൽ എത്രത്തോളം സാദൃശ്യം ശക്തമാണോ അത്രത്തോളം നോവൽ വിജയം വരിച്ചതായി കണക്കാക്കാം. പ്രണയവും കാമവും മോഹവും മോഹഭംഗവും എല്ലാ മനുഷ്യനും എല്ലാ കാലത്തും എല്ലാ ദേശത്തും ഒരുപോലെയാണ്. എന്നാൽ അതിനു എത്രത്തോളം ഇന്ദ്രിയവേദ്യത കൈവരിക്കാൻ കഴിയുന്നുണ്ട് എന്നതിലാണ് അതിന്റെ മേന്മ നിലകൊള്ളുന്നത്. സന്ധ്യാജയേഷ് ആ മേന്മക്കു അർഹതപ്പെട്ടിരിക്കുന്നു വെന്നാണ് എനിക്ക് പറയാനുള്ളത്.
പെയ്തൊഴിയാത്ത പ്രണയമേഘം
സന്ധ്യാ ജയേഷ് പുളിമാത്ത്
സുജിലി പബ്ലിക്കേഷന്‍സ്
വില: 160 രൂപ