Site iconSite icon Janayugom Online

ആഘോഷിക്കപ്പെടുന്ന യക്ഷിക്കഥകള്‍

മലയാളസിനിമയിൽ യക്ഷിക്കഥകളുടെ തിരിച്ചു വരവ് ഗംഭീരമായി ആഘോഷിക്കപ്പെടുകയാണല്ലോ. ഇതിനു പിന്നിൽ മനഃശാസ്ത്ര പരമായ കാരണങ്ങളുണ്ടോ എന്ന് തീർച്ചയില്ല. പക്ഷേ ആസ്വാദനശേഷീപരമായ ചില മലക്കംമറിച്ചിലുകളുടെ കാരണങ്ങളെയും അതിന്റെ സാമൂഹികമായ പ്രസക്തിയെയും ആഘാതങ്ങളെയും വിലയിരുത്തേണ്ടതാണ്. യക്ഷിക്കഥകൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഇന്നും കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ളവരുടെ അഭിനിവേശമാണ് താനും, പലപ്പോഴും യക്ഷികൾ. നമ്മൾ സിനിമകളിലും സാഹിത്യത്തിലും കണ്ടുപരിചയിച്ച യക്ഷികൾ ഒരേസമയം സുന്ദരികളും ഘോരരൂപിണികളുമായിരുന്നു. അവരിലെ പ്രണയവും വശീകരണവും പൊടുന്നനെ പ്രതികാരവും രക്തദാഹവുമായി മാറിയിരുന്നു. മധുരതരമായ ശബ്ദവും വശ്യമായ ചിരിയും അലർച്ചയും അട്ടഹാസവുമായി മാറിയിരുന്നു. പെട്ടുപോകുന്നവർ എല്ലും മുടിയും അവശേഷിപ്പിച്ചു മറഞ്ഞുപോകുകയും ചെയ്തിരുന്നു.
അടിച്ചമർത്തപ്പെട്ട, ഇരയായി ജീവിച്ചൊടുങ്ങിയ, കൊലചെയ്യപ്പെട്ട സ്ത്രീജീവിതങ്ങളുടെ മരണാനന്തരമുള്ള സ്വത്വം വീണ്ടെടുക്കലുകളായിരുന്നു അത്തരം കഥകൾ. യഥാർത്ഥ ജീവിതത്തിൽ ലഭ്യമല്ലാതിരുന്ന കരുത്തും തൻപോരിമയും കോപവും അവർ ആവാഹിച്ചു. ഭാർഗവീനിലയവും, കള്ളിയങ്കാട്ടു നീലിയും മുതൽ ലിസയിലും ആകാശഗംഗയിലും വരെ ഇത്തരം യക്ഷികളെ നമുക്ക് കാണാം. പ്രണയവും മരണവും നഷ്ടങ്ങളും നിസഹായതയും ചേർന്നു മിശ്ര വികാരങ്ങളുടെ വേലിയേറ്റ ങ്ങളിലേക്ക് എടുത്തെറിഞ്ഞ പെണ്ണുങ്ങൾ. ഒടുങ്ങാത്ത ആഗ്രഹങ്ങളുടെ വള്ളിപ്പടർപ്പുകളിൽ ഉടലുപേക്ഷിച്ച്, അയഞ്ഞലയുന്ന ഉയിരിൽ നൊടിനേരം ആശ്വസിച്ച സ്ത്രീജന്മങ്ങളുടെ പകരക്കാഴ്ച്ചകളായിരുന്നു അവരെന്നു പറയാം. 

ഇത്തരം കഥാപാത്രസൃഷ്ടികൾ നടത്തിയത് സ്വാഭാവികമായും സിനിമയുടെ മേക്കിങ്ങിൽ ആധിപത്യമുള്ള പുരുഷസമൂഹമാണ്. യഥാർത്ഥമെന്ന് ചിത്രീകരിക്കപ്പെടുന്ന ജീവിതങ്ങളിലെ പുരുഷന് നൽകിയതും സ്ത്രീകൾക്കു നൽകാൻ ധൈര്യപ്പെടാതിരുന്നതുമായ പല അമാനുഷികതകളുമാണ് യക്ഷിയായി മാറിയ സ്ത്രീകൾക്കു നൽകിയത്, ദുഷ്ടകഥാപാത്രങ്ങളെ നിഗ്രഹിക്കാൻ ഒരു കല്പിതസ്വത്വത്തിന്റെ മായികമായ സർവസ്വാതന്ത്ര്യം നൽകി തൃപ്തിപ്പെടുത്തിയത്. സമീപകാലം വരെയുള്ള വലിയ പങ്ക് സിനിമകളിലെയും പല സ്ഥിരം ചേരുവകളും ഇന്ന് സ്ത്രീവിരുദ്ധമെന്ന് തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
പുരുഷന്റെ കാഴ്ചയിലുള്ള ഇത്തരം സിനിമകളിലെ പ്രണയം പൈങ്കിളി തന്നെയായി തുടർന്നപ്പോഴും യക്ഷികളുടെ അഗ്നിതുല്യമായ പ്രണയത്തെ ഭയപ്പെട്ടുതന്നെ കഥ തുടർന്നു എന്നതാണ് രസകരമായ ട്വിസ്റ്റ്. നായകനിലേക്ക് തീവ്രാഭിനിവേശത്തോടെ എത്തിപ്പെടും മുൻപു തന്നെ ആവാഹിക്കപ്പെടാനും തളയ്ക്കപ്പെടാനും നിത്യശാന്തിയെന്ന മോഹവലയത്തിലേക്ക് മടക്കിഅയക്കപ്പെടാനുമായിരുന്നു അവരുടെ വിധി. ജീവിച്ചാലും മരിച്ചാലും ആണിയടിച്ചു തറയ്ക്കപ്പെട്ടു തന്നെയിരുന്നു എന്നു പറയാം.
എന്നാൽ ഇന്ന് കഥ മാറി. യക്ഷികളെയും യക്ഷിക്കഥകളെയും മലയാളിയുടെ മനസിൽ നിന്ന് അങ്ങനെ പെട്ടെന്ന് ബാധയൊഴിപ്പിച്ചു വിടാനൊന്നും പറ്റില്ല എന്ന് നമുക്കറിയാം. പക്ഷേ പ്രതികാരം ചെയ്യാൻവേണ്ടി ബദ്ധപ്പെട്ടു യക്ഷിയായി വേഷം മാറിവരികയോ അങ്ങനെ വിശ്വസിപ്പിക്കുകയോ ചെയ്യേണ്ടതില്ല എന്നാണ് പുതിയ കുട്ടികളുടെ മതം. അതിനൊക്കെ വേറെ വഴികളുണ്ടല്ലോ. പകരം കളിപറഞ്ഞും കൂട്ടുകൂടിയും പരസ്പര ധാരണയോടെ സഹായിച്ചും മുന്നോട്ടുപോകുന്ന ഫ്രണ്ട്ലിണ്ട്‌ലി പ്രേതങ്ങൾ മതി.
ഇതിന് പല കാരണങ്ങൾ കാണാൻ കഴിയും. ഒന്നാമത്തേത് ബന്ധങ്ങളിലും സൗഹൃദങ്ങളിലും വന്ന ‘നോ പെയിൻ’ മനോഭാവമാണ്. ഭാരമുള്ളതൊന്നും ബന്ധങ്ങളിൽ എടുത്തുവയ്ക്കാത്ത, സമ്മർദങ്ങൾക്കു വഴങ്ങി കീഴ്പ്പെടാത്ത, അവൈലബിൾ, സിറ്റുവേഷണൽ സംതൃപ്തിയുടെ മനോഭാവം. അത് ഒരു ബാധ്യതയുമില്ലാത്ത യക്ഷിയിൽ നിന്നു കിട്ടുമെങ്കിൽ ആ ‘സങ്കൽപലോകമാണ് ഈ ഉലകം’ എന്ന് വിശ്വസിക്കാനുള്ള ഇഷ്ടം. അതികഠിനമായി ലോകം ഓരോ ദിവസവും മാറുമ്പോഴും അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും അതിലൊക്കെ തലപുകച്ച് ഈ ഇത്തിരിപ്പോന്ന ജീവിതം അരസികമാക്കേണ്ടെന്നും ചിന്തിക്കുന്ന അരാഷ്ട്രീയ ഭൂരിപക്ഷം കാണുന്ന സിനിമകളെയാണല്ലോ കുറേക്കാലമായി നമ്മൾ ജനപ്രിയം എന്നു വിളിച്ചുകൊണ്ടിരിക്കുന്നത്.
മറ്റൊന്ന് സിനിമയിലെ സ്ത്രീസങ്കൽപങ്ങളിൽ വന്ന മാറ്റമാണ്. നിഴൽ മാത്രമായതോ, നിശബ്ദമാക്കപ്പെട്ടതോ ആയ സ്ത്രീ കഥാപാത്രങ്ങളെ ബോധപൂർവം സൃഷ്ടിച്ചു വച്ചാലും അതൊന്നും അനുകരിച്ചു കുലസ്ത്രീപട്ടം നേടാൻ മലയാളിസ്ത്രീകളെ ഇനി നോക്കേണ്ട എന്നതാണ് സത്യം. മാനസികമായി ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ് ഇവിടെയുള്ളത്. പുറത്തു കാണുന്നതുമാത്രമല്ല യഥാർത്ഥ വിപ്ലവം, അകത്തു നടക്കുന്നതുകൂടിയാണ് എന്ന് പുതിയ തലമുറയ്ക്ക് പെട്ടെന്നു മനസിലാകും. പെണ്ണായാലും പെൺപ്രേതമായാലും ശരി, സഹജമായ സ്നേഹവും സൗഹൃദവുമില്ലെങ്കിൽ, പഴയ വീഞ്ഞ് വീണ്ടും പുതിയ കുപ്പിയിൽ നിറച്ചു നൽകിയാൽ ജൻ സീ മാത്രമല്ല അതിനു മുൻപുള്ളവരും ഇഷ്ടപ്പെടില്ല, സിനിമ കണ്ടിരിക്കില്ല.
അതുകൊണ്ട് പുതിയ കാലത്തിന്റെ യക്ഷികൾ നീലിയെന്ന പഴയ പേരിൽ വന്നാലും ഡെലൂലുവെന്ന ചെല്ലപ്പേരിൽ വന്നാലും അവർ യൂത്ത് ഐക്കണുകളായി മാറി അൾട്രാ മോഡേൺ അഭിരുചികളെ തൃപ്തിപ്പെടുത്തും. പ്രായഭേദമന്യേ എല്ലാവരും അവരെ ഇഷ്ടപ്പെടുന്നത് നല്ല ലക്ഷണം തന്നെ. ശാക്തീകരണം ഏതുവഴിക്കു വന്നാലും സ്വീകരിക്കണമല്ലോ. 

Exit mobile version