Site iconSite icon Janayugom Online

എവിടെപ്പോയി ഈ ‘E’

അമ്പതിനായിരം ഇംഗ്ളീഷ് വാക്കുകളിൽ എഴുതിയ പുസ്തകമാണ് ഗാഡ്സ്ബി. 1939 ൽ ഏണസ്റ്റ് വിൻസെന്റ് റൈറ്റ് എന്ന എഴുത്തുകാരൻ സ്വയം പ്രകാശിപ്പിച്ചതാണ് ഈ പരീക്ഷണ കൃതി. ഇംഗ്ളീഷിലാണ് രചന. ഈ പുസ്തകത്തിൽ നമ്മൾ എത്ര തപ്പിയാലും ഈ(e) എന്ന അക്ഷരം കാണാൻ കഴിയില്ല. E ഒഴിവാക്കിയതിൽ എന്താണ് പ്രത്യേകത? ഇംഗ്ളീഷ് ഭാഷയിൽ ഏറ്റവുമധികം വാക്കുകളിൽ വരുന്ന അക്ഷരമാണ് E. E യെ ഒഴിവാക്കാൻ വേണ്ടി പകരം കണ്ടെത്തുന്ന വാക്കുകൾ പലതും രസകരമാണ്. ഗാഡ്സ്ബി ആദ്യ എഡിഷനിൽ പ്രിന്റ് ചെയ്തു വന്ന പുസ്തകങ്ങൾ ഇപ്പോഴും മോഹവിലയ്ക്ക് വിറ്റു പോകുന്നുണ്ട്, ഒരു അപൂർവ വസ്തു എന്ന നിലയിൽ. ‘മനപൂർവം തന്നെ ചെയ്തുവച്ചതാണ്.’ ഇതാണ് പുസ്തകത്തിനെക്കുറിച്ചുള്ള ഒരു കമന്റ്. പിന്നെ മറ്റൊരു സ്ത്രീയുടെ വിലയിരുത്തൽ, ‘ആകൃത്രിമമായ കൃത്രിമം’ എന്നാണ്. അത് ഒരു പുകഴ്ത്തലായി എഴുത്തുകാരൻ കണക്കിലെടുക്കുന്നു. അതിനാൽ ഇതൊരു മനപൂര്‍വമുള്ള കെട്ടിച്ചമയ്ക്കലാണ് എന്ന് നല്ലൊരു പങ്ക് ആളുകളും പറയുന്നു. 1906 മുതൽ കുറച്ചു കാലം നടക്കുന്ന ഒരു കഥയാണ് പ്രമേയം. ബ്രാന്റൻ കുന്നുകൾ എന്ന സങ്കല്പ ലോകമാണ് കഥയ്ക്ക് പശ്ചാത്തലമായി റൈറ്റ് തെരഞ്ഞെടുത്തത്. അവിടെ ഭരിക്കുന്ന മേയറാണ് ഗാഡ്സ്ബി. അയാൾക്ക് കൂട്ടായി കുറേ സേവന സന്നദ്ധരായ ചെറുപ്പക്കാരും. നാശത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന തന്റെ നഗരത്തെ സംരക്ഷിക്കാൻ കഷ്ടപ്പെടുന്ന ഒരു മധ്യവയസ്കനായ മേയറാണ് നായകൻ. ഏതാണ്ട് ഇരുപത് വർഷത്തോളം ഈ രീതിയിൽ കഥകൾ നീളുന്നു. ഒന്നാം ലോക മഹായുദ്ധവും കഥയിൽ കടന്നു വരുന്നുണ്ട്. ഒടുവിൽ ഇവരുടെ ശ്രമഫലമായി നഗരജീവിതം മെച്ചപ്പെടുകയും കൂടുതൽ ആളുകൾ ഈ സ്ഥലത്തേക്ക് പാർക്കാൻ വരുകയും ചെയ്യുന്നിടത്ത് നോവൽ അവസാനിക്കുന്നു.

E യെ ഒഴിവാക്കാൻ വേണ്ടി പുസ്തകം ടൈപ്പ് ചെയ്യാനുപയോഗിച്ച ടൈപ്പ്റൈറ്ററിന്റെ കീബോഡിലെ E എന്ന അക്ഷരമുള്ള കീ, എഴുത്തുകാരൻ മറച്ചു വെച്ചുവത്രെ. ഇടയ്ക്കെങ്ങാനും ഓർക്കാതെ ഒരു E ടൈപ്പ് ചെയ്തു പോയാലോ. ആമുഖം കഴിഞ്ഞാൽ പിന്നെ എങ്ങും E ഉപയോഗിച്ചില്ലെന്ന് നാം കാണുന്നു. നാമത്തിലും സർവനാമത്തിലും ഒന്നും E ഇല്ലെന്ന് പ്രത്യേകം ഇനി പറയേണ്ടതില്ലല്ലോ. അതായത് കഥയിൽ ആരെയും he, she, they, them എന്നൊന്നും വിളിച്ചില്ല എഴുത്തുകാരൻ. കാരണം ആ വാക്കുകളിൽ ഒക്കെ ‘E’ എന്ന അക്ഷരമുണ്ട്. ഇംഗ്ളീഷിൽ വളരെ കൂടുതൽ ഉപയോഗിക്കാറുള്ള വാക്കാണ് ‘the’. ഗാഡ്സ്ബിയിൽ ആ വാക്കും കാണാനില്ല. കാരണം E എന്ന അക്ഷരം അതിലുമുണ്ട്. നോക്കൂ എത്ര ശ്രമകരമായ ജോലിയാണ് എഴുത്തുകാരൻ ചെയ്തത്.

ഒരു പ്രത്യേക വാക്കോ അക്ഷരമോ ഒഴിവാക്കി ഒരു ഗ്രന്ഥം രചിക്കുക എന്ന പ്രവണത അതിന് മുൻപും സാഹിത്യ ലോകത്ത് നിലവിലുള്ളതാണ്. ഇത് ഗ്രീക്ക് രചനകളിൽ പണ്ട് മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്നതാണ്. ഇതിന് പറയുന്നത് ‘ലിപോഗ്രാം’ എന്നാണ്. ഗ്രീക്ക് ഭാഷയിലാണ് ഇത്തരം പരീക്ഷണത്തിന്റെ തുടക്കം. പിന്നീട് ചില ഭാഷകളിൽ ചില എഴുത്തുകാർ ശ്രമകരമായ ഇത്തരം പരീക്ഷണത്തിന് ഇറങ്ങുകയുണ്ടായി. കടംകഥകൾ പൂർത്തീകരിക്കുമ്പോലെയുള്ള ഈ രചനാശൈലിക്ക് സമയം കുറച്ചു കൂടുതൽ വേണ്ടി വരും, അതീവ ശ്രദ്ധയും അദ്ധ്വാനം കൂടുതലും. ഇത്തരം രചനകൾക്കും ധാരാളം ആരാധകർ ഉണ്ട്. വായനയുടെ ഒരു ത്രിൽ അനുഭവിക്കുന്ന സന്തോഷം. ഗാഡ്സ്ബിയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ രൂപം തന്നെ ശ്രദ്ധേയമാണ്. ജോണ് കീറ്റ്സ് പാടിയ ‘a thing of beau­ty is a joy for ever’ എന്ന വരിയെ അദ്ദേഹം ഇങ്ങനെ മാറ്റി ഉപയോഗിച്ചിരിക്കുന്നു. ‘A charm­ing thing is a joy always’. E യെ അടുപ്പിക്കാതെ ഉദ്ധരണിയും മാറ്റിയെടുത്തു. പുസ്തകത്തിൽ ഒരിടത്തും ആരെയും മിസ്റ്റർ എന്ന് സംബോധന ചെയ്തിട്ടില്ല കാരണം ആ വാക്കിലും E ഉണ്ട്.

ഭാഷാപരമായി ഒരു എഴുത്തുകാരൻ ഏറ്റെടുക്കുന്ന വെല്ലുവിളിയാണ് ഇത്തരത്തിൽ അക്ഷരമോ വാക്കോ ഒഴിവാക്കി ചെയ്യുന്ന രചന. രസകരമായ വസ്തുത പുസ്തകം എഴുതിയ ഏണസ്റ്റ് വിൻസെന്റ് റൈറ്റിന്റെ പേരെഴുതുമ്പോൾ തന്നെ മൂന്ന് തവണ ‘e’ എന്ന അക്ഷരം വരുന്നുണ്ട് എന്നതാണ്. എന്നിട്ടും എന്ത് കൊണ്ടാണ് ഈ എന്ന അക്ഷരത്തെ ഒഴിവാക്കാൻ എഴുത്തുകാരൻ ശ്രമിച്ചത്? സാഹിത്യത്തിൽ പേരെടുക്കാൻ വേണ്ടിയുള്ള ചെയ്തികളിൽ ഒന്നാണിതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ സാഹിത്യത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്താൻ പുതുമയുടെ വഴി തേടുകയായിരുന്നു താനെന്ന് റൈറ്റ്. ‘e’ ഒഴിവാക്കിയുള്ള വാക്കുകൾക്കായി എത്രയോ തവണ റൈറ്റ് നിഘണ്ടുവിൽ പരതിക്കാണും! പല വാക്കുകളുടെയും ഭൂതകാല രൂപങ്ങൾ വരെ ഒഴിവാക്കപ്പെട്ടു പുസ്തകത്തിൽ, കാരണം എവിടെയും ‘e’ ഒഴിവാക്കാൻ വേണ്ടിയുള്ള ശ്രമത്തിലായിരുന്നു രചയിതാവ്.
കുറെ വർഷങ്ങളുടെ പ്രയത്നം വേണ്ടി വന്നുവത്രേ പുസ്തകം പൂർത്തീകരിക്കാൻ. “കൃത്യമായി ചമച്ച ഒരു കള്ളത്തരത്തിലൂടെയാണ് പുസ്തകം പൂർത്തീകരിച്ചതെന്ന് രചനയുടെ ഘട്ടങ്ങൾ ഓരോന്നും കഴിയുമ്പോൾ താൻ തിരിച്ചറിഞ്ഞിരുന്നുവെന്നും അത്തരമൊരു പരീക്ഷണം ദുർഘടമാണെന്നും” റൈറ്റ് ഒടുവിൽ പറഞ്ഞു. ഇനി അങ്ങനെ ഒന്നിന് ശ്രമിക്കാനാവില്ലെന്നും അദ്ദേഹം ആമുഖത്തിൽ കൂട്ടിച്ചേർക്കുന്നു. പുസ്തകത്തിന്റെ ആമുഖത്തിൽ ഉപയോഗിക്കുന്ന വാക്കുകളിൽ ‘e’ ഉണ്ട്. കാരണം താനെന്താണ് ഇങ്ങനെ ഒരുദ്യമത്തിന് ഇറങ്ങിയത് എന്ന് വായനക്കാർ കൃത്യമായി അറിയണമെങ്കിൽ ‘e’ എന്ന അക്ഷരം ഉപയോഗിക്കുന്ന വാക്കുകൾ വേണമെന്ന് എഴുത്തുകാരൻ തിരിച്ചറിഞ്ഞിരുന്നു.

Exit mobile version