Site iconSite icon Janayugom Online

ഓർമ്മയാണ് ചരിത്രം — കവിതയും

അപ്രതീക്ഷിത നിമിഷങ്ങളിൽ സംഭവിക്കുന്ന ചില പൊള്ളലുകൾ ആണ് പ്രീത ജി പി യുടെ കവിതകൾ. വ്രണിതമായ അത്തരം സംഭവങ്ങൾ വാക്കുകളുടെ പ്രത്യേക അടുക്കുകളോടെ അവതരിപ്പിക്കുമ്പോൾ നോവുന്നത് വായനക്കാരനാണങ്കിൽ അതിൽ കവിതയുണ്ട്. ‘ഹൃദയം സ്കൂളിനെ വരച്ചെടുക്കുന്നു എന്ന് തൊഴിലിടത്തേയും ‘ദോശമാവ് കലക്കി വട്ടത്തിൽ വട്ടത്തിൽ ഒഴിക്കുന്നതിലുണ്ട് പെണ്ണിന്റെ പ്രകൃതി എന്ന് വീട് പെണ്ണിനെ നിർമ്മിക്കുന്നതിനേയും ഒരു പോലെ ആവിഷ്കരിക്കുമ്പോൾ അനുഭവത്തിന്റെ ലാവണ്യത്തെ കവിതയാക്കുകയാണ് പ്രീത ജി പി ചെയ്യുന്നത്. വട്ടത്തിന്റെ അതിരും ദോശമാവ് കല്ലിൽ വീഴുമ്പോഴുണ്ടാകുന്ന പൊള്ളലും ഒരു പെണ്ണിന്റെ (വീടെന്ന സ്ഥാപനത്തിന്റെ) വേവുകളെ അനുഭവിപ്പിക്കുന്നു. അതിവൈകാരികതയോ അതിഭാവുകത്വമോ അമിതമായ ദാർശനിക ഭാരമോ ഈ കവിതകളിൽ തിരയേണ്ടതില്ല. ഒരു കാഴ്ച, ഒരു തലോടൽ, ഒരു കേൾവി, പരിസരങ്ങളിലെ ചലനങ്ങൾ എന്നിവ ചെറിയ വാക്കുകളിൽ അവതരിപ്പിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
“ആർത്തവമുള്ളപ്പോൾ
സ്ത്രീ
ഒരു രാജ്യം പോലെയാണ്
തീണ്ടാരി
ഒരു ആർപ്പുവിളിയാണ് ”
കായലിന്റെ നിശ്ചലതപോലെയാണ് മിക്ക കവിതകളുടേയും സ്വഭാവമെങ്കിലും പെരുക്കങ്ങളും അടിയൊഴുക്കുകളും ഉൾവലിയലുകളും കൊണ്ട് വായനക്കാരന്റെ ആസ്വാദന ബോധത്തെ ഈ കവിതകൾ ചലിപ്പിക്കുന്നുണ്ട്.
സ്കൂളും വീടും സൃഷ്ടിക്കുന്ന അനുഭവപാഠങ്ങളാണ് കവിതകളുടെ പൊതു ലോകമെന്ന് പറയാം. വീടുപണി നടക്കുമ്പോൾ പുഴ മണൽ പാറപ്പൊടി എന്നിവയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ തന്നെ ക്ലാസ് റൂമിൽ പരിസ്ഥിതിയെക്കുറിച്ച് പഠിപ്പിക്കേണ്ടി വരുന്ന സത്വ പ്രതിസന്ധിയും കവിതകളിൽ കടന്നു വരുന്നു. (ക്ളാസിൽ കവിത അഴിച്ചെടുക്കുമ്പോൾ സംഭവിക്കുന്നത്)
“മനസ്സിലൊരു സങ്കട പക്ഷി
ചിലയ്ക്കന്നു
എന്റെ ആശയങ്ങളുടെ
സർവകാല തകർച്ചയിൽ
ഞെട്ടിപ്പോയ ഞാൻ
ചിന്തകളെ ഇരുട്ടിൽ നിർത്തി കതകടയ്ക്കുന്നു.”
ചിന്തകളെ ഇരുട്ടിൽ നിർത്തി കതകടച്ച് ഭയപ്പെടുത്തുന്ന തിരശ്ചീനത നിരന്തരം കടന്നു വരുന്ന പ്രയോഗമാണ്. വിപ്ലവങ്ങളല്ല ചില അലോസരപ്പെടുത്തലുകളാണ് പ്രീത ജി പിയുടെ കവിതകൾ എന്ന് വീണ്ടും പറയേണ്ടിവരുന്നു. “പെൺനിഘണ്ടുവിലെ എല്ലാ അർത്ഥങ്ങളും തെറ്റിച്ചു കൊണ്ട് ഞാനിറങ്ങി നടന്നു. ” പൊതു പെൺബോധത്തിലെ നിത്യമായ ചില സംഭവങ്ങളിൽ നിന്ന് ഇറങ്ങിനടക്കുമ്പോൾ സംഭവിക്കുന്ന ഇന്ദ്രിയ സംവേദനത്വമാണ് കവിതകളുടെ ഇടമായി വായനക്കാരന് കാണാൻ കഴിയുന്നത്. ചരിത്രം എഴുതുന്നത് ഇലയിലാകുമ്പോൾ വീണ്ടെടുക്കന്ന ഓർമ്മകളായി പിറക്കുന്നത് കവിതകളാണ്, വീട്ടിലും സ്ക്കൂളിലും സംഭവിച്ച, സംഭവിച്ച് കൊണ്ടേയിരിക്കുന്ന ആവർത്തനങ്ങളാണ് ഈ സമാഹാരത്തിലെ കവിതകൾ.

ചരിത്രം ഇലയിൽ എഴുതുന്നത്
(കവിത)
പ്രീത ജി പി
ലോഗോസ് ബുക്സ്
വില: 130 രൂപ

Exit mobile version