Site icon Janayugom Online

ഇതിഹാസപൂർണ്ണിമ

ഏതു മഹത്തായ യാത്രയായാലും, ഒന്നാമത്തെചുവട് ഏറെ ആത്മവിശ്വാസത്തോടെ തന്നെ ഉറപ്പിക്കേണ്ടതുണ്ട്. ആ ദൃഢസഞ്ചലനത്തിൽ നിന്നാണ് ഏത് സുദീർഘസഞ്ചാരങ്ങളുടെയും ആദ്യ ലിപി എഴുതപ്പെടുന്നത്. മലയാളസിനിമയ്ക്കായി ആ മഹാദൗത്യത്തിന്റെ ചരിത്രനിർവഹണം നടത്തിയ മഹാമനീഷിയാണ് തന്റെ തൊണ്ണൂറാം വയസ്സിൽ ഡിസംബർ 24 ന് നിത്യനിദ്ര പുൽകിയ കെ എസ് സേതുമാധവൻ. ലോകത്തെല്ലായിടവും സിനിമയുടെ ദീപശിഖ ലൂമിയർ സഹോദരൻമാരിൽ നിന്നും കൈയേറ്റുവാങ്ങിയ അനന്തരതലമുറ ആത്മാവുള്ള സഗൗരവസൃഷ്ടികളുമായി ആ പൈതൃകത്തെ ഇഴ നെയ്തു കോർത്തിട്ടുണ്ട്. എന്നാൽ കെ എസ് സേതുമാധവൻ കേരളീയതയുടെ ഒരു നെടുംകാലത്തെ അതേ ചേറ്റുമണവും പാലൊളിയുമായി പുനഃസൃഷ്ടിക്കുകയായിരുന്നു. നാട്ടിടവഴികളുടെ സ്പന്ദനവും ഗ്രാമീണതയുടെ കൃത്യമായ അലയും ഒലിയും സമൂഹത്തിന്റെ വ്യവഹാരരീതിയും ഓരോ കാല ഋതുവിലും ഏറ്റവും സുഭിക്ഷമായി അടയാളം ചെയ്തു കാണാറുള്ളത് സാഹിത്യകൃതികളിലാണ്. അതേ രക്തധമനികളുടെ ശരിപകർപ്പായി അവയെയൊക്കെയും സെല്ലുലോയിഡിലേക്ക് പുനഃസൃഷ്ടിക്കുക വഴി സേതുമാധവൻ എന്ന മനുഷ്യൻ ഒരേ സമയം കാഴ്ചയുടെ ചരിത്രമെഴുത്തും ചരിത്രത്തിന്റെ കാഴ്ചയെഴുത്തും നിർവ്വഹിക്കുക എന്ന അപൂർവതയാർന്ന ഇരട്ട ദൗത്യമാണ് 1960 മുതൽ 1995 വരെയുള്ള മൂന്നര പതിറ്റാണ്ടു കാലം നടത്തിയത്. മലയാളത്തിന്റെ മഹാഎഴുത്തുകാർ രക്തഗന്ധവും ജീവശ്വാസവും മനോഹാരിതയും സമം ചേർത്ത് അക്ഷരങ്ങളിൽ ചൈതന്യം പടർത്തി സമ്മാനിച്ച കൃതികളെ അവരോട് തോളോട്തോൾ മാത്സര്യവും മാനവചരിതത്തോട് അതുല്യനീതിയും കാട്ടിയാണ് അദ്ദേഹം കാഴ്ചയുടെ മഹാത്ഭുതങ്ങളാക്കി മാറ്റിയതെന്ന് നിസംശയം പറയാം.

ഉണ്ണിയാർച്ച, ശബരിമല അയ്യപ്പൻ, ഭക്തകുചേല, കൃഷ്ണകുചേല… 1960 ൽ സേതുമാധവന്റെ ആദ്യസിനിമയായ ‘ജ്ഞാനസുന്ദരി’ റിലീസ് ചെയ്യുന്നതിന് തൊട്ടു മുൻപ് ഓഗസ്റ്റ്, നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ മലയാളസിനിമകളുടെ ശീർഷകങ്ങൾ ശ്രദ്ധിച്ചാൽ അവയുടെ ഉള്ളടക്കം മാത്രമല്ല അന്നത്തെ മലയാളിയുടെ ആസ്വാദനലഭ്യതയെ പരിഗണിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തിരുന്ന ചലച്ചിത്രഅനുഭവങ്ങളെയും എളുപ്പത്തിൽ മനസിലാക്കാനാവും. വിരൽത്തുമ്പിൽ വിശ്വസിനിമയുടെ വൈവിധ്യങ്ങളെ വേറിട്ടും ഐച്ഛികമായും നിർണ്ണയിച്ചനുഭവിക്കാൻ സൗഭാഗ്യം സിദ്ധിച്ച പുതുതലമുറ പ്രേക്ഷകർക്ക് ഈ കാഴ്ച്ചാദാരിദ്ര്യത്തിന്റെ കഥകൾ അവിശ്വസനീയമായി തോന്നിയേക്കാം. ആ വരൾച്ചയിലേക്കാണ് സേതുമാധവന്റെ ഐതിഹാസിക പാടവം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആരംഭിച്ചത്. അതിനായി അദ്ദേഹം പി കേശവദേവിനെയും തകഴിയേയും പാറപ്പുറത്തിനെയും മലയാറ്റൂരിനെയും തോപ്പിൽഭാസിയെയും പമ്മനെയും സി എൻ ശ്രീകണ്ഠൻനായരെയും സി രാധാകൃഷ്ണനെയും പത്മരാജനെയും, എംടിയേയും ഒക്കെ നിർലോഭം ആശ്രയിച്ചു. ഒരേ സ്വഭാവമുള്ള കഥകളെന്ന ലായത്തിനു ചുറ്റും വട്ടം കറങ്ങി വശം കെട്ട മലയാളത്തിന്റെ മാത്രമല്ല അഞ്ചു ഭാഷാസിനിമകളുടെ രസനയിലേക്കാണ് സേതുമാധവൻ തന്റെ ചിന്താമധുരത്തെ ആവോളം വീഴ്ത്തി ധന്യമാക്കിയത്. അംഗീകാരപ്പെരുമയുടെയും കൈയ്യടിച്ചാർക്കലിന്റെയും എണ്ണം പറഞ്ഞ തുല്യംചാർത്തലുകൾ… കലാനിപുണതയുടെ ഒന്നാന്തരം കാലാതീത അടയാളങ്ങൾ…

പൊലീസ് സേനയിൽ സബ്ഇൻസ്പെക്ടർ തസ്തികയിലിരുന്നു പുന്നപ്ര‑വയലാർ സമരകാലഘട്ടത്തിൽ പരശതം കമ്മ്യൂണിസ്റ്റുകാരെ തല്ലിച്ചതക്കാൻ നിയോഗിക്കപ്പെട്ട സത്യനേശൻ നാടാരെ സത്യൻ എന്ന വലിയ നടനും താരവും ആയി വളർത്തി എടുക്കാൻ ഏറെ യത്നിച്ച സേതുമാധവൻ ഏതു ചെങ്കൊടിയേയും തത്വസംഹിതയേയും തച്ചുതകർക്കാനാണോ പലവുരു സത്യന്റെ കൈ ഉയർന്നത് അതേ കൈകളിൽ ചെങ്കൊടിയും ചുണ്ടിൽ ഈങ്ക്വിലാബും തിരുകി വെയ്ക്കുക വഴി കാലത്തിനു നിർവഹിക്കേണ്ടതായ ഒരു കാവ്യനീതിക്ക് ബോധപൂർവ്വം തന്നെ കോപ്പ് കൂട്ടി നൽകുകയായിരുന്നു. പഴയ ഇടിയൻ പോലീസിനെ ഇടികൊള്ളുന്ന സഖാവായി കൂടുതൽ തവണ പരിവർത്തനപ്പെടുത്തി അവതരിപ്പിച്ച സംവിധായകൻ എന്ന ഖ്യാതിയുടെ ആത്മനിർവൃതി മാത്രമായിരുന്നിരിക്കില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ആ മനുഷ്യൻ എക്കാലവും താൻ ഇടപെട്ട മേഖലയുടെ ചരിത്രത്തെ തന്നെയാണ് വിരൽ പിടിച്ചു നടത്താൻ കിണഞ്ഞു ശ്രമിച്ചിട്ടുള്ളതെന്നതിന് മലയാളസിനിമയുടെ ചരിത്രം തന്നെയാണ് അനുഭവസാക്ഷ്യം. എബ്രഹാം തോമസ് കോവൂർ എന്ന കേരളീയ നാസ്തികസമൂഹത്തിന്റെ ആചാര്യനെ ഉപലബ്ധിച്ചു സിനിമ ചെയ്യാൻ കടുത്ത ഈശ്വരവിശ്വാസിയായിരുന്നിട്ടും യാതൊരു മടിയുമുണ്ടായില്ല എന്നിടത്തു മാധ്യമത്തിനു നേർക്ക് ആ മനുഷ്യൻ വെച്ചുപുലർത്തിയ കലവറയില്ലാത്തതും ധീരവുമായ സമീപനത്തിന്റെ വലിയ ഉദാഹരണവും ബാക്കി നിൽക്കുന്നുണ്ട്. തമിഴ്നാടിന് സേതുമാധവൻ വിശ്വോത്തരകലാകാരനായ കമൽഹാസനെ മാത്രമല്ല സംഭാവന ചെയ്തത് ‘മറുപക്കം’ എന്ന ചിത്രത്തിലൂടെ ആദ്യമായി ദേശീയതലത്തിൽ അവരെ പുരസ്കൃതരാക്കുകയും ചെയ്തു.
ലോകം കീഴടക്കിയ തെന്നിന്ത്യൻ താരം കമൽഹാസന്റെ ബാലതാരമായുള്ള സിനിമയിലേക്കുള്ള കാൽവെയ്പ്പായ ‘കണ്ണും കരളും’ എന്ന സിനിമ പ്രണയവും, പ്രണയഗാനങ്ങളും ഉൾക്കൊള്ളിക്കാതെ സൃഷ്ടിച്ചതും അന്നത്തെ തലമുറ നാളതുവരെ പരിപാലിച്ചു വന്നിരുന്ന സംവേദനതയുടെ വ്യാകരണത്തെ കൃത്യമായി പൊളിച്ചെഴുതി ടാക്കീസിൽ ചലനം സൃഷ്ടിക്കുകയും ചെയ്തു. അതിന്റെ തന്നെ ഒരു ഉപശാഖാപ്രവർത്തനം എന്ന നിലക്കാണ് പ്രേംനസീറിനെ ആദ്യമായി പ്രതിനായകവേഷത്തിൽ അവതരിപ്പിച്ച് അദ്ദേഹത്തിനായി ചിത്രത്തിൽ ഒരു റേപ്പ് സീൻ ഉൾക്കൊള്ളിക്കുകയും ചെയ്ത ‘അഴകുള്ള സെലീന’ എന്ന ചലച്ചിത്രം നിർമ്മാണവും, സംവിധാനവും ചെയ്തു പുറത്തിറക്കിയത്.

ചിരിപ്പിക്കുക എന്ന കേവലധർമ്മത്തിൽ നിന്നും അടൂർ ഭാസിയെയും, ബഹദൂറിനെയും ഗൗരവപരിസരങ്ങളിലേക്ക് പരിവർത്തനപ്പെടുത്തിയതും കേരളീയചലച്ചിത്രലോകത്തിന്റെ അദ്വിതീയനായ ഈ പ്രവാചകമനസ് തന്നെ ആയിരുന്നു.
വയലാർ രാമവർമ്മ എന്ന മലയാളത്തിന്റെ ഗാനരചയിതാവിനെയും, യേശുദാസിനെയും ദേശീയശ്രദ്ധയുടെ നെറുകിലേക്കുയർത്തിയ ‘അച്ഛനുംബാപ്പയും’ നായകനായുള്ള കമൽഹാസന്റെ അരങ്ങേറ്റം (കന്യാകുമാരി ), മലയാളിയുടെ സ്വകാര്യഅഹങ്കാരമായ മമ്മൂട്ടിയെ സിനിമയിലേക്ക് അവതരിപ്പിച്ചത് (അനുഭവങ്ങൾ പാളിച്ചകൾ)ദേശീയ അവാർഡ് ജേതാവും, ഇന്ന് രാജ്യസഭാ അംഗവുമായിരിക്കുന്ന സുരേഷ്ഗോപിയുടെ ബാലതാരമായുള്ള അരങ്ങേറ്റം (ഓടയിൽ നിന്ന് ), കെപിഎസി ലളിതയെ സിനിമയിൽ അവതരിപ്പിച്ചത് (കൂട്ടുകുടുംബം ), പ്രതിനായക വേഷങ്ങളുമായി ഭയം വിതറി നിറഞ്ഞാടിയ ബാലൻ കെ നായരെ ദേശീയഅവാർഡ് ജേതാവ് ആക്കിയത് (ഓപ്പോൾ ),ഗാനഗന്ധർവ്വന് സംഗീതസംവിധായകന്റെ മേലങ്കി കൂടി നൽകി വിജയിപ്പിച്ച ‘അഴകുള്ള സലീന’ (മരാളികേ, മരാളികേ.. പുഷ്പഗന്ധീ… ), ഉദയാ സ്റ്റുഡിയോയുടെ ഇൻഡോർ ഫ്ലോറിൽ കിടന്നു നട്ടം തിരിഞ്ഞ നമ്മുടെ സിനിമയെ കൈ പിടിച്ചു പുറം ലോകം കാണിച്ച പിന്നെയും എത്രയധികം ആവിഷ്ക്കാരങ്ങൾ. ലൈൻ ബസ്, കോട്ടയം കൊലക്കേസ്, സ്ഥാനാർഥി സാറാമ്മ (മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കൽ സറ്റയർ), ഓടയിൽ നിന്ന്, പണിതീരാത്ത വീട്, അര നാഴിക നേരം, കന്യാകുമാരി, ചട്ടക്കാരി…

ഒരിക്കലും ഇടറാത്ത ഒരു മധുരഗാനമായിരുന്നു സ്വയം ആ മനുഷ്യൻ എങ്കിൽ ഒരിക്കൽ പോലും കോംപ്രമൈസ് ചെയ്യാത്ത ഒന്നായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനവിഭാഗം. എത്ര പാടികേട്ടാലും പതിൻമടങ്ങായി ശ്രവണമധുരിമ ഇരട്ടിക്കുന്ന നൂറുകണക്കിനു ഗാനങ്ങൾ. ശിവാജി ഗണേശൻ, എം ജി ആർ, സഞ്ജീവകുമാർ, ഉത്പൽദത്ത് സത്യൻ, നസീർ, കമൽഹാസൻ, സുരേഷ് ഗോപി, സോമൻ, ജയൻ, നെടുമുടി വേണു, മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, സുധീഷ്, ശാരദ, ഷീല, ജയഭാരതി, കെപിഎസി ലളിത, ശ്രീദേവി, സുകുമാരി, അംബിക(സീനിയർ)ശോഭന… അങ്ങനെ അങ്ങനെ ഈ സംവിധായകന്റെ ശാസനക്കും നിർദേശങ്ങൾക്കും ചെവികൂർപ്പിച്ചു കാത്തിരുന്നത് യുഗനായകരും തലമുറകളുമാണ്. എത്ര വാഴ്ത്തിയാലും വാക്കുകൾ മതിയാവാതെ വരുന്ന ഒന്നാണ് അദ്ദേഹത്തിന്റെ അനുപമായ വ്യക്തിത്വം… സിംഹള ഭാഷയിലായിരുന്നു ആരംഭമറിയിക്കലെങ്കിൽ (വീരവിജയ) തമിഴിലും (നമ്മവർ) തെലുങ്കിലും (സ്ത്രീ)കലാശക്കൊട്ടു നടത്തി വേദി വിടാനായിരുന്നു കെ എസ് സേതുമാധവന്റെ നിയോഗം. നൂറ്റാണ്ടുകൾ കൂടുമ്പോഴാണ് ഇങ്ങനെയുള്ള പൂർണ്ണതയാർന്ന മനുഷ്യർ മാനവകുലത്തിൽ വന്നു പിറക്കുക. ഇനി ഏതു നൂറ്റാണ്ടിലാണ് ഇതുപോലൊരു ഇതിഹാസപൂർണ്ണിമ നമ്മുടെ വിണ്ണിൽ നക്ഷത്രശോഭയോടെ ഉദിച്ചുയരുക…?

Exit mobile version