വനകന്യകേ
വരുന്നു ഞാനും
നിന്റെ മാറിൽ ചുരന്ന
പുഷ്പഗന്ധവും
നിന്റെയാത്മാവിലൂറിയ
ജീവാമൃതകണങ്ങളും
നുകരുവാൻ
ചന്ദനച്ചോലയിൽ നീന്തിത്തുടിച്ചു
നിന്നെയറിയുവാൻ
വരുന്നു ഞാനും…
നിന്നിൽ മയങ്ങി
വല്മീകങ്ങൾ തീർത്ത
നിഷാദങ്ങളെ തച്ചുടയ്ക്കണം
ധ്യാനനിമഗ്നനായോരാദികവിയുടെ
രാമകഥ പിന്നെയും കേൾക്കണം.
കണ്വാശ്രമത്തിൽ
ശകുന്തങ്ങൾ പോറ്റിയ
പെണ്ണിന്റെ മോതിരംപോയ
ശാപകഥയറിയണം.
രാജ്യം നഷ്ടമായ്
വനത്തിലലഞ്ഞ
രാജകുമാരൻമാരുടെ
വ്യഥയിൽ കുതിർന്ന
ഗാഥയും കേൾക്കണം.
കാട്ടിൽ ജനിച്ച മണികണ്ഠന്റെ
തത്വമസിയുടെ സത്യമറിയണം.
കാട്ടിലെ കുഞ്ഞുങ്ങടെ
രോദനം സഹിയാതെ
കാതുപൊത്തിക്കരഞ്ഞ
ഭാഷാകവിയുടെ
ആത്മനൊമ്പരം മറക്കണം.
പല മരം മുറിക്കുമ്പോളൊരു
കൊച്ചു വിത്തെങ്കിലും
മണ്ണിൽ വിതച്ചു കണ്ണീരാൽ നനച്ചു
ജീവിതവുമർപ്പിച്ച സുഗതയുടെ
കവിതയും ചൊല്ലണം,
ഭൂമിയ്ക്കു നവജീവൻ പകരുവാൻ
എന്നാൽ കഴിവതുമൊരുക്കണം.
കാട്ടുമാങ്കനികളും
കാട്ടുപെണ്ണിന്റെ ചൂടും
ചുണ്ടിലൂറും മധുകണവും
കാട്ടുകരുത്തിൽ മെരുങ്ങും മൃഗങ്ങളും
വേണ്ടെനിക്ക്.
കാട്ടുപച്ചയൊരനുഭൂതിയായ്
മാറ്റണം,
കാട്ടുമക്കളുടെ ചിന്തയിൽ
പൂക്കുന്ന പാട്ടും
കാട്ടുമൊഴികളും
കേട്ടാഴത്തിൽ പഠിക്കണം.
പേടിവേണ്ട
നിങ്ങളെ തൊട്ടശുദ്ധമാക്കില്ല
ഞാൻ വരുംവഴി വിതറരുതേ
മുള്ളും മുരുക്കും
ശാപവാക്കുകളും.
നേരിന്റെ മക്കളേ,
ഒരുമാത്രയെങ്കിലും നിങ്ങളെ
നമിക്കുവാൻ
വരുന്നു ഞാനും.
വന്നൊന്നു കണ്ടു
തൊഴുതു വലംവച്ചു പോരാം
നിങ്ങടെ പുണ്യത്തിൻ കീർത്തനം
നാട്ടിൽ പലവുരു പാടാം
നിങ്ങൾക്കായ് പുനർജീവനമന്ത്രം
രചിക്കാം.
പിന്നെയൊരിക്കൽ കൂടി
ഞാൻ വരും
നീയനുവദിച്ചാൽ
നിന്നിൽ വിലയിക്കുവാൻ
മാത്രമായ് കാടേ…
അന്നു ഞാനൊരു മരമായ്
നിന്നിൽ നിറയുന്ന വസന്തമാകാം
നാളെതൻ പ്രതീക്ഷയാകാം
ജീവന്റെ പുനർജ്ജന്മമാകാം.
അന്നു ഞാൻ
കാടിന്റെ പുത്രനാകാം
കാടിന്റെ നന്മയാകാം
കാടിൻ സനാതനധർമ്മമാകാം.