Site icon Janayugom Online

കളഞ്ഞു പോയ പുഞ്ചിരി

കളഞ്ഞുപോയ പുഞ്ചിരി
ഇന്നലെയെനിക്കു തിരികെ കിട്ടി
വലിഞ്ഞു മുറുകിയ ഞരമ്പുകൾക്കിടയിൽ
മുഖത്തിൽ തന്നെ
അതൊളിച്ചിരിക്കുകയായിരുന്നു
നിറമിഴികളിൽ തീവ്രനൊമ്പരങ്ങളുമായി
നിരാശയുടെ ശൂന്യമായ
മാറാപ്പിൽ,
വിധിവാക്യങ്ങളോർത്ത്
വിലപിച്ചിരിക്കുകയായിരുന്നു
പൊയ്മുഖങ്ങളണിഞ്ഞവർക്കിടയിൽ,
മായാത്ത പൊള്ളലുകളെ,
ഉരുൾപൊട്ടലുകളെ
ഭയന്നൊളിച്ചിരിക്കുകയായിരുന്നു
ചിതലരിച്ചുതുടങ്ങിയ
ഉന്മാദ ചിന്തകളുടെ
ഗോപുര മുകളിൽനിന്ന്
പഴിചാരലുകളുടെ
കുമ്പസാരക്കൂടുകളിലേയ്ക്ക്
നിപതിക്കുമ്പോൾ നെടുവീർപ്പുകളുമായി
വിലക്കപ്പെട്ട പറുദീസകളിൽനിന്നും
നിസ്സഹായതയോടെ ഓടിയൊളിക്കുകയായിരുന്നു
താളംതെറ്റിയ ചിന്തകളിൽ
വരദാനമായി കിട്ടിയ നന്മകളത്രയും
ഹൃത്തിൽ നിറച്ചപ്പോൾ,
അശാന്തി പടർത്തുന്ന
ഓർമ്മകളിൽനിന്നും
സമാധാനത്തിന്റെ പുതിയ നിയമങ്ങളുമായി
ഹൃദയത്തിൽ പൂത്തുലയുന്ന
സ്നേഹോദ്യാനത്തിന്റെ കവാടത്തിനരികെ,
കളഞ്ഞുപോയ പുഞ്ചിരിയി-
ന്നലെ തിരികെയെനിക്കു കിട്ടി.

Exit mobile version