അഭിനയകലയായ കൂടിയാട്ടത്തിന് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് പന്ത്രണ്ട് ദിവസങ്ങൾ നീണ്ടുനിന്ന അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിലെ മുപ്പത്തിയഞ്ചാമത് കൂടിയാട്ടമഹോത്സവം സമാപിച്ചു. ജനുവരിയിലും ജൂലായിലുമായി രണ്ട് കൂടിയാട്ടമഹോത്സവങ്ങള്‍ അമ്മന്നൂർ ഗുരുകുലം എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. ഗുരുകുലത്തിലെ കലാകാരന്മാരും വിദ്യാർത്ഥികളും പ്രധാനമായി പങ്കെടുക്കുന്ന ജനുവരിയിലെ മഹോത്സവത്തിൽ പ്രധാനപ്പെട്ട ഒരു കൂടിയാട്ടത്തിന്റെ നിർവ്വഹണമടക്കമുള്ള സമ്പൂർണാവതരണം നടന്നു. ജൂലായിൽ ഗുരു അമ്മന്നൂർ മാധവച്ചാക്യാരുടെ ഓർമ്മയ്ക്കായി നടത്തിവരുന്ന ‘ഗുരുസ്മരണ’ മഹോത്സവം കേരളത്തിലെ വിവിധ കൂടിയാട്ടകലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തിവരാറുള്ളത്.
1960കളിൽ പൈങ്കുളം രാമച്ചാക്യാർ തുടങ്ങിവെച്ച കൂടിയാട്ടത്തിന്റെ നവോത്ഥാനം ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ വിദ്യാർത്ഥിനീവിദ്യാർത്ഥികൾ ഈ കലാരൂപം പഠിക്കുവാൻ താല്പര്യത്തോടെ മുന്നോട്ട് വരുന്നത്. തുടർന്ന് ഗുരു വേണു ജി എന്ന മഹാപ്രതിഭയും അഭിനയചക്രവർത്തിയായ ഗുരു അമ്മന്നൂർ മാധവച്ചാക്യാരും കണ്ടുമുട്ടിയപ്പോൾ അത് കൂടിയാട്ട ചരിത്രത്തിലെ വലിയ നാഴികക്കല്ലായി. ഇരിങ്ങാലക്കുട മാധവ ചാക്യാർ എന്നറിയപ്പെട്ടിരുന്ന നാട്യപ്രതിഭയെ ലോകമറിയുന്ന പദ്മഭൂഷൻ ഡോ. ഗുരു അമ്മന്നൂർ മാധവ ചാക്യാർ ആയി അറിയപ്പെടുത്തുന്നതിൽ വേണു ജി യുടെ പങ്ക് വളരെ വലുതാണ്. അവർ രണ്ടു പേരും ചേർന്ന് സ്ഥാപിച്ച ഗുരുകുല രീതിയിലുള്ള കൂടിയാട്ട പഠന കേന്ദ്രമാണ് ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന അമ്മന്നൂർ ചാച്ചുച്ചാക്യാർ സ്മാരക ഗുരുകുലം. ഒരു കലാപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത വിദ്യാർത്ഥികളാണ് ഗുരുകുലത്തിലെ ഇന്നത്തെ പുതുമുഖങ്ങൾ. പുരുഷ വേഷങ്ങൾക്ക് വിദ്യാർത്ഥികൾ കുറവായ ഈ കാലഘട്ടത്തിൽ ഗുരുകുലത്തിലെ മൂന്ന് ആൺകുട്ടികൾ കൂടിയാട്ട കലയുടെ ഭാവിക്ക് മുതൽക്കൂട്ടാകും എന്നു തന്നെ പ്രതീക്ഷിക്കാവുന്നതാണ്. സ്വന്തം താല്പര്യപ്രകാരമാണ് ഈ കലാരൂപം പഠിക്കുവാൻ മുന്നോട്ട് വന്നത് എന്നാണ് വിദ്യാർത്ഥികളായ തരുൺ , ശങ്കരൻ, കൃഷ്ണദേവ് എന്നിവർ പറയുന്നത്.
പെൺകുട്ടികൾ ഉൾപ്പെടെ പത്തോളം വിദ്യാർത്ഥികളാണ് ഇന്ന് അമ്മന്നൂർ ഗുരുകുലത്തിൽ ഈ അഭിനയകല പഠിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ അവരുടെ കൂടിയാട്ടപഠനത്തിനുണ്ട്. കേവലം യുവജനോത്സവത്തിന് വേണ്ടി മാത്രം കല പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കലാപഠനങ്ങൾ വേറിട്ടുനില്ക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പോലും കൂടിയാട്ടമഹോത്സവങ്ങൾ ഗുരുകുലം മുടക്കിയിട്ടില്ല. ഇവിടത്തെ കലാകാരന്മാർ തന്നെയാണ് ഓരോ മഹോത്സവത്തിന്റെ സംഘാടനവും അതിന്റെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സമാഹരണവും നടത്തുന്നത്. സഹൃദയരായ ഒരു പറ്റം കലാസ്നേഹികളുടെ സാമ്പത്തികവും ആശയപരമായുമുള്ള പിന്തുണ അവർക്ക് പ്രചോദനമാകുന്നു. രംഗകലകളുടെ വളർച്ചക്കും നിലനില്പിനും ഇത്തരം പിന്തുണകൾ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഗുരുകുലത്തിലെ വിദ്യാർത്ഥികൾ തങ്ങളുടെ പതിവ് സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പംതന്നെ കൂടിയാട്ടപഠനത്തിന് സമയം കണ്ടെത്തുകയും ചൊല്ലിയാട്ടങ്ങൾക്കെത്തുകയും മാസംതോറും രംഗപരിചയാവതരണങ്ങൾക്ക് മുൻകൈ എടുക്കുകയും ചെയ്യുന്നുണ്ട്.
പദ്മഭൂഷൺ ഗുരു അമ്മന്നൂർ മാധവച്ചാക്യാരുടെ നേരിട്ടുള്ള ശിഷ്യരായ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ, ഉഷാ നങ്ങ്യാർ, സൂരജ് നമ്പ്യാർ, കപില വേണു, സരിത കൃഷ്ണകുമാർ, ഡോ. അപർണ്ണ നങ്ങ്യാർ തുടങ്ങിയ മുൻനിര കൂടിയാട്ടം കലാകാരന്മാരുടെ പ്രകടനങ്ങളോടൊപ്പം പുതുതലമുറയിലെ വളർന്നുവരുന്ന കലാകാരിയും ഉഷാ നങ്ങ്യാരുടെ ശിഷ്യയും മകളുമായ ആതിര ഹരിഹരനും അരങ്ങിലെത്തി. അശോകവനികാങ്കത്തിലെ മണ്ഡോദരിയുടെ നിർവ്വഹണത്തോടെയുള്ള അവതരണവും തോരണയുദ്ധം കൂടിയാട്ടത്തിന്റെ സമ്പൂർണ്ണാവതരണവുമായിരുന്നു മഹോത്സവത്തിന്റെ ഉള്ളടക്കം.
പ്രശസ്ത കൂടിയാട്ടം കലാകാരി ഉഷാ നങ്ങ്യാർ ചിട്ടപ്പെടുത്തി സംവിധാനം ചെയ്ത മണ്ഡോദരിയുടെ അഞ്ചു ദിവസങ്ങൾ നീണ്ട അവതരണം രാവണ കഥാപാത്രങ്ങളുടെ ഭാവപ്പകർച്ചയ്ക്ക് ഉതകുന്ന രീതിയിലായിരുന്നു. സ്ത്രീ കഥാപാത്രമായ മണ്ഡോദരിയുടെ മയനായും രാവണനായും മറ്റുമുള്ള പകർന്നാട്ടങ്ങൾ ശ്രദ്ധേയമായി. ഏഴു ദിവസങ്ങൾ നീണ്ടുനിന്ന തോരണയുദ്ധം കൂടിയാട്ടത്തിന്റെ സമ്പൂർണാവതരണത്തിൽ ആറു ദിവസവും രാവണനായും ശങ്കുകർണ്ണനായും വിഭീഷണനായും കുട്ടിക്കലാകാരന്മാർ മാധവനാട്യഭൂമിയുടെ അരങ്ങിന് മാറ്റുകൂട്ടി. ഓരോ ദിവസവും ഏതാണ്ട് മൂന്നു മണിക്കൂറോളം ആട്ടവിളക്കിന്റെ മുമ്പിൽ നിൽക്കാനുള്ള ചൊല്ലിയാട്ടമികവ് കുട്ടികൾ കാണിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. അഞ്ചു വർഷത്തിൽ താഴെയുള്ള ചുരുങ്ങിയ കാലയളവിൽ ഒട്ടും അനുകരണസ്വഭാവമില്ലാതെ കളരിയിൽ നിന്ന് സ്വായത്തമാക്കിയ മികവോടെ ഈ കുട്ടിക്കലാകാരന്മാർ ഇത്തരമൊരവതരണം നടത്തി എന്നത് ശ്ലാഘനീയമാണ്. തങ്ങളുടെ ആശാന്മാരോടൊപ്പം വേദി പങ്കിടാൻ സാധിച്ചതിലെ സന്തോഷവും ചാരിതാർത്ഥ്യവും കുട്ടികൾ മറച്ചുവെക്കുന്നില്ല. ഇവരുടെ കലാപ്രയാണത്തിന് തുടർച്ചയും സാധനയും അനിവാര്യമാണ്.
കൂടിയാട്ടം എന്ന മഹത്തരകലയെ യുനെസ്കോ അനശ്വര പൈതൃകകലാരൂപമായി അംഗീകരിച്ച് രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കാലപ്രമാണത്തിൽ ഇന്നും ഇത് പിന്നാക്കമായി തുടരുകയാണ്. കൂടിയാട്ടം പോലുള്ള രംഗാവതരണങ്ങൾക്ക് അനുയോജ്യമായ രംഗകലാവേദികളാണ് കൂത്തമ്പലങ്ങൾ. എന്നാൽ ഇന്ന് പല ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളും ജീർണ്ണാവസ്ഥ നേരിടുകയും മറ്റിടങ്ങളിൽ അവതരണങ്ങൾ സാമുദായികതലങ്ങളിൽ മാത്രം ഒതുങ്ങുകയും ചെയ്യുന്നു. ഈ അവസ്ഥ മാറണം. ഏതൊരു കലയ്ക്കും കലാകാരനും ആവശ്യം അരങ്ങുകൾ ലഭിക്കുക എന്നതാണ്. അരങ്ങിലൂടെ മാത്രമേ കലയ്ക്ക് വളർച്ച ഉണ്ടാകൂ. യുവതലമുറയ്ക്ക് അരങ്ങുകൾ ലഭിക്കാത്തതുകൊണ്ട് അവരുടെ കലാസൃഷ്ടികൾക്ക് തടസ്സം സംഭവിക്കരുത്. അത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.