Site iconSite icon Janayugom Online

സംഗീതം എഴുത്ത് ജീവിതം

സംഗീതം ജീവിതവ്രതമായി കൊണ്ടുനടക്കുന്നവർ ധാരാളമുണ്ട്. എന്നാൽ സംഗീതത്തെ ധനാഗമ മാർഗമായി കാണുന്നവരും കുറവല്ല. വർത്തമാനകാലത്ത് സംഗീതത്തെ ഒരു തപസ്യപോലെ സമീപിക്കുന്നവരുമേറെ. ചെറുപ്രായത്തിൽ തന്നെ സംഗീതലോകത്തെത്തി പാട്ടും എഴുത്തും പ്രഭാഷണവുമെല്ലാമായി അരനൂറ്റാണ്ട് പിന്നിടുകയാണ് വി ടി മുരളി. സംഗീതാസ്വാദകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗപ്പെടുന്ന 12 പുസ്തകങ്ങളാണ് വി ടി മുരളിയുടേതായി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രിയ കവി വി ടി കുമാരൻമാസ്റ്ററുടെ പുത്രനും മലയാളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ വി ടി മുരളി മനസുതുറക്കുന്നു, സംഗീതവും എഴുത്തും ജീവിതവും…

സംഗീതം
കുട്ടിക്കാലത്താണ് ഞാനെന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. സംഗീത ജീവിതം എന്ന് അതിനെ പറയനാകുമോ എന്നറിയില്ല. വളരെക്കുട്ടിക്കാലം മുതൽക്കെ പാടുമായിരുന്നു. വീട്ടിൽ വരുന്ന അച്ഛന്റെ സുഹൃത്തുക്കൾ കൗതുകത്തോടെ എന്നെക്കൊണ്ട് പാടിക്കുമായിരുന്നു. അന്ന് നല്ല രീതിയിൽ പാടുമായിരുന്നുവെന്ന് അമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. സംഗീതവുമായി എന്നെ ആദ്യമായി ബന്ധിപ്പിക്കുന്നത് വടകര കൃഷ്ണദാസ് മാസ്റ്ററാണ്. ആദ്യകാലം മുതൽക്കെ കൃഷ്ണദാസ് മാസ്റ്ററുടെ പാട്ടുകൾക്ക് ചുവപ്പിനോട് ആഭിമുഖ്യമുണ്ടായിരുന്നു. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത് കൃഷ്ണദാസ് മാസ്റ്ററിൽ നിന്നാണ്. ലളിതഗാനത്തിനായാലും കൃഷ്ണദാസ് മാസ്റ്ററുടെ പാട്ടുകളാണ് കൂടുതലായി പാടിയിട്ടുള്ളത്. അതിൽത്തന്നെ ഏറേയും അച്ഛൻ എഴുതിയ പാട്ടുകളായിരിക്കും. അന്ന് പ്രാദേശിക നാടകഗാനങ്ങൾക്കെല്ലാം സംഗീതം നൽകിയത് കൃഷ്ണദാസ് മാസ്റ്ററാണ്. അവിടെയൊക്കെ ഫീമെയിൽ വോയ്സിനായി എന്നെയായിരുന്നു കൊണ്ടുപോയിരുന്നത്. അന്ന് മിക്ക നാടകങ്ങളിലും കുട്ടികളാണ് സ്ത്രീശബ്ദത്തിൽ പാടിയിരുന്നത്. അച്ഛന്റെ പ്രേരണയാലായിരുന്നു കൃഷ്ണദാസ് മാസ്റ്റർ സംഗീതം അഭ്യസിക്കുന്നത്. നാടകപ്രസ്ഥാനങ്ങളുമായി പ്രത്യക്ഷമായും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളിൽ പരോക്ഷമായും അച്ഛൻ ബന്ധപ്പെട്ടിരുന്നു.

 

 

അഞ്ചാംക്ലാസ് മുതൽത്തന്നെ സ്കൂൾ തലങ്ങളിൽമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പ്രീഡിഗ്രിക്ക് മടപ്പള്ളി കോളേജിൽ പഠിക്കുമ്പോഴാണ് സംഗീത നാടക അക്കാദമിയുടെ ഒരു മത്സരത്തിൽ എനിക്ക് സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം ലഭിക്കുന്നത്. അന്ന് സംഗീതനാടക അക്കാദമിയിൽ യേശുദാസ് ചെയർമാനും എം സി അപ്പുണ്ണി നമ്പ്യാർ വൈസ്ചെയർമാനുമായിരുന്നു. അതുകഴിഞ്ഞ് സംഗീത കോളേജിൽ പഠിക്കണമെന്ന് ആഗ്രഹമുണ്ടായി. അന്ന് ക്ലാസിക്കൽ സംഗീതത്തിൽ വിദഗ്ധരായവർ വടക്കൻ കേരളത്തിൽ കുറവായിരുന്നു. അച്ഛൻപോലുമറിയാതെയാണ് 1975 ൽ ഞാൻ സംഗീതകോളേജിലേക്ക് അപേക്ഷയയക്കുന്നത്. സംഗീത അധ്യാപകനായി ജോലിചെയ്യാൻ മാത്രമായി സംഗീതം അഭ്യസിക്കരുതെന്നും സംഗീതത്തിൽ വൈദഗ്ധ്യം തെളിയിക്കാൻ കഴിയണമെന്നുമായിരുന്നു അച്ഛന്റെ അഭിപ്രായം. ലക്ഷണയുക്തമായി സംഗീതം അഭ്യസിക്കുന്നത് സംഗീതകോളേജിൽ വെച്ചാണ്. കുമാരകേരളവർമ്മ, ജി സീതാലക്ഷ്മി, ആവണീശ്വരം രാമചന്ദ്രൻ, സുകു തുടങ്ങി പ്രഗത്ഭമതികാളായ അധ്യാപകർക്കുകീഴിൽ അവിടെ സംഗീതം അഭ്യസിക്കാൻ കഴിഞ്ഞു. പുതുക്കോട് കൃഷ്ണമൂർത്തി, മാവേലിക്കര പ്രഭാവർമ്മ, നെല്ലൈ കൃഷ്ണമൂർത്തി തുടങ്ങിയ സംഗീത ഗുരുക്കളുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു. എം എസ് സുബ്ബലക്ഷ്മി, ശെമ്മങ്കുടി തുടങ്ങിയ പ്രഗത്ഭമതികളുടെ സംഗിതക്കച്ചേരി കേൾക്കാൻ കഴിഞ്ഞു. തിരുവനന്തപുരത്തെത്തുമ്പോൾ ഇവരെല്ലാം സംഗീതകോളേജിൽ എത്തുകയും ഞങ്ങൾക്കുവേണ്ടി പാടുകയും ചെയ്യുമായിരുന്നു. സംഗീതത്തോടുള്ള ആഭിമുഖ്യം വേറൊരുഘട്ടത്തിലേക്ക് എത്തുന്നത് ഇതോടെയാണ്.

 

ഒരുപാട് സംഗീതജ്ഞരമായി ബന്ധം സ്ഥാപിക്കാൻ സംഗീതകോളേജിലെ പഠനത്തിലൂടെ കഴിഞ്ഞു. അടുത്തിടെ അന്തരിച്ച മാവേലിക്കര സുബ്രഹ്മണ്യൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ഞാൻ ലളിതഗാനം പാടുന്നത് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അമ്മാവൻ മാവേലിക്കര രാമനാഥൻ സംഗീതകോളേജിൽ അധ്യാപകനായിരുന്നു. പാട്ടിനും ഒരു രാഷ്ട്രീയമുണ്ടെന്നും അന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. രാഷ്ട്രീയക്കാരനായ ഒരു സംഗീതവിദ്യാർത്ഥിയായാണ് അന്ന് എന്നെ കണക്കായിരുന്നത്.
അതേകാലത്തുതന്നെയാണ് എനിക്ക് കെപിഎസിയുമായി ബന്ധപ്പെടാൻ കഴിയുന്നത്. അക്കാലത്ത് ഒരു വർഷം കെപിഎസിയുടെ നാടക വേദികളിൽ പാട്ടുകാരനായി. നാടകങ്ങളിൽ പാട്ടുകൾ റെക്കോർഡ്ചെയ്തു ഉപയോഗിക്കുന്ന രീതിയായിരുന്നില്ല അന്നുണ്ടായിരുന്നത്. വേദികളിൽ ഗായകർ നേരിട്ട് പാടുകയായിരുന്നു പതിവ്. തിരുവനന്തപുരത്തുനിന്നും കായംകുളത്തുപോയി നാടകട്രൂപ്പിനൊപ്പം സഞ്ചരിച്ച് പാട്ടുപാടി തിരിച്ചുവരികയായിരുന്നു ചെയ്തിരുന്നത്. പലപ്പോഴും ലീവെടുക്കേണ്ടിയും വന്നു. 1977 ൽ കണിയാപുരം രാമചന്ദ്രന്റെ ‘എനിക്കുമരണമില്ല’ എന്ന നാടകത്തിനുവേണ്ടി ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ ഞാനും മോളി ഡാനിയേലുമാണ് പാടിക്കൊണ്ടിരുന്നത്. എക്കാലത്തും കേരളത്തിലെ ഏറ്റവും വലിയ നാടകസംഘങ്ങളിലൊന്നാണ് കെപിഎസി. അന്ന് കേരളത്തിലുടനീളം കെപിഎസി നാടകസംഘത്തോടൊപ്പം പാട്ടുപാടി സഞ്ചരിച്ചു. കെപിഎസി പ്രേമചന്ദ്രൻ, ബിയാട്രീസ്, കരകുളം ചന്ദ്രൻ, ഞാറക്കൽ ശ്രീനി, ആനന്ദവല്ലി തുടങ്ങി അഭിനേതാക്കളുടെ വലിയനിരതന്നെ അന്ന് കെപിഎസിക്കൊപ്പം ഉണ്ടായിരുന്നു. പുനലൂർ രാജഗോപാലൻ നായരായിരുന്നു അക്കാലത്ത് കെപിഎസിയുടെ പ്രസിഡന്റ്.

 

 

സംഗീതകോളേജിലെ പഠനശേഷം ഞാൻ മദ്രാസിലേക്കിപോയി. അവിടെ ഗവ. മ്യൂസിക് കോളജിൽ വിദ്യാർത്ഥിയായി. അക്കാലത്ത് സിനിമയിൽ പാടാൻ അവസരം ലഭിച്ചു. ഇരുപത്തിരണ്ടാം വയസ്സിലാണ് ‘തേൻതുള്ളി’ എന്ന ചലച്ചിത്രത്തിൽ പാടുന്നത്. തുടർന്ന് ‘ഉല്പത്തി’, ‘കത്തി,’ ‘ഉയരും ഞാൻ നാടാകെ’ തുടങ്ങിയ സിനിമകളിൽ പാടി. പി വി ഷാജഹാനാണ് ആദ്യമായി ചലച്ചിത്രത്തിൽ പാടിക്കുന്നത്. കെ പി കുമാരനായിരുന്നു തേൻതുള്ളിയുടെ സംവിധായകൻ. പി ടി അബ്ദുറഹിമാന്റെ രചനയിൽ കെ രാഘവൻ മാസ്റ്റർ സംഗീതംനൽകിയ ഗാനം ആലപിച്ചു. അന്ന് സംഗീത രംഗത്ത് ഉയരണമെങ്കിൽ മദ്രാസിൽ പോയി നിൽക്കണമെന്ന ചിന്തയായിരുന്നു. അതുംകൂടി കണക്കിലെടുത്തായിരുന്നു അവിടേക്ക് പഠനത്തിനായി പോയത്. പക്ഷെ അവിടെ ചലച്ചിത്ര സംഗീതത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ കഴിയുന്നുപോലുമില്ല. അവിടെ രാഘവൻമാസ്റ്റർക്കു പുറമെ മറ്റു സംഗീതജ്ഞരുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. ടി എച്ച് കോടമ്പുഴ, വിജയൻ കാരോട്ട് തുടങ്ങിയവരുമായി മദ്രാസിൽവെച്ച് സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു. ദേവരാജൻ മാസ്റ്ററുടെ അടുത്തേക്ക് ചെല്ലാൻ സി അച്യുതമേനോൻ നിർദ്ദേശിച്ച പ്രകാരം അദ്ദേഹത്തിന്റെ കത്തുമായി പോയിരുന്നു.
എന്നാൽ അച്ഛന്റെ രോഗാവസ്ഥയുമെല്ലാം നാട്ടിലേക്ക് തിരിച്ചുപോരാൻ കാരണമായി. അക്കാലത്താണ് കേരള വാട്ടർ അതോറിറ്റിയിൽ എൽഡി ക്ലാർക്കായി ജോലി ലഭിക്കുന്നത്. ‘ബാല്യകാലസഖി’, ‘പേടിത്തൊണ്ടൻ’ എന്നീ സിനിമകളിലും പാടി. ‘ചിറക്’ തുടങ്ങി കുറേ സിനിമകൾക്കായി പാടിയെങ്കിലും ആ സിനിമകളൊന്നും നിർമ്മിക്കപ്പെട്ടില്ല. കളർചിത്രങ്ങളുടെ പ്രചാരകാലത്ത് ഇത്തരത്തിൽ ഒട്ടേറെ സിനിമകൾ പെട്ടിയിലായിപ്പോയിട്ടുണ്ട്.

 

 

എന്റെ അമ്മാവനിലൂടെയാണ് രാഘവൻമാസ്റ്ററുമായി ബന്ധപ്പെടുന്നത്. രാഘവൻ മാസ്റ്റർ കോഴിക്കോട് ആകാശവാണിയിൽ ജോലിചെയ്യുന്ന സമയത്ത് എന്റെ അമ്മാവൻ ശ്രീനിയാണ് രാഘവൻമാസ്റ്ററുമായി പരിചയപ്പെടുത്തുന്നത്. അന്ന് കോഴിക്കോട് വൈഎംസിഎയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അവിടെവെച്ച് അദ്ദേഹം എന്നെക്കൊണ്ട് പാട്ടുപാടിച്ചു. പിന്നീടാണ് ആകാശവാണിയിലേക്ക് പാടാൻ അവസരമൊരുങ്ങുന്നത്. തുടർന്ന് ആകാശവാണിയിൽ ആർട്ടിസ്റ്റായി. ആകാശവാണിയിൽ രാഘവൻമാസ്റ്ററുടെ സംഗീതത്തിൽ ഒട്ടേറെ ഗാനങ്ങൾ ആലപിച്ചു. എന്റെ പാട്ടിന്റെ രീതി അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയിൽ താൻ വിചാരിക്കുന്നതുപോലെ പാടിയ ആളായിരുന്നു വി ടി മുരളിയെന്ന് അദ്ദേഹം എഴുതിയത് എനിക്കുകിട്ടിയ വലിയ അംഗീകാരമാണ്. നീതിയിലധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. സംഗീതത്തെ ജനകീയമാക്കുന്നതിൽ രാഘവൻ മാസ്റ്റർ വഹിച്ച പങ്ക് ചെറുതല്ല. ഒട്ടേറെ അവഗണനകൾക്കിടയിലും സംഗീതരംഗത്ത് തന്റേതായ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ സംഗീതജ്ഞനാണ് അദ്ദേഹം. പി ഭാസ്കരനും ജി പി എസ് നായരുമായിരുന്നു കെ രാഘവൻമാസ്റ്ററെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത്. മിക്ക യാത്രയ്ക്കും എന്നെയാണ് രാഘവൻമാസ്റ്റർ ഒപ്പം കൂട്ടിയിരുന്നത്. എല്ലാരും എന്നെ രാഘവൻമാസ്റ്ററുടെ ശിഷ്യനെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും രാഘവൻ മാസ്റ്ററിൽ നിന്നും ഞാൻ സംഗീതമൊന്നും അഭ്യസിച്ചിട്ടില്ല. സംഗീതത്തിന്റെ പാഠങ്ങളല്ല ജീവിതത്തിന്റെ പാഠങ്ങളാണ് ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ചത്. പാട്ടിൽ പരിപൂർണ്ണതയെക്കുറിച്ചുള്ള ധാരണകൾ ലഭിക്കുന്നത് അദ്ദേഹത്തിലൂടെയാണെന്നതാണ് യാഥാർത്ഥ്യം. ആ അർത്ഥത്തിൽ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യൻ തന്നെയാണ്. 18 വയസ്സുമുതൽ ഈ അടുത്തകാലത്തുവരെ ആകാശവാണിയിൽ പാടിയിട്ടുണ്ട്. ആകാശവാണിയിൽ ഹരിപ്പാട് കെ പി എൻ പിള്ള സംഗീതംനൽകിയ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സംഗീതജ്ഞരാണ് വിദ്യാധരൻ മാസ്റ്ററും അർജ്ജുനൻ മാസ്റ്ററും എം ബി ശ്രീനിവാസനുമെല്ലാം. ‘കത്തി’ എന്ന ചിത്രത്തിൽ ഒ എൻ വി എഴുതിയ ”പൊന്നരളിപ്പൂവൊന്നു മുടിയിൽ ചൂടീ…” എന്ന ഗാനത്തിന് സംഗീതം നൽകിയത് എം ബി ശ്രീനിവാസനായിരുന്നു. കോഴിക്കോട് ആകാശവാണിയിൽ കുട്ടികൾക്കായി ഒരു കോറൽ ഗ്രൂപ്പ് ഉണ്ടാക്കാനായി എം ബി എസ് വന്നപ്പോൾ അദ്ദേഹവുമായി അടുത്ത സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു. ലക്ഷദ്വീപിൽ ദേശീയോദ്ഗ്രഥനപരിപാടിയുടെ ഭാഗമായി ഒരു കോറൽ ഗ്രൂപ്പ് രൂപീകരിക്കാനായി എത്തിയപ്പോഴായിരുന്നു എം ബി ശ്രീനിവാസൻ അവിടെവെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ചലച്ചിത്രത്തിനു പുറത്ത് ദേശീയോദ്ഗ്രഥന സന്ദേശവുമായി രാജ്യത്താകമാനം സഞ്ചരിച്ച സംഗീതജ്ഞനായിരുന്നു എം ബി എസ്. ലോകം മുഴുവൻ ഒരുമിച്ചു പാടുക എന്ന സങ്കല്പമായിരുന്നു എം ബി എസിന്റേത്.

 

 

ഗ്രാമ സംഗീതിക, സ്നേഹ സംഗീതിക, സ്വാതന്ത്ര്യ സംഗീതിക തുടങ്ങി ഒട്ടേറെ സംഗീത ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നു. ആളുകളുടെ സംഭാവനയല്ല പ്രശസ്തിയാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത് എന്നതാണ് വർത്തമാനകാലത്തെ അവസ്ഥ. ഓരോരുത്തരുടേയും സംഭാവനകൾ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുന്ന ഒരു അവസ്ഥയാണ് രൂപപ്പെടേണ്ടതെന്നാണ് ഞാൻ വിചാരിക്കുന്നത്. പഴയ പാട്ടുകളിലെ വൈകാരികതയും ചരിത്രവുമെല്ലാം എങ്ങിനെ പുനരാവിഷ്കരിക്കാമെന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
പുതിയകാലത്ത് പാട്ടിനെ വില്പനയുടെ ഭാഗമാക്കുന്നതാണ് നാം കാണുന്നത്. ഫുട്ബോൾ വരുമ്പോഴും കോവിഡ് വരുമ്പോഴുമെല്ലാം പാരഡിപോലെ പാട്ടുകൾ രൂപപ്പെടുകയാണ്. സംഗീതം കൂടുതൽ കൂടുതൽ വ്യാപാരവത്കരിക്കപ്പെടുന്നുവെന്നതാണ് വർത്തമാനകാലത്തെ അവസ്ഥ.

എഴുത്ത്
സംഗീതവുമായി ബന്ധപ്പെട്ട് 12 പുസ്തകങ്ങളാണ് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സഹോദരൻ അയ്യപ്പൻ എഴുതിയ പാട്ടുകളെക്കുറിച്ചും എം ടിയുടെ സിനിമകളിലെ പാട്ടിനോടുള്ള സമീപനവും ബഷീറിന്റെ കൃതികളിലെ സംഗീതാഭിമുഖ്യവുമെല്ലാം പുസ്തകങ്ങളിലെ ലേഖനങ്ങളിൽ ഉൾപ്പെടുന്നു. സംഗീതവുമായി ബന്ധപ്പെട്ട റിസർച്ചിനും മറ്റുമായി ഒട്ടേറെപ്പേർക്ക് പുസ്തകങ്ങൾ ഉപയോഗപ്പെട്ടിട്ടുണ്ട്. കെ രാഘവൻമാസ്റ്ററെക്കുറിച്ചുള്ള ലേഖനം ശ്രീനാരായണ സർവ്വകലാശാലയുടെ മലയാളം പാഠാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഗമലയാളം, സംഗീതത്തിന്റെ കേരളീയ പാഠങ്ങൾ, പാട്ടൊരുക്കം, നീലക്കുയിലെ നിന്റെ ഗാനം, അടയാതിരിക്കട്ടെ വാതിലുകൾ, വാക്കുകൾ പാടുന്ന നദിയോരം, പാട്ടുകൊണ്ടൊരു ജീവിതം, കെ രാഘവൻ ഒരു സംഗീത വിചാരം, ആ മലർക്കാലത്തിൻ ഓർമ്മകൾ, തുറന്നുവെച്ച സംഗീത ജാലകങ്ങൾ, വിളക്കുമരച്ചോട്ടിലെ ഭൂമി, ഗാനരചനയുടെ തച്ചുശാസ്ത്രം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.

ജീവിതം
വീട്ടിൽ ആദ്യകാലംമുതൽക്കെ രാഷ്ട്രീയത്തിന്റേയും സാംസ്കാരിക പ്രവർത്തനത്തിന്റേയുമെല്ലാം ഒരു അന്തരീക്ഷമുണ്ടായിരുന്നു. അതുകണ്ടാണ് ഞങ്ങൾ വളരുന്നത്. അച്ഛന്റെ സൗഹൃദം വളരെ വലുതായിരുന്നു. അച്ഛൻ ഒരു കവിതയെഴുതിയാൽ അത് മറ്റുള്ളവരെ വിളിച്ച് ചൊല്ലിക്കേൾപ്പിക്കുന്ന സമ്പ്രദായമുണ്ട്. പിന്നീട് അതെല്ലാംമാറി. നേരെ പ്രസിദ്ധീകരണത്തിന് അയക്കുന്ന രീതിയായി. അക്കാലത്ത് അച്ഛൻ യോഗങ്ങളും മറ്റും കഴിഞ്ഞു വരുമ്പോൾ ഒപ്പം കൂട്ടുകാരുമുണ്ടാകുമായിരുന്നു. രാത്രി വൈകുംവരേയും ചർച്ചയുംമറ്റുമായി അവർ അച്ഛനൊപ്പമുണ്ടാകും. അതെല്ലാംകണ്ടാണ് ഞങ്ങൾ വളരുന്നത്. നല്ല വായനക്കാരനായിരുന്നു അച്ഛൻ. അതാണ് ഞങ്ങൾക്കും സാഹിത്യാഭിരുചിയുണ്ടാവാൻ കാരണമായത്. ആദ്യ കാലത്ത് അച്ഛന്റെ രാഷ്ട്രീയാഭിമുഖ്യവും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായുള്ള ബന്ധവുമെല്ലാം ഞങ്ങളെ ആകർഷിച്ചിരുന്നു. അച്ഛന്റെ സുഹൃത്തുക്കളായ പി ആർ നമ്പ്യാർ, എം കെ കേളുഏട്ടൻ, എം കുമാരൻമാസ്റ്റർ തുടങ്ങി സാത്വികരായ കമ്മ്യൂണിസ്റ്റ് നേതാക്കളാണ് ഞങ്ങൾക്കെല്ലാം മാതൃകയായത്.
31 വർഷക്കാലം വാട്ടർ അതോറിയിറ്റിയിൽ ജോലിചെയ്തിരുന്നു. സംഗീതരംഗത്തെ സംഭാവനയ്ക്ക് രണ്ടുതവണ സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2003,2007 വർഷങ്ങളിലാണ് പുരസ്കാരം ലഭിച്ചത്. നാടകഗാനരംഗത്തെ മികവിനും ലളിതഗാന ശാഖയിലെ സമഗ്ര സംഭാവനയ്ക്കുമായാണ് പുരസ്കാരം ലഭിച്ചത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. ഭാര്യ ശശികല. ഇന്ദു, നീത എന്നിവരാണ് മക്കൾ. ജാനിയ ആശിർവാദ് പേരക്കുട്ടിയാണ്.

Exit mobile version