Site iconSite icon Janayugom Online

പേനയുടെ അസുഖം എന്തുമാകട്ടെ തൃശൂര്‍ക്ക് പോന്നോളൂ…

സ്മാര്‍ട്ട് ഫോണ്‍ പോലെ ആത്മബന്ധം പുലര്‍ത്തിയിരുന്ന പേനകള്‍ പലര്‍ക്കുമുണ്ടാകും. അവയ്ക്കൊരു തകരാര്‍ സംഭവിച്ചാല്‍ അതവരെ മാനസികമായി ബാധിക്കും. അത്തരത്തില്‍ പേനകളുടെ എല്ലാത്തരം അസുഖങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ രാജ്യത്തെ ആദ്യ പെന്‍ ഹോസ്പിറ്റല്‍ തൃശൂരില്‍ ഇപ്പോഴും സജീവമാണ്. പേനക്കൊരു അസുഖം വന്നാൽ ഇവിടെത്തന്നെ വരണം. ഏത് പേനയ്ക്കും ഇവിടെ ചികിത്സയുണ്ട്. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടിനുള്ളില്‍ അഞ്ച് ലക്ഷത്തില്‍ പരം പേനകളാണ് ഈ പെന്‍ ഹോസ്പിറ്റലില്‍ നിന്നും സുഖം പ്രാപിച്ചത്. 1937ലാണ് തൃശൂരിലെ പാലസ് റോഡില്‍ ‘ഓണസ്റ്റ് പെന്‍ ഹോസ്പിറ്റല്‍’ ആരംഭിച്ചത്. കല്‍ക്കട്ടയില്‍ പേനാ കമ്പനിയില്‍ ജോലി നോക്കിയിരുന്ന തൃശൂര്‍ കാളത്തോട് കൊലോത്തുപറമ്പില്‍ അബ്ദുള്ളയാണ് ‘പേനകള്‍ക്കായൊരു ആശുപത്രി’ സ്ഥാപിച്ചത്. പേന നിര്‍മാണക്കമ്പനികള്‍ പെരുകിയപ്പോള്‍ അറ്റകുറ്റപ്പണിശാലയുടെ സാധ്യത തിരിച്ചറിഞ്ഞ അബ്ദുള്ള നാട്ടിലെത്തി പെന്‍ ഹോസ്പിറ്റല്‍ തുടങ്ങുകയായിരുന്നു. പിതാവിന്റെ മരണശേഷം മകൻ കെ എ നാസർ ‘ഹോസ്പിറ്റൽ’ ഏറ്റെടുത്തു. ഇപ്പോള്‍ നാസറാണ് ഇവിടത്തെ പേനകളുടെ ‘ഡോക്ടര്‍.’ ഒരു പൊട്ടിയ ഫൗണ്ടൻ പേനയെ സ്ട്രച്ചറിൽ കൊണ്ടുപോകുന്ന രണ്ട് കോമ്പൗണ്ടർ ഫൗണ്ടൻ പേനകളുടെ ചിത്രമാണ് പെന്‍ ഹോസ്പിറ്റലിലെത്തുന്നവരെ എതിരേല്‍ക്കുന്നത്. ഈ ചെറിയ ‘ആശുപത്രി‘യിൽ എല്ലാത്തരം റിപ്പയർ ഉപകരണങ്ങളും ഉണ്ട്. ഫ്രാൻസ്, യുഎസ്, ജപ്പാൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള പേനകളുടെ വൈവിധ്യമാർന്ന ശേഖരത്തിന് പുറമേ, ഏറ്റവും വിലകുറഞ്ഞ ബോൾ പേനകൾ മുതൽ അന്താരാഷ്ട്ര ബ്രാൻഡുകൾ വരെ നാസറിന്റെ ശേഖരത്തിലുണ്ട്.

പെന്‍ ഹോസ്പിറ്റലിനെക്കുറിച്ച് കേട്ടറിഞ്ഞ ഇന്ദിരാഗാന്ധി ഫ്രഞ്ച് പ്രസിഡന്റ് നല്‍കിയ പേന കേടായതിനെ തുടര്‍ന്ന് 1973ല്‍ തന്റെ സെക്രട്ടറി വഴി അബ്ദുള്ളയ്ക്ക് അയച്ചുകൊടുത്തിരുന്നു. കൊച്ചി രാജാവിന്റെ പേന നന്നാക്കാനുള്ള അപൂര്‍വ അവസരവും പെന്‍ഹോ സ്പിറ്റലിനുണ്ടായി. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുള്‍കലാമിന് ഫ്രാന്‍സ് പ്രസിഡന്റ് സമ്മാനിച്ച പേന എറണാകുളത്ത് മരംനടുന്ന ചടങ്ങില്‍ താഴെവീണ് കേടായപ്പോള്‍ നന്നാക്കാനായി എത്തിച്ചതും ഇവിടെയായിരുന്നു. സാധാരണക്കാരുടെ മുതൽ രാഷ്ട്രതന്ത്രജ്ഞരുടെയും സാഹിത്യ പ്രതിഭകളുടെയും മറ്റു മേഖലകളിലെ അതികായരുടെയും പേനകൾ വരെ ഇവിടുത്തെ ചികിത്സയിൽ സുഖം പ്രാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ പേനകളുടെ ചരിത്രം പറയുന്ന ബിബേക് ഡെബ്റോയ് എഴുതിയ ‘Inked in India’ എന്ന പുസ്തകത്തിലും രാജ്യത്തെ ആദ്യത്തെ ഈ പെൻ ഹോസ്പിറ്റലിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. പേന നന്നാക്കാനും വാങ്ങാനുമായി പെൻ ഹോസ്പിറ്റലിൽ വരുന്നവരും നിരവധിയാണ്. മഷിപ്പേനകളും ബോൾ പോയന്റ് പേനകളുമടക്കം ഏത് രാജ്യത്തിന്റെ പേനയ്ക്കും ഉണ്ടാകുന്ന ഏത് അസുഖത്തിനും ഇവിടെ ചികിത്സയുണ്ട്. നിബ് മാറ്റാൻ, പേന വാങ്ങാൻ, റീഫിൽ മാറ്റാൻ തുടങ്ങി മഷി കട്ട പിടിച്ച പേനകൾക്ക് വരെ നാസറിന്റെ കൈയിൽ ചികിത്സയും മരുന്നുമുണ്ട്. പേന തെളിഞ്ഞില്ലെങ്കിലോ, എഴുതുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാലോ തൃശൂരുകാർ ആദ്യം ഓടിയെത്തുന്നത് ഈ പെൻ ഹോസ്പിറ്റലിലേക്കാണ്.

ആവശ്യത്തിനൊപ്പം പേന ആഢംബരമായിരുന്ന ഒരു കാലത്ത് നിന്നും മഷി തീർന്നാൽ ഒഴിവാക്കാൻ കഴിയുന്ന പുതിയ കാലത്തിലേക്ക് മാറിയിട്ടും പേനകളെ പുനർ ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന ഇടമായാണ് ഇന്നും പാലസ് റോഡിലെ പെൻ ഹോസ്പിറ്റൽ അടയാളപ്പെടുത്തുന്നത്. 88 വര്‍ഷം പിന്നിടുമ്പോള്‍ ചുറ്റമുള്ള കെട്ടിടങ്ങൾക്കും കടകൾക്കുമെല്ലാം മാറ്റം സംഭവിച്ചപ്പോഴും പെൻ ഹോസ്‌പിറ്റലിന് മാത്രം ഒരു മാറ്റവുമില്ല. അതേ കെട്ടിടം, അതേ ബോർഡ്. ഓണസ്റ്റ് പെൻ ഹോസ്‌പിറ്റല്‍ എന്ന പേര് പറഞ്ഞും കേട്ടുമെല്ലാം പെൻ ഹോസ്‌പിറ്റല്‍ ആയെന്നു മാത്രം. കമ്പ്യൂട്ടറിലും മൊബൈലിലും ടൈപ് ചെയ്ത് ശീലിച്ചതോടെ എഴുതാൻ മടികാണിക്കുന്നവരാണ് ഏറെയും. എന്നാൽ, എഴുത്ത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നതെന്ന് വർഷങ്ങളായി പേനകളുമായി പരിചയിക്കുന്ന നാസർ പറയുന്നു. പേന നന്നാക്കി കൊടുക്കൽ മാത്രമല്ല ആവശ്യക്കാർക്ക് ഇവിടെ പേന നിർമ്മിച്ചു കൊടുക്കുകയും ചെയ്യും. സ്ഥിരം ഉപയോഗിക്കുന്നവർക്ക് അവരുടെ സ്ഥിരം പേനകൾ എക്കാലവും ഉപയോഗിക്കാനാവും ഇഷ്ടം. എത്രകാലം കഴിഞ്ഞാലും അത് അവരിൽ സുരക്ഷിതമായിരിക്കും. അങ്ങനെയുള്ള പേനകൾക്ക് എന്തെങ്കിലും അസുഖം വന്നാൽ അതവരെ മാനസികമായി തളർത്തും. പേനയുടെ ഏത് അസുഖത്തിനും ചികിത്സയുണ്ടെന്ന പ്രതീക്ഷയുമായി ദൂരസ്ഥലങ്ങളില്‍ നിന്നും പോലും നിരവധി പേര്‍ ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്.

Exit mobile version