Site icon Janayugom Online

ഉള്ളനക്കത്തിലൊരു ദലിത്പെൺകുട്ടി

കാരമുള്ള
ചെറുനാരകയില
ചതച്ച്
മൂക്കിലുരച്ച്
ആശകളിലേക്കൊരു
ശലഭസ്വപ്നനിലാവ്പരക്കുന്നു
പിടിക്കാനടുക്കുമെന്നിടയ്ക്ക്
കളിയാലാശ്വാസത്തിൻ
ചെക്കിപ്പൂക്കളമൊരുക്കി-
യിരുന്നിട്ടുണ്ടാകാമവൾ
വേനൻമഴയിൽ
മണ്ണായ്…
ഓടിപ്പോവുകയെന്നത്
മടുപ്പുളവാക്കിയതുകൊണ്ടാകാം
ചിലനേരങ്ങളിൽ
മുതിരാതിരുന്നത്.
ഞാനതിന്
അടിയാർകോളനിയിലെ
കറുത്ത പെണ്ണ്
തേറിനേയും
ചോമനേയും
കല്ലളനേയും
തൊടാത്ത
പൂമ്പാറ്റച്ചിറകിൽ
പമ്മിനടന്നവരുടെ
ചെറുവിരൽകനപ്പിൽനിന്നൊരു
കാറ്റുപോലെയൊഴിഞ്ഞ്…
വഴിമാറിനടന്ന്…
കല്ലുമല
കേറിവരുന്ന
അന്തിയണയും
ഭൂതത്തിന്റെ
മാടത്തിൽ
കണ്ണാന്തളിവിരിഞ്ഞു
കാട്ടിയപോലെ
വെളുത്തസന്ധ്യയിൽ…
അപ്പാപ്പന്റെ
വലിയതോട്ടത്തിലെ
ചെറിയകല്ല്
കേറിമറിഞ്ഞാൽകാണാം
പറന്നുപോകുന്നത്
ദൂരെ
ഒരുപൂമ്പാറ്റച്ചിറക്
വലിച്ചെടുക്കാൻമാത്രം
ഊക്കില്ലാതെയൊരു
കറുപ്പുടലിന്റെ
ശലഭക്കീറ്
പിറകെ
പോയില്ലെങ്കിലും
അകലെനിന്ന്
കൊതിക്കാറുണ്ടല്ലൊ
ചിലപ്പോഴൊക്കെ
ചിലത്?
ഒരുപൂവ്
മറന്നുവെച്ചിട്ടാണെങ്കിലും

Exit mobile version