Site icon Janayugom Online

ഹൃദയ ഭൂപടങ്ങളിലെ വഴി

ഭ്രാന്തമാം
സ്വപ്നങ്ങളേ ചിതറിത്തെറിക്കുക
ഇനിയൊന്നുണരണം
ഓർമ്മയുടെ ഭൂപടങ്ങളിൽ
നിന്നേത്തിരയണം
ആത്മാവിലൊരു കവിത കുറിക്കണം
ഹൃദയത്തിൽ നിന്നേ കുടിയിരുത്തണം
നീയറിയുന്നുവോയെൻ
ഓർമ്മത്തുടിപ്പുകൾ കടലും
കരയും പ്രണയിക്കും കമിതാക്കൾ
അവർക്കിടയിൽ കര തൊട്ടു
കടൽ തൊട്ടു പറവകളായി നാം
ആകാശം തേടുമ്പോൾ
പ്രണയമഴപൊഴിയും നീല ഞരമ്പിലേക്കു
പ്രജ്ഞയായി ഒരു കവിതയൊഴുകും
അതിലെ വരികളിൽ
നിൻ കാൽച്ചിലങ്കകൾ കുലുങ്ങും
അപ്സരസായി നീ നൃത്തം തുടങ്ങും
ഹൃദയതാളങ്ങളിൽ പ്രണയകുസുമങ്ങൾ
വിരിഞ്ഞു നറുമണം എങ്ങും
പടർന്നീടും
ആകാശ ചെരുവിലാ ചക്രവാളങ്ങളിൽ
നിന്റെയുമെന്റെയും പേരു കുറിച്ചിടും
ഉണരുക കവിതേയെന്നാത്മാവിൽ
ഉണരുക മനസേയുണരുക
കാമിനിയാം കവിതയേ പുണരുക
ചിന്തയുടെവത്ക്കലങ്ങളെ ഉടച്ചു
ഉരുവമാക്കുക പ്രണയാതുരമാകട്ടെ
തൂലികയിലെയാ ജീവരക്തം
ഹൃദന്തങ്ങളിലായിരം കവിതാ കാമിനികൾ
ജന്മമെടുത്തുണരട്ടെ
ഉണരട്ടെയീ ജന്മം
ഹൃദയ ഭൂപടങ്ങളിൽ കവിതേ
നിന്നിലേക്കാണാ വഴി

Exit mobile version