Site icon Janayugom Online

വാൻഗോഗിന്റെ ചെവി

തൊലിയിൽ നീളൻ
ചുളിവുകൾ വീഴുമ്പോലെ മുടി നരച്ച
വെയിൽ വരമ്പിൽ
അവർ ചുമ്മാ നടക്കാനിറങ്ങി
ഒരു സെൽഫിയുമെടുക്കണമല്ലോ
എന്നാ, എന്തിനാ കണ്ടതു നമ്മള്‍?
ആർക്കറിയാം മാഷേ, വീഴല്ലേ
ജനിച്ചിറങ്ങുമ്പോഴുള്ള വഴുതലാ
വിളുമ്പിലെല്ലാം ല്ലേ?
പഴേപോലൊന്ന് നഗ്നരാകാൻ
പറ്റ്വോടാ മാഷേ?
ഇവിടെയീ പൂമ്പാറ്റകൾ ചിരിക്കും,
മരിച്ചിട്ടും തീർന്നില്ലേന്ന്
അവർക്കുടുപ്പില്ലല്ലോയെന്റെ
അലമാരയിലാ പഴയ പാന്റീസുണ്ട്
നീയാദ്യം ഊരിയെറിഞ്ഞപ്പോ
നാണിച്ച മുല്ലപ്പൂപ്പടമുള്ളത്?
അയ്യേ…
ആണുങ്ങളിങ്ങനെയോർക്കണോ?
ശവപ്പെട്ടിയും മറിച്ചിട്ട അലമാരയല്ലേ?
അതാടീ പ്രേമം, പുത്തനുടുപ്പിട്ട മണം
ഞാനൊരുമ്മ തരട്ടേ,
കക്ഷത്തിൽ,
നീ വിയർത്തത് കണ്ണിലല്ലല്ലോ…?
വിശന്ന് വള്ളിയായി മിന്നലും
നമ്മളെവിടെയാ?
അങ്ങനൊരിടമില്ലല്ലോ?
മണാലിയോ മൂന്നാറോ
ഖസാക്കോമയ്യഴിയോ
ചാവു നിലമോ…
അല്ല
രണ്ടു A4 പേപ്പറുകളിൽ
സ്റ്റൈപ്പളർ ചെയ്ത വിലവിവരപ്പട്ടിക
നമ്മുടെ പേരൊഴിച്ചിട്ടത്
ആരെങ്കിലും എപ്പോഴെങ്കിലും
നെഞ്ചത്തു വച്ച്
ഒരു പൂവിന് കീ കൊടുത്തേക്കുമെന്ന്
കരുതാവുന്ന
എർത്ത് ടൈം
നിന്റെ മുലയിടുക്കിലെന്റെ
ചുണ്ടുവിരൽച്ചോര കാണുമോ?
അതുംതുടയിടുക്കടക്കം കഴുകി
ഫാനിട്ടുണക്കിയിസ്തിരിയിട്ടല്ലോ
പണ്ടേ, നമ്മൾ കാണും മുമ്പേ,
രുചിക്കും മുമ്പേ
രണ്ട് ജീവബിന്ദുക്കൾക്കൊമീ
കള്ളങ്ങൾ കൊറിച്ച
നട്ടപ്പാതിരക്കും മുമ്പേ…
അകമ്പടിക്കാർക്ക് ഉന്മാദം വേണ്ടേ,
അകലം വേണം
സ്റ്റെതസ്ക്കോപ്പിനും
മുറിച്ചു സമ്മാനമായി
പൊതിഞ്ഞെടുത്ത
ചെവിക്കുമിടയിൽ
ടക് ടക് ടക് നടുക്കത്തിൽ
നടക്കുമ്പോൾ മാത്രം
പതുക്കെ,
പിള്ളേരറിയേണ്ട.

Exit mobile version