Site iconSite icon Janayugom Online

ഒരിക്കൽക്കൂടി

പൊടുന്നനെ നാം
ഒന്നിച്ചു നടക്കാൻ തുടങ്ങി
മൗനംപോലും
ഭാഷയായിരുന്നു
നീ തെളിച്ചവും
ഞാൻ കലക്കവുമായിരുന്നു
വിഷാദവും മുറിവുകളും
നീ തലോടി മായ്ച്ചു
ഇരുട്ടിൽ നീ നിലാവായി
ഭാരങ്ങളെ നീ തൂവലാക്കി
കനലിനെ മഞ്ഞുകണമാക്കി
ലാവയെ തേനരുവിയാക്കി
വിലാപങ്ങളെ
നാദലാവണ്യമാക്കി
ഉന്മാദത്തെ കവിതയാക്കി
ഒരു വാക്കിനാൽ
ഒരു നോക്കിനാൽ
ഒരു സ്പർശത്താൽ
കല്ലിനെ മേഘമായ്
പൊന്തിച്ചു
പൊടുന്നനെ നമ്മുടെ
ഭാഷയുടെ നദി കലങ്ങി
അടിത്തട്ടിലെ വെള്ളാരങ്കല്ലുകൾപോലും
തെളിഞ്ഞിരുന്ന അത്
എല്ലാം മറച്ചുകളഞ്ഞു
ഒന്നും പറയാതറഞ്ഞ നാം
എത്രയുദാഹരിച്ചിട്ടും
തെളിഞ്ഞില്ല
വസന്തങ്ങൾക്ക്
നിറങ്ങൾ ചാലിച്ച നാം
ഹേമന്ത രാവുകൾക്ക്
കമ്പിളി തുന്നുവാൻ തുടങ്ങി
നമ്മുടെ മരങ്ങളിലെ ഇലകൾ
കൊഴിയുവാൻ തുടങ്ങി
പക്ഷേ
ഒച്ചകളടങ്ങുമ്പോൾ
മറഞ്ഞിരിക്കുന്ന അർത്ഥങ്ങൾ
തെളിയുന്നപോലെ
കൊഴിഞ്ഞ മരത്തിൽ-
ഇല തളിർക്കുമ്പോലെ
കലങ്ങിയ പുഴ
ഒഴുകിത്തെളിയുമ്പോലെ
നാമിനിയും
തുടരുന്നുണ്ടാവും
നീ പുലരിയാവണേ
എന്ന്
എന്റെയിരുട്ട്
നിലവിളിക്കുന്നുണ്ട്
ഒരിക്കൽക്കൂടി
നിന്റെ പടിവാതിൽക്കൽ
ഞാൻ കാത്തുനിൽക്കുന്നു
ഒരിക്കൽ കൂടി

Exit mobile version