Site iconSite icon Janayugom Online

പ്രിയയോട്

പ്രിയേ, വെളുത്തു തുടുത്ത നിന്റെ കണങ്കാലിന്
വെള്ളിക്കൊലുസിനേക്കാൾ ചന്തം
കറുകറുത്ത നേർത്ത ചരടിനുതന്നെയാണ്.
ഒറ്റക്കാൽക്കുതിപ്പിലെ
നേർത്ത കറുപ്പുനൂൽബന്ധനം!
താഴെ നിന്റെ ആകാശവും
മീതെ നിന്റെ ഭൂമിയും
അപ്പോഴും സ്വതന്ത്രമാണല്ലോ.
മേഘങ്ങളെ ചുംബിക്കുന്ന,
ചരടുകൾ കൂച്ചു ചങ്ങലയിടാത്ത
ഇടം കാൽ, നഗ്നവും
നിന്റെ പാദരക്ഷയുടെ വള്ളിക്കെട്ടുകൾ
കണങ്കാലിന് മുകളിലേക്കും പടർന്ന കാഴ്ച
എന്റമ്മ ചീകിയൊരുക്കി മെടഞ്ഞ
ചൂലിന്റെ മേൽത്തലയോളം
എന്നോർമകളെ കൊണ്ടെത്തിക്കുന്നു
പ്രിയേ…
തുന്നിക്കൂട്ടിയ നിന്റെ
ജീൻസിലെ ചതുരക്കള്ളികൾക്ക്
തൂക്കണാംകുരുവിക്കൂട്ടിന്റെ ഇഴച്ചന്തമാണ്!
പുത്തൻജീൻസിന്റെ
മുട്ടിലെ കിളിവാതിലിലൂടെ
മുട്ട പൊട്ടിവിരിയുന്ന കിളിക്കുഞ്ഞിനെ
ഓർമിപ്പിക്കുന്നു,
നിന്റെ മുട്ടുകാല്.
ഇരുന്നു നിരങ്ങി
തേഞ്ഞുപോയ ഓർമകളുടെ
പിന്നാമ്പുറത്താണ് ഞാനപ്പോൾ!
ഉടൽവരകളെ
കൃത്യം അരയായി പകുക്കുന്ന
നിന്റെ മേലുടുപ്പിന് എത്ര കൃത്യതയാണ്!
നിന്റെ കൈത്തണ്ടയിൽ
പച്ചക്കുത്തിയ എന്റെ പേര്
നേർത്ത കൈവലയ്ക്കുള്ളിൽ
പച്ചമീൻ പോലെ
നീ
എന്നെയാണതിൽ കുരുക്കിയത്…
ഒരു ചരടിനും
നിന്റെ സ്വാതന്ത്ര്യത്തെ-
ബന്ധിക്കാനാവില്ലെന്നല്ലേ
നഗ്നമായ കഴുത്ത്
ലോകത്തോടു പറയുന്നത്?
ഇസ്തിരിയിട്ട് നിവർത്തിയ
കോലൻമുടിക്ക്
ഒരാനവാൽച്ചന്തം!
അല്ല,
കുത്തനെ പെയ്യുന്ന
കത്തുന്ന മഴച്ചന്തം!
ഒരു മുടിപ്പിന്നോ
ഒരു ചരടോ ചുംബിക്കാത്ത
ആ മുടിയിഴകളെ
കാറ്റ്.ചുംബിച്ചു കൊള്ളട്ടെ
ഒരു കാര്യം തീർച്ച,
കണ്ണ് തട്ടാതിരിക്കാൻ തന്നെയാവണം
നീ നിന്റെ കണ്ണിനകത്തും പുറത്തും
മഷിയിടുന്നത്.
എന്റെ നോട്ടം
നിരന്തരം ഉടക്കുന്നതും
ആ കരിയിലാണല്ലോ! 

Exit mobile version