മകളുടെ വീട്ടിലിരുന്ന്
ഇന്നലെയുടെ ഓർമ്മകളോടൊപ്പം
സഞ്ചരിച്ചൊരമ്മയോട്
തറവാട്ടിൽ പൂന്തോട്ടത്തിനു
സൂര്യൻ തീകൊടുത്തതും
അധിനിവേശികളായ അന്തേവാസികൾ
ചേക്കേറിയതും കാറ്റുവന്ന്
മെല്ലെ കാതിൽപറഞ്ഞു
അച്ഛനുറങ്ങിയ കട്ടിലിൽ
ചിതലുറങ്ങുന്നതിനും
അടുക്കള എലികൾ പ്രസവമുറിയാക്കുന്നതിനും
വാടകയൊന്നും തരുന്നില്ലല്ലോ?
എന്ന കാറ്റിന്റെ ന്യായമായ ചോദ്യമാണമ്മയെ
ഇരുത്തി ചിന്തിപ്പിച്ചത്!
ചാട്ടുളിപോലെ ചിന്തയ്ക്ക് മൂർച്ചകൂടിയപ്പോളാണ്
മകളുപോലുമറിയാതെ,
കൂടെവന്ന ഉടുതുണികളെ കൂട്ടുപിടിച്ചമ്മ, പോകാൻ
തയ്യാറെടുപ്പ് നടത്തിയത്.
ആരോടും മിണ്ടാതെ പടിയിറങ്ങിയതും
അമ്മേ.… ന്നൊരു വിളി
പിന്നാലെ കുതിച്ചെത്തിയതുമൊരുമിച്ചായിരുന്നു
തലകറങ്ങിയാൽ താങ്ങാരെന്ന്
ഉത്തരവാദിത്തത്തെ
സാക്ഷിയാക്കി
മകൾ ചോദിച്ചപ്പോൾ,
അമ്മ യാത്രയോടൊപ്പം
കരാറൊപ്പിട്ടതാകാം
വീട്ടിലെ കോണിപ്പടികൾ
എതിർപ്പില്ലാതെ
അമ്മയെ
കൈപിടിച്ചിറക്കിയത്.