Site iconSite icon Janayugom Online

റൂസോയുടെ കുമ്പസാരം

ഫ്രാൻസിലെ വിപ്ലവകാരികൾ ബാസ്റ്റിൻകോട്ട തകർക്കാൻ എത്തുമ്പോൾ ചക്രവർത്തിയായ ലൂയി 16-ാമൻ മൃഗവേട്ടയിലായിരുന്നു. വല്ലാത്ത സന്തോഷത്തിലും. അന്ന് ആ മനുഷ്യൻ കുറേയേറെ മാനുകളെ വേട്ടയാടിയത്രെ. ഭരണസാരഥ്യം ആ ചക്രവർത്തിക്ക് ആഡംബര ധാരാളിത്തവും സുഖസാന്ദ്രവുമൊക്കെയാകുമ്പോൾ കൊട്ടാരക്കെട്ടിനു പുറത്തെ സാധാരണക്കാരുടെ പട്ടിണിയും കഷ്ടക്ലേശങ്ങളും ഒന്നും അറിയില്ലായിരുന്നു. വിശപ്പ് ഏറിയേറി അസഹ്യമായപ്പോൾ ജനം സമരാവേശജ്വാലയായി, സംഹാരരൂദ്രയായി ‘ബ്രഡ്’ ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടു കുത്തിക്കുകയായി. തിന്നാൻ ബ്രഡ് തരൂ എന്ന ജനരോദനത്തിന്മേൽ രാജ്ഞിയായ മേരി അന്റോണിറ്റ് ഒരു നിർദേശമിട്ടുകൊടുത്തു. ബ്രഡില്ലെങ്കിൽ കേക്ക് തിന്നുകൂടേ, പാവം… നിഷ്കളങ്ക ചരിത്രത്തിന്റെ നിഗൂഢതകളിൽ ചെന്നു പതിച്ച ആ ലഘുവാക്യം വിപ്ലവം എന്ന ത്രൈയാക്ഷരി കേൾക്കുന്നമാത്രയിൽ ഫ്രഞ്ചു ലഹളയും, ലൂയിമാരും പിന്നെ ബ്രഡും കേക്കുമായൊക്കെ രൂപാകൃതി പ്രാപിക്കുന്നു. 

വിപ്ലവത്തിന്റെ കത്തിക്കയറലുകളിലേക്ക് ആശയവ്യഗ്രതയിലൂടെ ആയുധമെടുക്കാൻ ആഹ്വാനപ്പെട്ടവർ മൂന്നുപേരുണ്ടല്ലോ. റൂസോ, വോൾട്ടയർ, മോൺടസ്ക്വി. ആ വ്യക്തിത്വങ്ങളിൽ മുന്നിൽ നീണ്ടുനിവർന്നങ്ങനെ നില്ക്കുന്നത് റൂസോ തന്നെ, ജീൻ ജാക്ക്വിസ് റൂസോ. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ മാറ്റത്തിലേക്കുള്ള കാറ്റടിച്ച ആ ഗ്രന്ഥം സോഷ്യൽ കോൺട്രാക്റ്റ് അഥവാ സാമൂഹ്യ ഉടമ്പടി എന്നതും. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ, അവനുചുറ്റും ചങ്ങലകളാണ്. കല്ലേ പിളർക്കുന്ന അക്ഷരപ്പെരുമയായി ആ സനാതനശാസ്ത്രം വരുംകാലത്തേക്കു കൂടിയുള്ള നീക്കിയിരിപ്പായി പരിണമിക്കുകയാണുണ്ടായത്. റൂസോവിന്റെ ആ സാമൂഹിക ഉടമ്പടിയുടെ അകക്കാഴ്ചകളിലേക്ക് ഒന്നെത്തി നോക്കിയാലോ? ചങ്ങലകളാൽ ബന്ധിക്കപ്പെട്ട മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് യാതൊരു അസ്തിത്വവും കിട്ടാതിരുന്ന നിരാശതയുടെയും ഗദ്ഗദത്തിന്റെയും മൗനങ്ങൾ റൂസോ എന്ന ആ ആശയാഗ്നിയെ വല്ലാതെ വിഷമിപ്പിച്ചിരിക്കണം. അസമത്വം അസന്തുലിതമാക്കിയ അന്തരീക്ഷത്തെ ഉടച്ചുവാർക്കാൻതന്നെയാണ് റൂസോ അത്തരമൊരു പുസ്തകത്തിനു അക്ഷരചൈതന്യം ഏകിയതും അന്നത്തെ കടുത്ത അനീതിയിന്മേൽ അത് അനുയോജ്യമാക്കിയതും. 

മനുഷ്യൻ എന്നും ഒരു ന്യൂനപക്ഷത്തിന്റെ അടിമകളായി പരിക്കേല്ക്കണമെന്ന് കണക്കെടുപ്പ് നടത്തിയും തങ്ങളുടെ അധികാരത്തെ ധിക്കാരപരമാക്കിയും മുന്നേറുമ്പോൾ അതെങ്ങനെ നീതീകരിക്കപ്പെടും എന്ന് പലരും ചോദിച്ചപ്പോൾ അത് മഹാകഷ്ടം എന്നു മാത്രമേ റൂസോ പറഞ്ഞുള്ളു. ആ മഹാകഷ്ടത്തിനുള്ള ദീർഘമായ മറുപടിയായിരുന്നു സോഷ്യൽ കോൺട്രാക്റ്റ്. ഫ്രഞ്ചു വിപ്ലവത്തിനു ഉത്തേജനമേകിയ ഗ്രന്ഥം. 1762 ന്റെ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിലാണ് ആ ഗ്രന്ഥം അദ്ദേഹം രചിക്കുന്നത്. നിശ്ചിതമായ പ്രതിജ്ഞകൾ അനുസരിക്കാനും മനുഷ്യർ തമ്മിലുണ്ടാകുന്ന സ്വതന്ത്രപൂർണമായ രാഷ്ട്രീയ സമൂഹം നിർമ്മിക്കാനുമുള്ള സത്തകളാണ് സാമൂഹിക ഉടമ്പടിയിൽ സ്പർശനീയമായിരിക്കുന്നത്. റൂസോയുടെ കാഴ്ചപ്പാടിൽ ഒരു സന്ധിയുണ്ടാകുമ്പോൾ അന്യോന്യം ജനം പ്രതിജ്ഞ ചെയ്യുന്നത് എന്താണെന്നും എന്തിനെക്കുറിച്ചാണെന്നും അറിയേണ്ടിയിരിക്കുന്നു, അറിഞ്ഞേ പറ്റൂ. പരമാധികാരി സാമാന്യേച്ഛ എന്ന ആശയം സ്വീകരിച്ച് ഭൂരിപക്ഷത്തിന്റെ ഇച്ഛയേയും വളർത്തി സർവേച്ഛയും നടത്തേണ്ടിയിരിക്കുന്നു. സാമൂഹിക വ്യവസ്ഥിതിയാണല്ലോ മറ്റെല്ലാ വ്യവസ്ഥിതികളുടെയും അടിത്തറ പാകാൻ സജ്ജമാക്കുന്നത്. അതിൽ കുറേയേറെ പങ്ക് മനുഷ്യന്റെ ആചാര സംഹിതകളിലുമുണ്ട്. ആചാരങ്ങൾ എന്ത്, എന്തിന്, എങ്ങനെയെന്നൊക്കെ സോഷ്യൽ കോൺട്രാക്ടിൽ സൂചിതമാക്കിയിരിക്കുന്നു. 

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സാധാരണതയെ റൂസോ ചോദ്യം ചെയ്യുന്നുണ്ട്. ശക്തി കായികമാവുമ്പോൾ ധാർമ്മികാടിത്തറ തകർക്കപ്പെടുകയാണ്. എല്ലാ അധികാരങ്ങളും ദൈവത്തിൽ നിന്നാണോ പുറപ്പെടുന്നത്? ആ ദൈവത്തെ കൂട്ടുപിടിച്ചാണല്ലോ ഭരണാധികാരികൾ അഹങ്കരിക്കുന്നത്. അക്കാരണത്താൽ ശക്തി അവകാശവാദം പുറപ്പെടുവിക്കാനുള്ള നികൃഷ്ടമായ ഒരാശയമായി തീരരുതെന്ന് സോഷ്യൽ കോൺട്രാക്ട് ഓർമ്മപ്പെടുത്തുന്ന ന്യായമായ അധികാരം ബഹുമാനിക്കപ്പെടേണ്ടതുമാണ്. വരാനിരിക്കുന്നത് ഒരു വൻ വിപ്ലവമാണെന്ന് റൂസോ മുന്നേ കണ്ടിരിക്കുന്നു. ഭരണകൂടം സുഖാസക്തരാകുമ്പോൾ സാമാന്യജനങ്ങളുടെ അനുഭവങ്ങൾ നരകീയങ്ങളാണ്. ഭരണകൂടം തച്ചുടയ്ക്കപ്പെടേണ്ടിയിരിക്കുന്നു. ഓരോരുത്തരും മറ്റുള്ളവരോട് യോജിച്ചു നിന്നാലേ അനുസരിക്കാനും സ്വതന്ത്രരാവാനും ഏതു സംഘടന രൂപീകരിക്കാനും സാധ്യമാവൂ. മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നത് സാമൂഹിക ഉടമ്പടിയിലെ അടിയൊഴുക്കായി ഗാഢതപ്പെടുന്നു. ഓരോ വ്യക്തിയും ചിലതൊക്കെ ത്യജിക്കാൻ തയ്യാറാകുന്ന സാഹചര്യം ഉണ്ടാവണം. പൊതുവേദിയിൽ സ്വവ്യക്തിത്വവും അധികാരവും സാമാന്യേച്ഛയും പരമമായ നേതൃത്വത്തിനു വിട്ടുകൊടുക്കാൻ ബാധ്യസ്ഥരാകുമ്പോൾ മാത്രമേ ഒരുരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ സുരക്ഷിതത്വം ലഭ്യമാകൂ. അഭയമായിത്തീരേണ്ട ജീവിതം ഭയവിഹ്വലതയായാലോ? 

നിസ്വാർത്ഥതയും കാരുണികതയും മാനുഷികതയാണ്. തന്റെ കൃതിയിലൂടെ ചില സാമൂഹ്യ ഉടമ്പടികൾ നിമിത്തം മനുഷ്യനു സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്ന ദുഃഖസത്യം വെളിപ്പെടുത്തുകയാണ് റൂസോ. എന്നാൽ പ്രലോഭനങ്ങൾ വിട്ടകലുമ്പോൾ സിവിൽ സ്വാതന്ത്ര്യം വ്യക്തിക്കു കൈവരിക്കുകയും ചെയ്യുന്നു. പരമാധികാരം വിനിമയ രഹിതമാണെന്ന് റൂസോ വാദിച്ചിരുന്നു. സ്വസ്ഥാപനങ്ങളുടെ ലക്ഷ്യപ്രാപ്തി രാഷ്ട്രീയ ശക്തികളെ നയിക്കാൻ സാമാന്യേച്ഛയ്ക്കു മാത്രമേ കഴിയൂ. സ്വകാര്യ താല്പര്യങ്ങൾക്കു പകരം സാമൂഹിക ബന്ധങ്ങൾ അരക്കിട്ടുറപ്പിക്കുവാൻ ധാർമ്മികസമൂഹം ഉടലെടുക്കണമത്രേ. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന ത്രിത്വമാണല്ലോ ഫ്രഞ്ചുവിപ്ലവം എന്ന വിപ്ലവങ്ങളുടെ മാതാവ് ലോകത്തിനു മുന്നിൽ കാഴ്ചവച്ച ആശയഗാഥകൾ. സ്വിറ്റ്സർലൻഡിലെ ജനീവയിൽ 1712 ൽ ജനിച്ച റൂസോ 1778 ൽ ഫ്രാൻസിൽ വച്ച് മരിക്കുമ്പോൾ 66 വയസായിരുന്നു പ്രായം. സങ്കീർണവും വിപ്ലവോന്മുഖവും പ്രശ്നപരവുമായ ആ ജീവിതത്തിന്റെ എഴുത്തുവഴികളിൽ ജീവിതാവബോധവും ചിന്താ ബന്ധുരവുമായ മറ്റു ചില കൃതികൾ കൂടിയുണ്ട് കനപ്പെട്ടതായിട്ട്. ‘സിസ് കോഴ്സ് ഓൺ ഇൻ ഇക്വാളിറ്റി; എമിലി ഓർ ഓൺ എഡ്യൂക്കേഷൻ’, ‘ജനറൽ വിൽ, റിവേഴ്സ് ഓഫ് ദ സോളിറ്ററി വോക്കർ’ തുടങ്ങിയവ. 

കൺഫഷൻസ് (കുറ്റസമ്മതം അഥവാ കുമ്പസാരം) റൂസോവിന്റെ ആത്മകഥയാണ്. ഏറെ ഗൗരവപൂർവവും അനുഭവദ്യോതകവുമായ പാരശ്രാവുകൾ സത്യസന്ധമായി തന്റെ ആത്മകഥയിൽ മുട്ടിയുരുമ്മിക്കിടക്കുന്നു. അതിന്റെ പ്രതിപാദനം കൊണ്ടുതന്നെ അത് മികച്ചുനില്ക്കുന്നു. 1790 ലാണ് കൺഫഷൻസ് പുറത്തുവരുന്നത്. തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയതും മനുഷ്യൻ എന്ന നിലയ്ക്കുള്ള ദൗർബല്യങ്ങളും ചെയ്യാനരുതാത്ത തെറ്റുകുറ്റങ്ങളുമൊക്കെ അതിൽ നീറിപ്പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയ്ക്കു മുമ്പേ അതേപേരിൽ ഒരാത്മകഥ ഇറങ്ങിയിട്ടുണ്ടായിരുന്നു. അത് സെന്റ് ആന്റണിയുടെ ആത്മകഥയായിരുന്നു. ആ കൺഫഷൻസ് അത്ര പ്രശസ്തമായിരുന്നില്ല. എങ്കിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ റൂസോവിന്റെ കൃതിക്ക് ഒരു ചെറിയ മാറ്റം വരുത്തി — ‘ദ കൺഫഷൻസ് ഓഫ് ജീൻ ജാക്വിസ് റൂസോ’ എന്നാക്കി. 

സാഹിത്യചരിത്രത്തിൽ ആത്മകഥ എന്ന വിഭാഗത്തിന്റെ കണക്കെടുപ്പുകളിൽ അത്രകണ്ട് സ്വജീവിതാനുഭവങ്ങൾ ഇറങ്ങാതിരുന്നപ്പോഴാണ് റൂസോ എഴുതാൻ തീരുമനിച്ചതും താൻ ആര്, എന്ത്, എങ്ങനെയെന്നൊക്കെ സമൂഹത്തെ ബോധ്യപ്പെടുത്തിയതും. ആ ആത്മകഥയെക്കുറിച്ച് സാഹിത്യചരിത്രം കാര്യമായിട്ടൊന്നും വിശകലനം ചെയ്തിട്ടില്ല എങ്കിലും റൂസോവിന്റെ ആദ്യകാല ജീവിതം നിരാശാഭരിതവും ക്ലേശ സങ്കീർണവുമായിരുന്നു. അത്രകണ്ട് പഠനങ്ങളും അദ്ദേഹത്തിനു കിട്ടിയിരുന്നില്ല. തന്റെ പതിമൂന്നാമത്തെ വയസിൽ അമ്മയുടെ അകാലമരണം റൂസോയുടെ കൗമാരകാല ജീവിതം വല്ലാതെ ഉലച്ചുകളഞ്ഞു. ഫ്രാൻസിന്റെ കർക്കശമായ ഭരണകൂടം പിതാവിനെ ജയിലിലടയ്ക്കും എന്നായപ്പോൾ അതിനെ പേടിച്ചിട്ട് അദ്ദേഹം എങ്ങോട്ടേക്കോ പുറപ്പെടുകയാണുണ്ടായത്. 

Exit mobile version