മലയാളിയായിരുന്നിട്ടും മലയാള സിനിമ സംഗീതലോകം വേണ്ടത്ര പരിഗണിക്കാൻ മറന്ന ഗായികയാണ് സ്വർണലത. ഇതര ഭാഷകളാണ് സ്വർണലതയുടെ ശബ്ദത്തെ വേണ്ടുവോളം ഉപയോഗിച്ചത്. വളരെ കുറച്ചു ഗാനങ്ങൾ മാത്രമാണ് സ്വർണലതയുടെ ശബ്ദത്തിൽ മലയാളികൾക്ക് ലഭിച്ചത്. പാടിയവയിലേറെയും ജനങ്ങൾ ഇന്നും ആസ്വദിക്കുന്നു എന്നറിയുമ്പോഴാണ് സ്വർണലത എന്ന ഗായികയുടെ ശബ്ദസൗന്ദര്യത്തെ നാം കൂടുതൽ തിരിച്ചറിയുന്നത്.
പാട്ടിനെ പ്രണയിച്ച പെൺകുട്ടിയാണ് സ്വർണലത. പാടാനായി മാത്രം ജീവിച്ച ഗായിക. ആർക്കും അനുകരിക്കാൻ കഴിയാത്ത, തീർത്തും വ്യത്യസ്തമാർന്ന ശബ്ദം. ഗാനം ഏതുമായ്ക്കൊള്ളട്ടെ സ്വർണലതയുടെ ശബ്ദത്തെ പ്രത്യേകം തിരിച്ചറിയാൻ സാധിക്കും. ആലാപനത്തിൽ പുലർത്തുന്ന സൂക്ഷ്മതയും ഭാവാത്മകതയും സ്വർണലതയുടെ ഗാനങ്ങളെ സവിശേഷമാക്കുന്നു.
പാലക്കാട് ജില്ലയിൽ ചിറ്റൂർ അത്തിക്കോട്ടിലായിരുന്നു സ്വർണലതയുടെ ജനനം. സംഗീതജ്ഞരായ മാതാപിതാക്കൾ. സഹോദരങ്ങളും സംഗീതതല്പരർ. സ്വർണലതക്ക് മൂന്നു വയസുള്ളപ്പോൾ കുടുംബം കർണാടകയിലെ ഷിമോഗയിലേക്ക് താമസം മാറ്റി. ചെറുപ്പത്തിലേ നന്നായി പാടുമായിരുന്ന സ്വർണലതയുടെ സംഗീതത്തിലെ ഗുരു സഹോദരിയായ സരോജയാണ്. പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞതോടെ അവർ മദ്രാസിലേക്ക് മാറി. സിനിമയിൽ പാടാനായിരുന്നു താല്പര്യം. അവസരങ്ങൾക്കായി ഒരുപാടലഞ്ഞു. ഒടുവിൽ മെല്ലിസൈമന്നൻ എം എസ് വിശ്വനാഥന്റെ ശ്രദ്ധയിൽ ആ ശബ്ദം പതിഞ്ഞു. പിന്നീട് സ്വർണലതയെ തേടിയെത്തിയത് ഏതൊരു തുടക്കകാരിയും സ്വപ്നം കാണുന്ന അസുലഭാവസരം. 1987ൽ ‘നീതിക്ക് ദണ്ഡനൈ’ എന്ന ചിത്രത്തിൽ ‘ചിന്നഞ്ചിര് കിളിയെ… കണ്ണമ്മാ…’ എന്ന ഗാനം. മഹാകവി ഭാരതിയാരുടെ വരികൾക്ക് എം എസ് വിയുടെ ഈണം. കൂടെ ആലപിക്കുന്നതോ യേശുദാസും. യാതൊരു ഇടർച്ചയും പതർച്ചയുമില്ലാതെയാണ് സ്വർണലത തന്റെ ആദ്യഗാനത്തിന് ജീവനേക്കിയത്. ആരാണ് പാടിയതെന്നറിയാതെ ഒരാൾ ഈ ഗാനം കേൾക്കുമ്പോൾ ഒരു പതിനാലുകാരിയാണ് ഇതു പാടിയതെന്ന് വിശ്വസിക്കാൻ പ്രയാസപ്പെടും. ഈ ഗാനത്തിലെ മാതൃത്വത്തിന്റെ ഭാവങ്ങളെ അത്രക്കും ഹൃദ്യവും തന്മയത്വവുമായാണ് സ്വർണലത തന്റെ ശബ്ദത്തിൽ ഉൾക്കൊള്ളിച്ചത്. താൻ കേട്ട ശബ്ദങ്ങളിലെ അപൂർവ്വ ശബ്ദമാണ് സ്വർണലതയുടേതെന്നാണ് എം എസ് വിശ്വനാഥൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സ്വർണലതയ്ക്ക് സിനിമാ സംഗീതത്തിന്റെ വാതിൽ തുറന്നു കൊടുത്തത് എം എസ് വിയാണെങ്കിൽ സിനിമാ സംഗീത ലോകത്തെ പടവുകളിൽ കൈപിടിച്ചു കയറ്റിയത് ഇസൈജ്ഞാനി ഇളയരാജയാണ്. ഗുരു ശിഷ്യൻ എന്ന പടത്തിൽ എസ് ജാനകിക്കുവെച്ച ഉത്തമ പുത്തിരി നാന്… എന്ന ഗാനമാണ് ആദ്യം ഇളയരാജ സ്വർണലതക്ക് നൽകിയത്. ആ സ്വരശുദ്ധിയും ആലാപനമേന്മയും തിരിച്ചറിഞ്ഞ ഇളയരാജ പിന്നീട് നൽകിയത് ഒട്ടേറെ ഹിറ്റുകളാണ്. തന്നെ അത്ഭുതപ്പെടുത്തിയ അഞ്ചു വ്യത്യസ്ത ശബ്ദങ്ങളിൽ ഒന്ന് സ്വർണലതയുടേതാണെന്ന് ഇളയരാജ അഭിപ്രായപ്പെട്ടിട്ടുണ്ട്. പോവോമാ ഊർകോലം.., മാലയിൽ യാരോ.., ആട്ടമാ തേരോട്ടമാ.., രാക്കമ്മാ കയ്യതട്ട്.., നീയെങ്കേ.. എൻ അൻപേ.., മാസീ മാസം.., കുയിൽ പാട്ട്… ഓ… തുടങ്ങിയവ തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ചിലതു മാത്രം.
ഇളയരാജക്കു ശേഷം സ്വർണലതയുടെ ശബ്ദത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകനാണ് എ ആർ റഹ്‌മാൻ. വെല്ലുവിളി ഏറെ നിറഞ്ഞ ഈണങ്ങളാണ് അദ്ദേഹം സ്വർണലതക്കു നൽകിയത്. റഹ്മാന്റെ സംഗീതത്തിൽ സ്വർണലത പ്രശസ്തിയുടെ പടവുകളിലൂടെ കൂടുതൽ ഉയരങ്ങളിലെത്തി. ഇക്കാലത്തെ കൊച്ചു കുട്ടികൾ പോലും മൂളി നടക്കുന്ന മുക്കാലാ.. മുക്കാബലാ.., ഉസ്ലാം പട്ടി പെൺകുട്ടി.., ഹായ് രാമാ.., പോരാളെ പൊന്നുതായി.., മായാ മച്ചീന്ദ്ര.., അക്കട നടാങ്ക.., എവനോ ഒരുവൻ.., തുടങ്ങിയ ഗാനങ്ങൾ സ്വർണലതയുടെ ശബ്ദത്തിന്റെ പ്രത്യേകത ഒന്നുകൊണ്ട് സൂപ്പർ ഹിറ്റുകളായി മാറിയവയാണ്.
തമിഴിലെ ഹിറ്റ് ഗാനങ്ങളിലൂടെയാണ് മലയാളികൾ സ്വർണലതയെ ആദ്യം തിരിച്ചറിഞ്ഞത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബഡഗ, ഒറിയ തുടങ്ങിയ വിവിധ ഭാഷകളിലായി ഏഴായിരത്തിലധികം ഗാനങ്ങൾക്കാണ് സ്വർണലത ശബ്ദമേകിയത്. എന്നാൽ മാതൃഭാഷയായ മലയാളത്തിലാകട്ടെ നൂറിൽ താഴെ മാത്രം ഗാനങ്ങൾക്കേ സ്വർണലതയുടെ ശബ്ദം ഉപയോഗിച്ചിട്ടുള്ളൂ. മലയാളത്തിൽ ആദ്യമൊക്കെ ട്രാക്ക് പാടിക്കാനും, പശ്ചാത്തല സംഗീതത്തിനൊപ്പവുമൊക്കെയാണ് സ്വർണലതയുടെ ശബ്ദത്തെ ഉപയോഗപ്പെടുത്തിയത്. സ്വർണലതക്ക് മലയാളത്തിൽ ആദ്യമായി അവസരം നൽകിയത് കണ്ണൂർ രാജനാണ്. 1989ൽ ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തിനുവേണ്ടി രാഗിണി… അനുരാഗിണി.. .എന്ന ഗാനം. എം ജി ശ്രീകുമാറിനോടൊപ്പം സ്വർണലത തകർത്തു പാടി. കൊക്കരക്കോ എന്ന ചിത്രത്തിലെ കന്നി കിനാവിന്റെ… എന്ന ഗാനത്തിനും കണ്ണൂർ രാജൻ സ്വർണലതയുടെ ശബ്ദത്തെ പ്രയോജനപ്പെടുത്തി.
സ്വർണലതയുടെ ശബ്ദത്തെ ഏറെ ഇഷ്ടപ്പെട്ട ജോൺസൺ സാദരം എന്ന ചിത്രത്തിൽ മധുചന്ദ്രികേ… നീ മറയുന്നുവോ… എന്ന അതിമധുര മെലഡി ഗാനം നൽകി. ഈ ഗാനത്തിന്റെ പുരുഷശബ്ദം യേശുദാസിന്റെതാണെങ്കിലും അതിനേക്കാൾ ഒരു പടി കടന്ന ആലാപനമാണ് സ്വർണലതയുടേതെന്ന് ഗാനനിരൂപകർ വിലയിരുത്തുന്നു. പന്തയക്കുതിരയിലെ തിങ്കളാഴ്ച നോയമ്പിരുന്നും.., ആരുവാമൊഴി.., ഏഴരക്കൂട്ടത്തിലെ ഇല്ലിക്കാടും മാലേയമണിയും.., സാക്ഷ്യത്തിലെ ഓളക്കാട്ടിൽ താളം തുള്ളുന്നേ.. തുടങ്ങിയ ഗാനങ്ങളും ജോൺസൺ മാഷ് സ്വർണലതക്ക് നൽകി.
1993ൽ എസ് പി വെങ്കിടേഷ് ഈണം നൽകിയ ഹൈവേ എന്ന ചിത്രത്തിലെ ഒരു തരി കസ്തൂരി കുളിർമണം… എന്ന ഗാനം സ്വർണലത സൂപ്പർ ഹിറ്റാക്കി. കർമ്മയിലെ ജും ജും ഈ രാവിൽ…, എല്ലാം ഇന്ദ്രജാലം.., മിന്നാമിനുങ്ങിനും മിന്നുകെട്ടിലെ മഞ്ഞിൽ പൂത്ത സന്ധ്യേ.., നാലാം കെട്ടിലെ നല്ല തമ്പിമാരിലെ ചെണ്ടുമല്ലി ചെമ്പക മലരേ.., ചിത്രകൂടത്തിലെ ചന്ദിരനാണോ മാനത്ത്.. തുടങ്ങിയവ എസ് പി വെങ്കിടേഷിന്റെ സംഗീതത്തിൽ സ്വർണലത മനോഹരമാക്കി. തമിഴിലും തെലുങ്കിലും സ്വർണലതയുടെ ശബ്ദത്തിൽ നിരവധി ഹിറ്റുകൾ തീർത്ത സംഗീത സംവിധായകനാണ് വിദ്യാസാഗർ. പക്ഷേ മലയാളത്തിൽ അദ്ദേഹം സ്വർണലതക്ക് വേണ്ടത്ര അവസരങ്ങൾ നൽകിയില്ല എന്നത് ഒരു വിരോധാഭാസമാണ്. സ്വർണലതയും എം ജി ശ്രീകുമാറും ചേർന്നു പാടിയ വർണപ്പകിട്ടിലെ മാണിക്കകല്ലാൽ മെനുമെനഞ്ഞേ മാമണികൊട്ടാരം… എന്ന സൂപ്പർ ഹിറ്റ് ഗാനം ഇന്നും ഒരു തരംഗമായി അലയടിക്കുന്നു. ഡ്രീംസിലെ വാർതിങ്കൾ തെല്ലല്ലേ…, സത്യം ശിവം സുന്ദരത്തിലെ ഹവ്വാ… ഹവ്വാ… എന്നിങ്ങനെ വിരലിലെണ്ണാവുന്ന ഗാനങ്ങളേ വിദ്യാസാഗർ മലയാളത്തിൽ സ്വർണലതക്ക് നൽകിയുള്ളൂ.
സുരേഷ് പീറ്റേഴ്സിന്റെ സംഗീതത്തിൽ സ്വർണലത പാടിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായി. ഇൻഡിപെൻഡൻസിലെ നന്ദലാല… ഹേ… നന്ദലാലാ… എന്ന ഗാനം ഇന്നും എങ്ങും പാടിയാടുന്നുണ്ട്. ‘തെങ്കാശിപ്പട്ടണ’ത്തിലെ കടമിഴിയിൽ കമലദളം.., ‘പഞ്ചാബി ഹൗസി‘ലെ ബല്ലാ ബല്ലാ ബല്ലാ ഹേ.., ‘രാവണപ്രഭു‘വിലെ പൊട്ടുകുത്തടി പുടവചുറ്റടി…, ‘വൺ മാൻ ഷോ‘യിലെ കാശിതുമ്പ പൂവേ.. എന്നീ ഗാനങ്ങൾക്കും ആസ്വാദകരേറെ.
സ്വർണലതയുടെ ശബ്ദത്തിൽ ഹിറ്റുകൾ തീർത്ത മറ്റൊരു സംഗീത സംവിധായകനാണ് മോഹൻ സിതാര. കുബേരനിലെ മണിമുകിലേ.. നീ മായരുതേ.. എന്ന ഗാനം സ്വർണലതയുടെ ശബ്ദത്തെ മനസ്സിൽ കണ്ടാണ് മോഹൻ സിതാര ഈണമിട്ടത്. ‘സ്നേഹദൂതി‘ലെ എന്തേ പുതു വസന്തമേ…, ‘സുന്ദര പുരുഷ’നിലെ കൊഞ്ചടി കൊഞ്ചു കുയിലേ… എന്നീ ഗാനങ്ങൾ സ്വർണലത മോഹൻ സിതാരയുടെ സംഗീതത്തിൽ പാടിയവയാണ്.
‘തച്ചോളി വർഗീസ് ചേകവർ’ എന്ന ചിത്രത്തിലെ നീയൊന്ന് പാട്…, ‘ഇഷ്ടമാണ് നൂറുവട്ട’ത്തിലെ കണ്ണോരം കാണാമുത്തേ.., ‘ഡോമിനിക് പ്രസന്റേഷ’നിലെ ഞാനൊരു മദകര യൊവനം.., ‘ചക്ര’ത്തിലെ കുഞ്ഞിചിറ്റോളം.., ‘മംഗല്യ സൂത്ര’ത്തിലെ അക്കുത്തിക്കുത്താന.., ‘ചിരട്ട കളിപ്പാട്ടങ്ങ’ളിലെ മനസുകളിൽ ഈണമായി വാ.. തുടങ്ങിയ ഗാനങ്ങൾ സ്വർണലതയുടെ ശബ്ദത്തിൽ ഹിറ്റുകളായി.
രണ്ടായിരത്തിനു ശേഷം മലയാള സിനിമ സ്വർണലതയുടെ ശബ്‍ദത്തെ വേണ്ടത്ര ഗൗനിച്ചില്ല. ആൽബങ്ങളിലും ക്രൈസ്തവ ഭക്തിഗാനങ്ങളിലും ഓണപാട്ടുകളിലുമായി ആ ശബ്ദം ഒതുങ്ങി. അവയിൽ, മലയാളത്തിലെ തന്നെ മികച്ച പത്തു ആൽബം ഗാനങ്ങളെടുത്താൽ അതിൽ നിശ്ചയമായും വരാൻ സാധ്യതയുള്ള ഒരു പാട്ടാണ് ‘മോഹ’ത്തിലേത്. മൻസൂർ അഹമ്മദ് രചനയും സംഗീതവും നിർവ്വഹിച്ച കുടജാദ്രിയിൽ കുട ചൂടുമാ… എന്ന ഗാനം. ഈ ഗാനത്തിലെ ഓരോ വരികളുടെയും അവസാനത്തുള്ള പ്രണയം എന്ന വാക്കിന് സ്വർണലത നൽകിയിരിക്കുന്ന ഭാവങ്ങൾ തീർത്തും വ്യത്യസ്തവും അതിശയകരവുമാണ്. സ്വർണലത പാടിയ, കുടജാദ്രിയിൽ… എന്ന ഈ ഹിറ്റ് ഗാനത്തിലൂടെയാണ് ഇന്നും ഞാൻ ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നതെന്ന് മൻസൂർ അഹമ്മദ് അഭിമാനത്തോടെ പറയുന്നു.
എല്ലാ ഓണക്കാലത്തും കേൾക്കാറുള്ള ഓണപ്പാട്ടുകളിൽ ഒരു അടിപൊളി പാട്ട് സ്വർണലതയുടെ ശബ്ദത്തിലുള്ളതാണ്. ‘അത്തം പത്തിനു പൊന്നോണം…’ എന്ന ഹിറ്റ് ഗാനം. ഓണാനിലാവിനുവേണ്ടി ജമാൽ കണ്ണൂരിന്റെ വരികൾക്ക് അബു കോലത്തയിൽ സംഗീതം നൽകിയ ഗാനം. ഓണത്തിന്റെ എല്ലാ തുടിപ്പുകളും ഈ പാട്ടിൽ ഉൾക്കൊള്ളിക്കാൻ സ്വർണലതയുടെ ശബ്ദത്തിനായി. പ്രണയം, വിരഹം, താരാട്ട്, അടിപൊളി, മെലഡി.. ഗാനം ഏതുമാകട്ടെ അവയെല്ലാം സ്വർണലതയുടെ ശബ്ദത്തിൽ ഭദ്രം. ഹൃദയത്തെ തൊടുന്ന ഭാവത്തിന് ഏറെ പ്രാധാന്യം നൽകിയ കിറുകൃത്യ ആലാപനമാണ് സ്വർണലതയുടേത്. എന്റെ ശബ്ദത്തിൽ എന്താണോ ഉള്ളത് അത് സ്വർണലതയുടെ ശബ്ദത്തിലും ഉണ്ടെന്ന് പറഞ്ഞത് പി സുശീല തന്നെ. വ്യത്യസ്ത ഈണത്തിലും ഭാവത്തിലും മേൽസ്ഥായിയിലുമൊക്കെ പാടേണ്ട ഗാനങ്ങൾ ഉണ്ടാകുമ്പോൾ ഒട്ടുമിക്ക സംഗീത സംവിധായകരും സ്വർണലതയെയാണ് തിരഞ്ഞെടുത്തത്. ‘ഉല്ലാസം’ എന്ന തമിഴ് സിനിമയിൽ കാർത്തിക് രാജ ഈണം നൽകിയ മുത്തേ മുത്തമ്മാ.. എന്ന ഗാനം കമലഹാസനോടൊപ്പം പാടിയത് സ്വർണലതയാണ്. ഈ ഗാനത്തിന്റെ റെക്കോർഡിങ്ങിനായി സ്വർണലത സ്റ്റുഡിയോയിലെത്തി. പാട്ടിന്റെ വരികളും നോട്സും കുറിച്ചെടുത്തുകൊണ്ട് ട്യൂണെല്ലാം മേൽസ്ഥായിയിലാണല്ലോ? എന്ന് പറഞ്ഞു. ‘അതുകൊണ്ടാണല്ലോ… നിങ്ങളെതന്നെ പാടാൻ വിളിച്ചത് ‘എന്നായിരുന്നു അപ്പോൾ കാർത്തിക് രാജ ചിരിച്ചുകൊണ്ട് മറുപടി നൽകിയത്.
ഇളയരാജ, റഹ്‌മാൻ, ദേവ, വിദ്യാസാഗർ, സിർപ്പി, ഹാരിഷ് ജയരാജ്, തുടങ്ങിയ സംഗീത സംവിധായകരൊക്കെ തങ്ങളുടെ എല്ലാ തരത്തിലുമുള്ള ഈണങ്ങൾക്കും സ്വർണലതയുടെ ശബ്ദമുപയോഗിച്ചു.
മൂഡിനനുസരിച്ച് സ്വർണലതയുടെ ശബ്ദത്തിന് മാറാനുള്ള കഴിവ് അപാരമാണെന്ന് സംഗീത സംവിധായകർ ഒരുപോലെ തന്നെ സമ്മതിക്കും. റഹ്മാന്റെ ഗാനമായ ‘കറുത്തമ്മ’യിലെ പോറാളെ പൊന്നുതായി… സ്വർണലതക്ക് 1994ലെ മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. ശോകാർദ്രമായ ഈ ഗാനം പാടിക്കഴിഞ്ഞതും താനറിയാതെ തന്നെ കരഞ്ഞുവെന്ന് സ്വർണലത അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മൂന്നുതവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച പിന്നണി ഗായിക, കലൈമാമണി പുരസ്കാരം, ആന്ധ്രാ സർക്കാരിന്റെ നന്ദി അവാർഡ്, അഞ്ചു തവണ തമിഴ് ഫിലിം ഫെയർ അവാർഡ്, ആറു തവണ സിനിമ എക്സ്പ്രസ്സ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ സ്വർണലതയെ തേടിയെത്തി. ബി ബി സി നടത്തിയ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച പത്തു ഗാനങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തതോ സ്വർണലതയും എസ് പി ബിയും ചേർന്ന് പാടിയ ദളപതിയിലെ രാക്കമ്മ കയ്യതട്ട്.. എന്ന ഗാനവും.
2010 സെപ്റ്റംബർ 12ന് ആ നാദം നിലയ്ക്കുമ്പോൾ ബാക്കിയാവുന്നത് ഒരിക്കലും മറക്കാനാവാത്ത സുവർണ്ണ ഗാനങ്ങളാണ്.