ആഫ്രിക്കൻജീവിതം രസകരമാണ്. പ്രകൃതിയുമായി വളരെ താദാത്മ്യംപ്രാപിച്ചു ജീവിക്കുകയും ഉപജീവനത്തിനും അതിജീവനത്തിനുമായി നിരന്തരം പ്രകൃതിയുമായി മല്ലിടുകയും ചെയ്യുന്ന ആഫ്രിക്കൻവാസികളുടെ ജീവിതം ആവേശകരമാണ്, അത്ഭുതം നിറഞ്ഞതുമാണ്.
ഈ ഒരു ചിന്തയോടെയാണ് പലപ്പോഴും ദക്ഷിണാഫ്രിക്കയിലെ (RSA) പല ഭൂവിടങ്ങളും സന്ദർശിച്ചിട്ടുള്ളത്. ആധുനിക ഭാരതചരിത്രവുമായി അഭേദ്യബന്ധമുള്ള ആശയുടെ മുനമ്പ് (കേപ്പ് ടൗൺ) മുതൽ ദക്ഷിണാഫ്രിക്കയുടെ വടക്കേ അറ്റത്തുള്ള ക്രൂഗർ (Kruger) നാഷണൽ പാർക്ക് വരെ സഞ്ചരിച്ചിട്ടുമുണ്ട്.
പ്രകൃതിയുമായി മല്ലിട്ടു തദ്ദേശീയർ പണിതീർത്ത ഗ്രാമങ്ങളും ഗ്രാമസംസ്കാരങ്ങളും പഠിക്കുവാൻ എന്റെയീ ജന്മം പോരാ. എങ്കിലും ചെറിയ ഒരു ശ്രമത്തിന്റെ ഭാഗമാണ് വോൾമരൻസ്റ്റാഡിലേക്കുള്ള ഈ യാത്രയും (Wolmarans-stad). ഞാനും ഭാര്യ ഉമയും താമസിക്കുന്ന മസേരു (Maseru – Capital city of Lesotho) വിൽ നിന്നും ഏകദേശം 400 കിലോമീറ്റർ ദൂരെ, ക്ലെർക്സ്ഡോർപ് (Klerksdorp) എന്ന നഗരത്തിലാണ് മകൾ, ഭാവന ജോലി ചെയ്യുന്നതും താമസിക്കുന്നതും. അവധി ദിവസങ്ങളിൽ ഞങ്ങളുടെ യാത്രയും അവിടേയ്ക്കാണ്.ദക്ഷിണാഫ്രിക്കയിലെ ഓരോ നഗരത്തിനും ഓരോ കഥ പറയാനുണ്ടാകും. ബാന്റു (Bantu) വർഗ്ഗക്കാരായ തദ്ദേശീയരെ പാർശ്വവൽക്കരിച്ചും കീഴടക്കിയും പണ്ടേ ആഫ്രിക്കയെ സ്വന്തമാക്കി, യൂറോപ്പ്യർ. ഭാരതത്തിലേക്കുള്ള എളുപ്പവഴി കടൽ മാർഗ്ഗത്തിലൂടെ കണ്ടുപിടിക്കാനുള്ള തത്രപ്പാടിൽ ഒരു വിശ്രമകേന്ദ്രമായി മാറ്റിയ ആശാമുനമ്പ് (Cape of Good Hope) അക്ഷരാർത്ഥത്തിൽ കൊളോണിയൽ സാമ്രാജ്യങ്ങൾക്ക് ഒരു സ്വർഗ്ഗമായിരുന്നു. ദ
ക്ഷിണാഫ്രിക്കയിലെ ഓരോ നഗരവും സ്വന്തം കഥ പറയുന്നുണ്ട്. ക്ലെർക്സ്ഡോർപ്പിനും ഉണ്ട് പറയാനൊരു കഥ. 1837–38 കാലഘട്ടത്തിൽ നിർമ്മിതമായ, പ്രഥമ യൂറോപ്പ്യൻ സെറ്റിൽമെന്റ് പട്ടണമാണിത്. വാൽ നദി (Vaal River) യുടെ വടക്കുദിശയിലായി പണിത നഗരത്തിന്, ആ ജില്ലയുടെ അന്നത്തെ മാജിസ്ട്രേറ്റ് ആയിരുന്ന ജേക്കബ് ഡി ക്ലാർക്ക് (Jacob De Clercq) ന്റെ പേരാണ് കിട്ടിയത്. 1885 ൽ ഈ പ്രദേശത്തു സ്വർണം കണ്ടുപിടിച്ചപ്പോൾ നാടിന്റെ ജാതകവും മാറി.
ഈ നഗരത്തിനു മറ്റൊരു പ്രാധാന്യവും ഉണ്ട്. 1984 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഡെസ്മണ്ട് ടൂടൂ(Desmond Mpilo Tutu) വിന്റെ ജന്മനഗരമാണിത്.
ഈ നഗരത്തിനു തെക്കുപടിഞ്ഞാറായി N12 റോഡിൽ ട്രഷർ റൂട്ടിൽ ഏകദേശം 50 കിലോമീറ്റർ അകലെയാണ് വോൾമാരൻസ് സ്റ്റാഡ്. സ്റ്റാഡ് എന്നാൽ ആഫ്രിക്കാൻ (Afrikkaan) ഭാഷയിൽ നഗരം എന്നർത്ഥം. ആഫ്രിക്കാൻ ഭാഷ പുതുതായി രൂപം പ്രാപിച്ചതാണ്, ഡച്ചുഭാഷയുടെ ആഫ്രിക്കൻ രൂപാന്തരം. കാറിൽ തന്നെ യാത്ര പുറപ്പെട്ടു. വീട്ടിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ എത്തുന്ന ദൂരമെങ്കിലും ഒരു ദിവസത്തേക്ക് ഞങ്ങൾ ബോണ‑ബോണ ഗെയിം ലോഡ്ജിൽ മുറി എടുത്തിരുന്നു. ജൂലൈ മാസം കൊടുംതണുപ്പാണ് ദക്ഷിണാഫ്രിക്കയിൽ. തണുപ്പിൽ നിന്നും രക്ഷപെടാൻ വേണ്ട വസ്ത്രങ്ങളും കരുതിയിരുന്നു. മിക്കവാറും ഗെയിം ലോഡ്ജുകൾ പ്രൈവറ്റ് കമ്പനികളുടെ വകയാണ്. ഒരു എഞ്ചിനീയർ കുടുംബത്തിന്റെ വകയായി വിസ്തൃതമായ ഭൂവിഭാഗം കുന്നും കാടും അരുവികളുമടക്കം ഉള്ള ഈ പ്രദേശത്തെ ലോഡ്ജ് തുടങ്ങിയിട്ട് മുപ്പതോളം വർഷങ്ങൾ കഴിഞ്ഞു. ചുറ്റും വൈദ്യുതി കമ്പിവേലികളാൽ സുരക്ഷിതം. അവിടെ റൈനോ, കാട്ടി, സാബിൾ (ആന്റലോപ്പ് വർഗ്ഗത്തിൽ പെട്ടത്), ജിറാഫ്, മാൻ വർഗ്ഗങ്ങൾ തുടങ്ങിയ മൃഗങ്ങളെ തുറന്നു വിട്ടിരിക്കുന്നു.
ആദ്യത്തെ ദിവസം കാട്ടിൽ ഞങ്ങൾ മാത്രമായി ഒരു ടെന്റിൽ നാലുമണിക്കൂർ കഴിഞ്ഞു. തണുത്ത അ‑ലഹരികൾ, പലതരം ചീസുകൾ, ചോക്കലേറ്റുകൾ, ബിസ്ക്കറ്റുകൾ അങ്ങനെ സുഭിക്ഷമായ ഒരു ഔട്ടിങ്, കാട്ടിൽ. ലോക്ക്ഡൗൺ ആയിരുന്നതിനാൽ ലഹരിപദാർത്ഥങ്ങൾ വില്പനയ്ക്കില്ല. ദക്ഷിണാഫ്രിക്കയിലെ മുന്തിരി വീഞ്ഞ് ലോകപ്രസിദ്ധവുമാണ്. ക്യാമ്പ് പാർട്ടി കഴിഞ്ഞിട്ട് മരംകേറ്റം, ചാട്ടം ഒക്കെയാകാം. ഏറെ നേരം മരത്തിനുമുകളിലും മറ്റും കേറി ഫോട്ടോയ്ക്ക് പോസ് ചെയ്തു. മടുത്തപ്പോൾ മൃഗങ്ങളെ തിരഞ്ഞുതുടങ്ങി. മനുഷ്യരായി ഞങ്ങൾ മൂന്നുപേർ മാത്രം.
ദൂരെ തലയനക്കം കണ്ടു. ജിറാഫുകൾ! എണ്ണിനോക്കി. മൂന്നുതലകൾ. അടുത്തു വന്നാൽ പണിയാകുമോ? അറിയില്ല. അവരിങ്ങോട്ട് നോക്കുന്നത് കണ്ടു. വേറെ ആരെല്ലാമുണ്ടോ എന്തോ. സാധാരണ രീതിയിൽ, ആന്റിലോപ്പുകൾ നമ്മുടെ അടുത്ത്, ടെന്റിൽ വരാനുമിടയുണ്ടെന്ന് ഗൈഡ് മുന്നറിയിപ്പ് തന്നിരുന്നു. അതുകൊണ്ട് ചുറ്റിലും ഒരു കണ്ണുണ്ടായിരുന്നു. ഏതായാലും ആരും വന്നില്ല. ഇല കൊഴിഞ്ഞ ശിശിരത്തിൽ, നഗ്നരായി മരച്ചില്ലകൾ ചോന്നു തുടുത്തിരുന്നു. നീലാകാശപ്പെണ്ണിന് സിന്ധൂരം ചാർത്തുംപോലെ ചോപ്പ് പരന്നു. പിന്നെ, ചോപ്പ് മെല്ലെ മാഞ്ഞുതുടങ്ങിയപ്പോൾ ഇരുട്ട് പറഞ്ഞു, ‘പൊയ്ക്കോ, അതാണ് നല്ലത്.’ പേടിയും കൂടി വന്നു. ചീവീടുകൾ പറയുന്ന കഥകൾ കേൾക്കാൻ ക്ഷമയുണ്ടായില്ല. ഞങ്ങൾക്കായി വരുന്ന ജീപ്പിന്റെ ശബ്ദത്തിനായി കാതോർത്തു. ഹോ…ഒടുവിൽ ജീപ്പ് വന്നു. ഞങ്ങൾ ചാടിക്കയറി സുരക്ഷിതവലയത്തിലേക്ക്, മനുഷ്യരുടെ ഇടയിലേക്ക്.
രാത്രി ഭക്ഷണം സുഭിക്ഷമായിരുന്നു, എനിക്ക്. പൊട്ടറ്റോ സൂപ്പ്, ഫ്രഞ്ച് ഫ്രയ്സ്, ബ്രെഡ്. ഉമയും മോളും ഒന്നും കഴിച്ചില്ല. നേരത്തേ കരുതിയിരുന്ന സ്നാക്സുകളിൽ തലപൂഴ്ത്തി അവർ!
നല്ല ഉറക്കമാണ് ഇനി വേണ്ടത്. വൈദ്യുതി കമ്പിളിക്കടിയിൽ ചെറുചൂടിൽ സുഖമായ ഉറക്കം.
പിറ്റേ ദിവസം രാവിലെ വീണ്ടും സുഭിക്ഷ ഭക്ഷണം. ബ്രെഡ്, സോസേജ്, ചീസ്, മുട്ട തുടങ്ങി വിഭവസമൃദ്ധം. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ്. അതിലൊന്ന്, മുട്ടയിൽ പല ചേരുവകൾ ചേർത്ത് ഓംലറ്റ് ഉണ്ടാക്കിയത്. എന്താ സ്വാദ്! സാധാരണ രീതിയിൽ മുട്ട അടിച്ചശേഷം അതിൽ ഉള്ളി, മഷ്റൂം, തക്കാളി, പെപ്പർ തുടങ്ങിയവ ഇട്ടിളക്കി ഓംലറ്റാക്കി പൊരിച്ചെടുക്കാം. ഒടുക്കം ജ്യൂസ്, പിന്നാലെ നല്ല കാപ്പി. മതി. ഉച്ചവരെ വേറെ ഒന്നും കഴിക്കേണ്ട ആവശ്യം ഇല്ല.ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു. ഇനി വനയാത്രയാണ് ഞങ്ങളുടെ അടുത്ത പരിപാടി. വലിയൊരു ജീപ്പിലാണ് യാത്ര. ഞങ്ങൾക്കൊപ്പം വേറെ ഒരു കുടുംബം കൂടിയുണ്ട്. ഗൈഡ് തന്നെയാണ് ഓടിക്കുന്നത്.
ആഫ്രിക്കൻ വനാന്തരം പൊതുവെ കുറ്റിക്കാടുകളാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ നല്ല തണുപ്പുണ്ട്. ഇലകൾ കൊഴിയും, മണ്ണ് ഉണങ്ങും. പല സസ്യങ്ങളും ഉറക്കമാകും. പട്ടിണിയും തണുപ്പും മൂലം മൃഗങ്ങൾ ചത്തു വീഴാം. സ്വകാര്യവനങ്ങളിൽ ഇത്തരം കെടുതികൾ മറികടക്കാൻ ചെറിയ കുളങ്ങൾ പണിയും. അങ്ങനെ പലയിടങ്ങളും കുഴിച്ചിട്ടിരിക്കുന്ന ഭാഗത്ത് നമുക്ക് ചെന്നുകൂടാ. മൃഗങ്ങൾക്ക് ശാന്തമായി വെള്ളം കുടിക്കണമല്ലോ! പോകുംവഴി റൈനോ, വൈൽഡ് ബീസ്റ്റ് (കാട്ടുപോത്ത്) തുടങ്ങിയവയെ കണ്ടു. റൈനോയുടെ കൂർത്ത കൊമ്പ് (മുടി) മുറിക്കാൻ പണ്ടെല്ലാം കൊള്ളക്കാർ ആയുധവുമായി വരുമായിരുന്നു. പോച്ചിങ് നിയമവിരുദ്ധമെങ്കിലും ഇന്നും നടക്കാറുണ്ട്. സാബിൾ (ഒരു തരം ആന്റിലോപ്പ്) എന്ന മൃഗത്തിന്റെ കാര്യം രസകരമാണ്. വിറ്റാൽ പൊന്നുംവില കിട്ടുന്ന ഈ കാട്ടുമൃഗം ഇണ ചേരാനുള്ള മുഹൂർത്തം അടുത്താൽ അടുത്ത ഗെയിം പാർക്കിലെ പെൺസാബിളിനെ തേടി ഉയർന്ന വൈദ്യുതിവേലിയും ചാടിക്കടക്കും. ഇന്നസെന്റിന്റെ ഡയലോഗ് പോലെ, “ഇതല്ല, ഇതിലപ്പുറവും ചാടിക്കടന്നവനാണ് ഈ കെ കെ ജോസഫ്” എന്ന മട്ട്!
ഇതെല്ലാം ഗൈഡ് പറഞ്ഞ കഥകൾ. പിന്നെയും യാത്ര തുടർന്നു. അങ്ങനെയാണ് ജെറിയെ കണ്ടത്. വിദ്വാൻ, രണ്ടുവർഷം പ്രായമുള്ള ജിറാഫു കുട്ടിയാണ്. ജീപ്പ് കണ്ടാൽ ഓടിവരും. അവന് കൊടുക്കാൻ വെള്ളം നിറച്ച കുപ്പി കരുതിവച്ചിട്ടുണ്ട്. ഞങ്ങൾക്കും കിട്ടി വെള്ളം നിറച്ച കുപ്പി. നിപ്പിളും ഉണ്ട്. അവന്റെ അവകാശം. കൊടുത്തു, അവന്റെ വായിൽ നിപ്പിൾ. അവൻ ചപ്പിക്കുടിച്ചുതീർത്തു. മതിവരാതെ അവൻ ജീപ്പിനുള്ളിൽ തലയിട്ട് പരതി. പിന്നെയും ഞങ്ങൾ മാറിമാറി വെള്ളം കൊടുത്തു. ജെറി ഞങ്ങളുടെ ഓമനയായി. ഇഷ്ടംകൂടാൻ എന്തുരസം! അവനെ കാടിന് വിട്ടുകൊടുത്തു വീണ്ടും മുന്നോട്ടുനീങ്ങി ശകടം. തുറസ്സായ പുൽമേട്ടിൽ എത്തിയപ്പോൾ കണ്ടു, ചോന്ന പശുക്കളെ. ആങ്കോൾ പശുക്കൾ (Ankoles) എന്നറിയപ്പെടുന്ന ഇവയുടെ നീളമുള്ള വളഞ്ഞ കൊമ്പുകൾക്ക് ഒരു പ്രത്യേകതയുണ്ട്. കൊമ്പിലൂടെ ചോരയോട്ടം ഉള്ളതിനാൽ ചോന്നിരിക്കും. ആ കൊമ്പ് മുറിച്ചെടുത്താൽ ചോര വാർന്ന് പാവം പശു ചാവും!
ഈ വർഗ്ഗത്തിന്റെ മാംസത്തിനും പാലിനും ഔഷധഗുണമുണ്ട്, നമ്മുടെ വെച്ചൂർ പശുക്കളെപ്പോലെ. ഒമേഗാ എണ്ണയും അൺസാച്ചുറേറ്റഡ് കൊഴുപ്പും അവയുടെ പാലിൽ ഉണ്ട്. പശുവിന്റെ വിലകേട്ടാൽ ഞെട്ടും. ആറു ലക്ഷം സൗത്ത് ആഫ്രിക്കൻ റാൻഡ് (ഏകദേശം 30 ലക്ഷം ഇന്ത്യൻ രൂപ) മുതൽ മൂന്നു മില്യൻ റാൻഡ് (ഒന്നരക്കോടി ഇന്ത്യൻ രൂപ) വരെ വിലവരും പശു ഒന്നിന്! ദക്ഷിണാഫ്രിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ്, സിറിൽ റമഫോസ (Cyril Ramaphosa) യുഗാണ്ടയിൽ നിന്നും കൊണ്ടുവന്ന ആങ്കോൾ പശുവിന്റെ മതിപ്പുവില മുപ്പതുലക്ഷം ഇന്ത്യൻ രൂപയ്ക്കുമേലേ വരുമത്രേ. അതുക്കും മേലേയും പോയാൽ ഒന്നരക്കോടി. പശുവിനൊക്കെ ഇപ്പൊ എന്താ വില! കൂട്ടിലിട്ടു വളർത്തിയ മാംസഭോജികളെ കാണാനായിരുന്നു അടുത്ത യാത്ര. ഗജരാജനും സിംഹികളും, പുലികളും, കടുവകളും വെവ്വേറെ കൂടുകളിലുണ്ട്. ഒരു പുള്ളിപ്പുലിക്കുട്ടിയെ ഞങ്ങളും തൊട്ടു! ഭാഗ്യം, അത് കടിച്ചില്ല. നായ്ക്കുട്ടിയെ പോലെ, ഞങ്ങളുടെ തലോടലിൽ ആലസ്യംപൂണ്ടു കിടന്നു. ഒന്നോർത്തു നോക്കിയാൽ കഷ്ടം തന്നെ. ഇഷ്ടംകൂടാൻ അവർക്കും താല്പര്യം! ദക്ഷിണാഫ്രിക്കയിലെ അഞ്ചു വലിയ ജീവികളെ (Big Fives – Lion, Elephant, Rhinoceros, Cape Buffalo, Leopard) പ്രത്യേക നിയമം കൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. ക്രൂഗർ പാർക്കിൽ ചെന്നാൽ അവരെ എല്ലാവരെയും കാണാം.
കാട്ടിലെ സസ്യഭുക്കുകളെയും കൂട്ടിലെ മാംസഭുക്കുകളെയും കണ്ടു തീർന്നപ്പോൾ ഉച്ചയായി.
ഉച്ചഭക്ഷണം ബൊണാബൊണാ ലോഡ്ജിലെ റെസ്റ്റോറന്റിൽ. കോഴി പൊരിച്ചത് ചിപ്സുമായി ഉമയും, പാസ്റ്റയുമായി മോളും ഭക്ഷണം രസിച്ചുതുടങ്ങിയപ്പോൾ ഞാൻ കാളവാലിൽ (ox-tail) തൂങ്ങി. കാർബ് ആയി ചോറ് കിട്ടി. എനിക്ക് ഒരുനേരം ചോറ് അത്യാവശ്യമാണ്. തനി നാടൻ മലയാളി! ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങൾ തിരികെ യാത്രയായപ്പോൾ ജെറിക്കുട്ടനെ ഞാൻ തിരഞ്ഞു. വേലിക്കപ്പുറം അവനെങ്ങാനും ഉണ്ടോ… ആവോ…