Site iconSite icon Janayugom Online

സ്മോക്കേഴ്സ് പാർട്ടി

രാത്രി ഒമ്പതിനുള്ള വിരുന്നിന്റെ ത്രിൽ ഒട്ടും നഷ്ടമാകാതിരിക്കാൻ കമ്പനിയിൽ നിന്ന് അല്പം നേരത്തെ ഇറങ്ങിയതാണ്. ടൗണിലെ ട്രാഫിക് കുരുക്കുകളിലൂടെ നൂണ്ടുകയറാൻ വളരെ ബുദ്ധിമുട്ടി കാറോടിക്കേണ്ടി വന്നു. പുറപ്പെട്ടപ്പോൾ തന്നെ എട്ടു മണി കഴിഞ്ഞിരുന്നു. ഒരാഴ്ചക്കാലമായി യു എസിലേക്ക് ഒരു കുഴഞ്ഞു മറിഞ്ഞ പ്രോഗ്രാം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വല്ലാത്ത കുഴപ്പം പിടിച്ച പ്രശ്നമായിരുന്നതിനാൽ ഊണും ഉറക്കവും പലപ്പോഴും ഉപേക്ഷിക്കേണ്ടി വന്നു. മിക്കവാറും രാത്രി പന്ത്രണ്ടു മണിക്കാണ് ഫ്ലാറ്റിലെത്താറുണ്ടായിരുന്നത്. ഉറക്കംമൂലം ഭാരം തൂക്കിയ കണ്ണുകളുമായി റൂമിലേക്കെത്തുമ്പോൾ ലേഖ ഉറക്കമിളച്ച് കാത്തിരിക്കുകയും സോനു നല്ല ഉറക്കത്തിലുമായിരിക്കും. 

“അവൻ എന്തെങ്കിലും കഴിച്ചായിരുന്നോ? ” എന്നു തിരിക്കുമ്പോഴേക്കും ലേഖ പരിഭവം കലർന്ന ശബ്ദത്തിൽ പറയും,
” ഇന്നും മൊബൈലു കാണിച്ചാ ആഹാരം കഴിപ്പിച്ചത്. വല്ലാത്ത പാടാണ്.”
വാട്സാപ്പും ഫേസ്ബുക്കും വഴി ഷെയർ ചെയ്തു കിട്ടിയ കുറെ വീഡിയോകൾ ലേഖയുടെ ഫോണിലേക്കു കയറ്റിയിരുന്നു.
മൃഗശാലക്കൂട്ടിൽ അബദ്ധത്തിൽ വീണ സന്ദർശകനെ കടിച്ചു കീറുന്ന കടുവ, പാകിസ്താനിലെ സ്കൂളിൽ ഭീകരരുടെ വെടിവെയ്പ്പിൽ പിടഞ്ഞു വീഴുന്ന കുട്ടികൾ, പാരീസിലെ ‘ഷാർളി ഹെബ്ദോ’ പത്രമോഫീസിലെ വെടിവയ്പ്പ്, തടവുകാരെ ഐ എസ് ഭീകരർ കഴുത്തറുക്കുന്നത്, കെനിയയിൽ ‘ബോക്കോഹറാം’ തീവ്രവാദികൾ കുറ്റവാളികളെ നിരത്തി നിർത്തി നിറയൊഴിക്കുന്നത്, അറവുശാലയിൽ പള്ളക്കു കയറിയ കത്തിയുമായി മരണവെപ്രാളത്തോടെ പാഞ്ഞോടുന്ന പന്നി, തുടങ്ങിയ ചൂടൻ ദൃശ്യങ്ങളാണ് സോനുവിനിഷ്ടം. ഓരോ ദിവസവും പുതുതായി ഡൗൺലോഡ് ചെയ്യുന്ന ഇത്തരം വീഡിയോകൾ കാണിക്കും. വീണ്ടും വീണ്ടും അവ കാണിച്ചാലേ അവൻ എന്തെങ്കിലും കഴിക്കൂ എന്നായിട്ടുണ്ട്. 

ലേഖ പഠിച്ച പണി പതിനെട്ടും നോക്കിക്കാണും. വീഡിയോ ഗെയിമുകളും ടിവിയിലെ കാഴ്ചകളും സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും ഒക്കെ കാണിച്ചു കൊടുത്താലും അവൻ ചോരമയമുള്ള ഭീകരദൃശ്യങ്ങൾ തന്നെ കാണണമെന്ന് വാശിപിടിക്കും. വിവാഹത്തിനു ശേഷം വളരെ കാത്തിരുന്ന്, മരുന്നുകളൊക്കെ കഴിച്ചു കിട്ടിയ ഒറ്റമകനാണ് സോനു.
രാത്രിയിൽ ഒരു ദിവസം നെഞ്ചിലേക്ക് ചാരിക്കിടന്ന് ലേഖ പറഞ്ഞു. 

“നിങ്ങടെ മകൻ ഭാവിയിൽ ടെററിസ്റ്റ് ആകുമോന്നാ എന്റെ പേടി.”
“മോളേ, ലേഖേ നീ ആ പഴയ നിഷ്കളങ്കയായ നാട്ടിൻപുറത്തുകാരിതന്നെ!” എന്നു പറഞ്ഞ് അതു ചിരിച്ചു തള്ളി.
“ലോകത്ത് സൗന്ദര്യവും സമാധാനവും മാത്രമല്ല ഉള്ളതെന്ന് അവൻ ഇപ്പോഴേ മനസ്സിലാക്കട്ടെ.”
” മങ്കൊമ്പിലെ ഉത്സവത്തിന് പോയപ്പോൾ എടുത്ത കുട്ടനാടൻ പാടങ്ങളുടെ വീഡിയോയൊന്നും അവനു കാണണ്ട. ആഹാരം കഴിക്കാൻ നേരം ഓരോ ദിവസവും പുതിയ വീഡിയോ തന്നെ അവനു വേണം. മുമ്പ് കണ്ടതൊന്നും പോര! എന്നും പുതിയ കൊല്ലാക്കൊലകൾ തന്നെ കാണിച്ചില്ലെങ്കിൽ അവന് ഒന്നും കഴിക്കില്ല കേട്ടോ.”
മൃദുവായ കവിളിൽ ചുംബിച്ചപ്പോൾ അവൾ കണ്ണുകളടച്ചു. അവളെ ഭാര്യയായി കിട്ടിയത് ഒരു ഭാഗ്യമായി തോന്നി. കമ്പനിയിൽ അപൂർവമായി വീണു കിട്ടുന്ന നേർത്ത ഇടവേളകളിൽ വേലി ചാടുന്ന ഭാര്യമാരെക്കുറിച്ചാണ് പല സഹപ്രവർത്തകരുടേയും സംസാരം. 

വൈകിട്ട് ചായ സമയത്താണ് രാത്രി പാർട്ടിയുണ്ടെന്ന് മുകേഷ് വന്നു പറഞ്ഞത്. കടവന്ത്രയിലെ ട്രാഫിക് ജാമിൽ കുരുങ്ങിക്കിടക്കുമ്പോൾ ലേഖയെ വിളിച്ചു.
“ജോലി കൂടുതലാണ്. രാവിലെ എട്ടു മണിക്കേ എത്തൂ.” വിശ്വസ്തയായ ഭാര്യയോട് വല്ലപ്പോഴുമൊക്കെ നുണ പറയാവുന്നതാണ്. വീക്കെൻഡുകളിൽ ആഘോഷിച്ചില്ലെങ്കിൽ പിന്നെന്തു ജീവിതമാണ് ? മരിച്ചു ജോലി ചെയ്ത് യന്ത്രം പോലെയായി മാറി. ഒരു റീഫ്രഷ്മെന്റ് റീചാർജൊക്കെ ആണുങ്ങൾക്കാവശ്യമാണ്.
കഴിഞ്ഞയാഴ്ച ഒരു ചാനലിന്റെ അവാർഡ് നിശയോടനുബന്ധിച്ച് നഗരത്തിലെ പ്രശസ്തമായ ഹോട്ടലിൽ സ്റ്റഫ് ഡിസ്ട്രിബ്യൂഷനും ഇതു പോലെ സ്മോക്കേഴ്സ് പാർട്ടിയുമുണ്ടായിരുന്നു. അങ്ങനെ പോലീസ് പ്രൊട്ടക്ഷനിലാണ് ഭരണകൂടത്തെ വരെ നിയന്ത്രിക്കാൻ കെല്പുള്ള അധോലോകത്തിന്റെ കാണാച്ചരടുകളുള്ള നാർക്കോട്ടിക് ശക്തികൾ സംഘടിപ്പിക്കുന്ന ആഘോഷത്തിൽ കലർന്നത്. ഹോട്ടലിനു താഴത്തെ നിലയിൽ സെലിബ്രിറ്റികളുടെ പാർട്ടിയും മുകളിലത്തെ നിലയിൽ സ്മോക്ക് ഡീജെയുമായിരുന്നു. ‘ചിൽഔട്ട് ഡെസ്റ്റിനേഷ’നായി രണ്ടു ഫ്ലോറുകൾ അടച്ചു ബുക്കു ചെയ്തിരിക്കുകയായിരുന്നു. പ്രമുഖ ഐ ടി കമ്പനികളുടെ സ്റ്റാഫുകൾക്കും സിനിമാതാരങ്ങൾക്കും പ്രത്യേകം ക്ഷണവും പ്രധാന കോളേജുകളിലെ കുട്ടികൾക്ക് സാമ്പിൾ വിതരണവുമുണ്ടായിരുന്നു. ഡീജെയിലെത്താത്ത ഐ ടി പ്രൊഫഷനുകളെ ഒറ്റപ്പെടുത്തുന്നതിനാൽ വനിതകളുൾപ്പെടെ ആർക്കും പങ്കെടുക്കാതിരിക്കാനാവില്ല. പുരുഷത്വത്തെത്തന്നെ ഇകഴ്ത്തി സംസാരിക്കുന്ന ഒരു ഘട്ടത്തിലാണ് ആദ്യമായി സ്മോക്കേഴ്സ് പാർട്ടിയുടെ അലൗകികത തിരിച്ചറിഞ്ഞത്. സംഭവങ്ങൾ പുറത്തറിയാതിരിക്കാൻ മാധ്യമപ്പടക്ക് ഒരു വിഹിതം ഡ്രഗ് മാഫിയ നല്കും. 

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒറ്റപ്പെട്ട് ഉള്ളിലേക്കു മാറിനിന്ന ഹോട്ടൽ വളപ്പിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോളേക്കും മുകേഷും വന്നു.
“എടാ, ഡീജെ തുടങ്ങിക്കാണും. ഗോവയിൽ നിന്നുള്ള നല്ല സ്റ്റഫുണ്ടെന്നാണ് അറിഞ്ഞത്. സിനിമാനടിമാരുമൊക്കെ കാണും.”
മുകളിലെ വിശാലമായ എ സി ഹാളിലേക്കുള്ള പടവുകൾ ദിവസങ്ങളിളോളം ആഹാരം കഴിക്കാതിരുന്ന ഒരുവനെപ്പോലെ ആർത്തിയോടെ പാഞ്ഞു കയറുകയായിരുന്നു.
ഹാളിലാകെ അരണ്ട ഗോൾഡൻ വെളിച്ചം വിങ്ങി നിറഞ്ഞു കിടന്നു. ഒരു വശത്ത് പലതരം മദ്യക്കുപ്പികൾ ആവശ്യക്കാരെ കാത്തിരിപ്പുണ്ടായിരുന്നു. മറുവശത്ത് വേശ്യകളെപ്പോലെ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന നേരിയ നനവുള്ള സിഗരറ്റുകൾ. ഡാൻസിനു പറ്റിയ ഏതോ വെസ്റ്റേൺ മ്യൂസിക് പശ്ചാത്തലത്തിൽ വീണു ചിതറിക്കൊണ്ടിരുന്നു.
എടിഎം ൽ നിന്നെടുത്ത ഇരുപത്തയ്യായിരം ക്യാബിനിൽ മേശപ്പുറത്ത് വെച്ച് ടോക്കൺ വാങ്ങിയാണ് അകത്തു കടന്നത്.
ഹാളിൽ പരന്നു തുടങ്ങിയ പുക മൂക്കിലൂടെ വലിച്ചു കയറ്റിയപ്പോൾ ഉന്മേഷം തോന്നി. ട്രേയിൽ നിന്ന് സിഗരറ്റ് എടുത്തു കത്തിച്ചു പുകയെടുത്തപ്പോൾ കാലുകൾ ഉറക്കാതായി. മേഘപടലങ്ങളിലൂടെ ഒഴുകിപ്പോകാൻ തുടങ്ങി. ഇടക്ക് അപ്സരസുകളുടെ മാദക നൃത്തത്തിനിടയിൽ അവരുടെ പൊട്ടിച്ചിരികളിലൂടെ, തലോടലുകളിലൂടെ അനന്തമായി പറന്നു നടന്നു. ആനന്ദത്തിന്റെ ഉയർന്ന വിതാനങ്ങളിലൂടെയുള്ള ഉറക്കമില്ലാത്ത അലച്ചിലായിരുന്നു.

വെളുപ്പിന് കണ്ണുതുറക്കുമ്പോൾ വിവസ്ത്രനായി ഹാളിലെ ചുവന്ന വെൽവെറ്റ് പരവതാനിയിൽ കിടക്കുകയായിരുന്നു. അപ്പോളും അടങ്ങാത്ത പുകച്ചുരുളുകൾക്കിടയിൽ നഗ്നരായ സ്ത്രീകളും പുരുഷന്മാരും അവിടവിടെ ചിന്നിത്തെറിച്ച് കിടക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് സമീപത്തു തന്നെ ജീൻസും ടീഷർട്ടും കിടപ്പുണ്ടായിരുന്നു. ഞരക്കങ്ങൾക്കിടയിൽ അതും ധരിച്ച് വേച്ചു വേച്ച് പുറത്തേക്കിറങ്ങി. മുകേഷ് എവിടെയാണാവോ?
ശരീരം വല്ലാതെ വിയർത്തു വിറച്ചു കൊണ്ടിരുന്നു. എ സി ഓൺ ചെയ്തിട്ടും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. കാർ അലറിപ്പാഞ്ഞ് റോഡിലൂടെ പോയി. ആരെയൊക്കെയോ ഇടിച്ചു വീഴ്ത്തുന്നതും തെറിച്ചു പോകുന്നതും നിലവിളികൾ നിറയുന്നതുമൊക്കെ ചുറ്റുപാടുനിന്നും അറിയുന്നുണ്ട്. സ്കേറ്റിംഗിൽ തെന്നിത്തെറിച്ചു പോകും പോലെയാണ് കാർ നീങ്ങിയതെന്നു തോന്നി. 

ഫ്ലാറ്റിലെത്തി, ഡോർ ബെല്ലടിച്ചു. അടുക്കളയിലെ ദോശയുടെ മണവുമായി വാതിൽ തുറന്ന ലേഖ അമ്പരന്നു.
“ഇതെന്താ വേറെ വേഷത്തില്. ഇന്നലെ ഇവിടുന്ന് പോയത് ഇങ്ങനെയായിരുന്നില്ലല്ലോ.”
ഡ്രസ് മാറിപ്പോയ കാര്യം അപ്പോഴാണ് അറിഞ്ഞത്. ഒന്നും മിണ്ടാതെ നേരേ ചെന്ന് ബാത്ത് റൂമിൽ ഷവറിനു താഴെ തണുത്ത വെള്ളത്തിൽ കുറെ നേരം നിന്നു.
ലേഖ ശക്തമായി പലതവണ മുട്ടിയപ്പോളാണ് ബാത്ത് റൂമിന്റെ ഡോർ തുറന്നത്.
തണുത്തു വിറങ്ങലിച്ചു നിന്നപ്പോൾ അവളാണ് തലതോർത്തി, ഡ്രസ് മാറ്റി ലുങ്കി ഉടുപ്പിച്ചത്.
അവൾ വിതുമ്പുന്നുണ്ടായിരുന്നു. “എന്തിനാ ഇങ്ങനെ ഉറക്കം പോലുമില്ലാതെ കഷ്ടപ്പെടുന്നത്. ഞാനും കുഞ്ഞും ഇവിടെ ഒറ്റക്കാണെന്നറിയാവുന്നതല്ലേ. ഏതെങ്കിലും കുറഞ്ഞ ശമ്പളമുള്ള ചെറിയ ജോലി പോരേ നമുക്ക് ജീവിക്കാൻ.”
മറുപടിപറഞ്ഞില്ല. 

ഇവൾക്കെന്തറിയാം. ഇന്നത്തെക്കാലത്ത് ജീവിച്ചുപോകണമെങ്കിൽ ഈ ശമ്പളമൊന്നും പോര. പെട്ടെന്ന് തല പിളർക്കുന്ന മാതിരി തലവേദന തുടങ്ങി. മുന്നിൽ ചലിക്കുന്ന അവ്യക്തമായ ബഹുവർണ്ണ ചിത്രങ്ങൾ വിരിഞ്ഞു വന്നു. എവിടെയോ കടന്നലിന്റെ ഇരമ്പം കേട്ടു.
നേരേ പോയി ബെഡ്ഡിലേക്കു വീണു. കുറേക്കഴിഞ്ഞ് കിച്ചണിൽ ലേഖയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്.
“ദേ, ഇവനൊന്നും കഴിക്കുന്നില്ല കേട്ടോ” എഴുന്നേറ്റു ചെല്ലുമ്പോൾ മൊബൈലിലെ ദൃശ്യങ്ങൾ കാണിച്ച് സോനുവിന് ദോശ വായിൽ വെച്ച് കൊടുക്കുകയാണ് അവൾ.
“ഇതൊക്കെ കണ്ടതാ ഡാഡീ. സോനൂന് പുത്തൻ കാണണം. ഭയങ്കര ബോറഡിയാ.” എന്നു പറഞ്ഞ് ചിണുങ്ങുന്ന അവൻ വാശിയിലാണ്.
ലേഖ നോക്കി കണ്ണിറുക്കുന്നു. “ആവശ്യമില്ലാത്തതൊക്കെ ചെറുക്കനെ പഠിപ്പിച്ചോളും. അനുഭവിക്ക് കമ്പ്യൂട്ടർ എഞ്ചിനീയറ്” അവൾ ചിരിക്കുന്നു.
പെട്ടെന്ന് കിച്ചൺ സ്ലാബിൽ കറിക്ക് നുറുക്കുന്ന കത്തിയിരിക്കുന്നതു കണ്ടു. വെട്ടിത്തിളങ്ങുന്ന അത് ഒറ്റയടിക്ക് കയ്യിലെടുത്തു. ലേഖയുടെ മുടിക്കുത്തിന് ഇടതു കൈ കൊണ്ട് പിടിച്ച് അവളെ വലിച്ചുയർത്തി. ആ മൃദുവായ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്ത് തിളങ്ങുന്ന കത്തി അവളുടെ വിറക്കുന്ന കഴുത്തിനോട് ചേർത്ത് താഴ്ത്തി. ചോര പുറത്തേക്കു ചീറ്റി.
“ഡാഡീ, സൂപ്പർ…സൂപ്പർ…”
സോനു ദോശക്കഷണം തിന്നു കൊണ്ട് ഉത്സാഹപൂർവ്വം അലറിവിളിച്ചു കയ്യടിച്ചു.
>

Exit mobile version