വാക്കുകൾ എപ്പോഴും
ചിത്രം വരയ്ക്കാറുണ്ട്
മുറിഞ്ഞ വാക്കുകൾ
ഒത്തിരി ചോദ്യങ്ങൾ
ബാക്കിവച്ച്
പൂർത്തിയാകാത്ത
ചിത്രംപോലെ
മനസിൽ
അവശേഷിക്കും
പൊട്ടിത്തെറിക്കുന്ന
വാക്കുകൾ
പ്രക്ഷുബ്ധമായ
ഒരു
കടൽച്ചിത്രമായ് മാറി
അശാന്തമായ
തീരം തീർക്കുന്നു
നല്ല വാക്കുകൾ
മഞ്ഞ് കൊഴിയുന്ന
ചിത്രമായി
ഹൃദയത്തിലേക്ക്
മെല്ലെ ആഴ്ന്നിറങ്ങും
മുനവച്ച വാക്കുകളിൽ
ശിരസറ്റ ദാരികന്റെ
ചിത്രത്തിലെ
രക്തത്തുള്ളികൾ
ഇറ്റു വീഴുന്നതു കാണാം
അത് കണ്ണുകളിൽ
തീർക്കുന്നത്
ഭയത്തിന്റെറെ ലാഞ്ചനകൾ
അപ്പോഴും
മൗനത്തിന്റെ
അനന്തമായ നിലാകാശം
പശ്ചാത്തലമായ്
തെളിഞ്ഞു നിൽക്കും
വാക്കു കൊണ്ടൊരു ചിത്രം

