Site iconSite icon Janayugom Online

ഹിറ്റാക്കാന്‍ ശൈലജ ടീച്ചര്‍ ഒപ്പം ചേര്‍ന്ന് വി എസ് ശിവകുമാര്‍

ഇപ്പോഴത്തെ പിള്ളേർക്ക് ഒരുത്തരവാദിത്തവും ഇല്ലെന്ന് പറയുന്നവർക്ക് വെള്ളരിക്കാപ്പട്ടണത്തിലേക്ക് സ്വാഗതം. ജീവിതത്തോട് ഒരല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ നിങ്ങൾക്ക് ഈ സിനിമയെ സ്നേഹിക്കാനാവുമെന്നാണ് വെള്ളരിക്കാപ്പട്ടണം ടീം പറയുന്നത്.
സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി എത്തുന്ന സിനിമയാണ് നവാഗത സംവിധായകൻ മനീഷ് കുറുപ്പിന്റെ വെള്ളരിക്കാപ്പട്ടണം. മംഗലശ്ശേരി മൂവീസിന്റെ ബാനറിൽ മോഹൻ കെ കുറുപ്പാണ് സിനിമ നിർമിക്കുന്നത്. ഏറെ പുതുമയുള്ള ചിത്രം തികച്ചും വ്യത്യസ്തമായ ഇതിവൃത്തമാണ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. അവതരണത്തിലും ഉള്ളടക്കത്തിലും പുതുമയുണർത്തുന്ന സിനിമയിലൂടെ മുൻമന്ത്രിമാരായ കെ കെ ശൈലജയും, വി എസ് ശിവകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പരമ്പരാഗത സിനിമാ ശൈലികളിൽ നിന്നും വ്യത്യസ്തമായാണ് സിനിമയുടെ ചിത്രീകരണം നടന്നതെന്ന് അണിയറപ്രവ‍ർത്തകർ. ചുരുക്കം അണിയറപ്രവർത്തരെ മാത്രം ഏകോപിപ്പിച്ചായിരുന്നു ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും. രസകരമായ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കിയ സിനിമ ഒരു ഫാമിലി എന്റർടെയ്നറാണ്. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കുന്ന ദൃശ്യഭംഗിയും മനോഹരങ്ങളായ പാട്ടുകളുമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. പുറത്തുവിട്ട ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി. 

ചിത്രത്തിലെ അഞ്ച് പാട്ടുകളിൽ രണ്ട് പാട്ടുകൾ പ്രശസ്ത ഗാനരചയിതാവ് കെ ജയകുമാറും മൂന്ന് പാട്ടുകൾ സംവിധായകൻ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്. പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിന്റെ കഥയാണ് കേന്ദ്രപ്രമേയം. കൃഷിയിലൂടെയും അനുബന്ധ പ്രവർത്തനങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കൃഷിയോടൊപ്പം ചെറുപ്പക്കാരുടെ സ്വതന്ത്ര ചിന്താഗതിയെ കുറിച്ചും സിനിമ ചർച്ച ചെയ്യുന്നുണ്ട്. സസ്പെൻസും ആക്ഷനും ത്രില്ലറുമൊക്കെ അടങ്ങിയ സിനിമ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മുൻ മന്ത്രിമാരായ കെ കെ ശൈലജയെയും വി എസ് ശിവകുമാറിനെയും കൂടാതെ ടോണി സിജിമോൻ, ജാൻവി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയൻ ചേർത്തല, എം ആർ ഗോപകുമാർ, കൊച്ചുപ്രേമൻ, ജയകുമാർ, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂർ, സൂരജ് സജീവ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നിർമ്മാണം മോഹൻ കെ കുറുപ്പ്,ക്യാമറ ധനപാൽ, സംഗീതം ശ്രീജിത്ത് ഇടവന, ഗാനരചന കെ ജയകുമാർ, മനീഷ് കുറുപ്പ്, സംവിധാനസഹായികൾ വിജിത്ത് വേണുഗോപാൽ, അഖിൽ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ് ഇർഫാൻ ഇമാം, സതീഷ് മേക്കോവർ, സ്റ്റിൽസ് അനീഷ് വീഡിയോക്കാരൻ, കളറിസ്റ്റ് മഹാദേവൻ, സി ജി വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റിൽ ഡിസൈൻ സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോർട്ട് ബാലു പരമേശ്വർ, പി ആർ ഒ പി ആർ സുമേരൻ, പരസ്യകല കൃഷ്ണപ്രസാദ് കെ വി, സെക്കൻറ് യൂണിറ്റ് ക്യാമറ വരുൺ ശ്രീപ്രസാദ്, മണിലാൽ, സൗണ്ട് ഡിസൈൻ ഷൈൻ പി ജോൺ, ശബ്ദമിശ്രണം ശങ്കർ. 

Exit mobile version