പാദസരങ്ങൾ നനയ്ക്കാൻ അവൾ പുഴയിലേക്കിറങ്ങി. അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. അവളുടെ ഉടലിനെ പൊതിഞ്ഞു മഴത്തുള്ളികൾ നിറഞ്ഞു. തണുത്തകാറ്റിൽ അവൾ വിറച്ചു. പാദങ്ങളിൽ ചൂട് തട്ടി അവൾ നോക്കുമ്പോൾ പുഴ വരണ്ടിരിന്നു. പെയ്തിറങ്ങിയ മഴ അവളുടെ അരക്കെട്ടുവരെ മാത്രം നനച്ചു. അതിനുശേഷം വരൾച്ചയായിരുന്നു. ഉടലിൽ വീണ മഴത്തുള്ളികൾ നീരാവിയായി. അവളുടെ ശ്വാസം ഉഷ്ണക്കാറ്റായി. അവൾ കാറ്റിനോടൊപ്പം അലിഞ്ഞു ചേർന്നു. അവളെ അവർ പാഴ്‍ഭൂമിയെന്നു വിളിച്ചു. അവൾ ചിരിച്ചു. അവൾ പോയി, കൂട്ടിനു ഈറനണിഞ്ഞ പീലികളെയും കൂട്ടി.
തെളിവാർന്ന കായലിന്റെ മുഖത്തേക്ക് വാനം നോക്കി. അവൻ പറഞ്ഞു, “നമ്മൾ കഴിഞ്ഞ ജന്മം കണ്ടപ്പോൾ നീ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ?” കൗതുകത്തോടെ കായൽ കണ്ണിറുക്കി. വാനത്തിന്റെ മനസ്സിൽ പൂർവകാല സ്മൃതികൾ വെമ്പൽ പൂണ്ടു. അവൻ അവയെ അവളിലേക്ക് പകർന്നു. അവരുടെ വിനിമയത്തിൽ പ്രകൃതി ചിരിച്ചു. വാനം തന്റെ മേഘങ്ങളെ അവളിൽ പൂക്കളായി വിതറി. അവയുടെ നനവുകളെ അവൾ തന്നിലേക്ക് വലിച്ചെടുത്തു. അവരുടെ ചിരികൾ ഒന്നായി. സ്മൃതികളിൽ നിലാമഴ പെയ്തിറങ്ങി. നിശാഗന്ധികൾ കണ്ണടച്ചു. സമയം അവരിൽ ശാന്തി മുഹൂർത്തമായി.
നഖത്തിനാണോ മനസ്സിനാണോ ഭംഗിയെന്ന് അവൻ ചോദിച്ചു. മിനുക്കിയ നഖത്തിന് അർത്ഥമുണ്ടെന്നു അവൾ പറഞ്ഞപ്പോൾ അവനൊന്നും മനസിലായില്ല. മനസ്സിന്റെ ഭംഗി തേടിപ്പോയ അവനിലേക്ക് ഒരു മനസും ചേർന്നില്ല. അവന്റെ മനസും സ്വപ്നങ്ങളും തളർന്നുറങ്ങുമ്പോൾ അവളുടെ മിനുക്കിയ നഖം അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നു. ആ രക്തം അവളുടെ നഖങ്ങൾക്കു അലങ്കാരമായി. അവൾ പറഞ്ഞതിന്റെ അർത്ഥം അവനിലെ ബോധം തിരിച്ചറിഞ്ഞു.
“കാടൊരു ഇരുണ്ട ഭൂമിയാണ്. ചോരയും രോദനങ്ങളും ഒളിപ്പിച്ച മറവിയാണ്. കാട്ടുപൂക്കൾ കൊണ്ട് ചിരിക്കുന്ന വഞ്ചനയാണ്. തണുത്ത മണ്ണിന്റെ മാറിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകൾ അതിന്റെ വികാരങ്ങളാണ്. പെയ്തൊഴിയാതെ കരയുന്ന ചില്ലകളിൽ ഇരുന്നു പാടുന്ന കാട്ടുകിളിയുടെ ഹൃദയം കൊത്തിപ്പറിക്കാൻ അവർ കാത്തു നിൽപ്പുണ്ട്. പൊഴിഞ്ഞു വീണ ഇലകളിൽ മോഹത്തിന്റെ ലാളനയുണ്ട്. മണ്ണടിഞ്ഞ മോഹങ്ങളിൽ നടനമാടുന്ന പുഴുക്കളിൽ വന്യതയുടെ അർത്ഥമുണ്ട്. ” അവൻ എഴുത്തു നിർത്തി എഴുന്നേറ്റു. ജനൽപാളിയിലൂടെ വന്ന കാറ്റ് അവനെ പുൽകി. ആ കാറ്റിനു എരിയുന്ന ചിതയുടെ മണമായിരുന്നു.