ലോകത്ത് രണ്ടു കാലങ്ങളിൽ രണ്ടു പ്രശസ്തർക്ക് നേരേ നടന്ന കൊലപാതക ശ്രമങ്ങൾ. അവ രണ്ടും പരാജയപ്പെടുകയും എന്നാൽ അവ രണ്ട് ശ്രേഷ്ഠ സാഹിത്യകൃതികൾക്ക് വഴിതെളിക്കുകയും ചെയ്ത കഥയാണ് ഇവിടെ പറയുന്നത്. ഐറിഷ് നാടകകൃത്ത് സാമുവൽ ബക്കറ്റ് 1938 ജനുവരി ആറിന് രാത്രിയിൽ പാരീസ് നഗരത്തിൽ ഒരു സിനിമ കണ്ടിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബക്കറ്റിന്റെ നാടകങ്ങളിലെ പോലെ കറുത്ത രാത്രി. പരസ്പരം ചേരാത്ത മഞ്ഞും പൊടിക്കാറ്റും സങ്കീർണ്ണമാക്കിയ രാത്രി. ഒപ്പം കൂട്ടുകാരായ ദമ്പതിമാരും ഉണ്ടായിരുന്നു. നടന്നുനടന്ന് കുറെ ദൂരം പിന്നിട്ടപ്പോഴേക്കും തെരുവിൽ ആ രാത്രിയിൽ അവർക്കാർക്കും പരിചിതനല്ലാത്ത ഒരാൾ അവരെ സമീപിച്ച് കുറച്ചു പണം ആവശ്യപ്പെട്ടു. അയാൾ നന്നായി മദ്യപിച്ചിരുന്നു. തീർത്തും അപരിചിതനായ ആ മനുഷ്യന്റെ ശല്യം സഹിക്കവയ്യാതായപ്പോൾ സാമുവൽ ബക്കറ്റ് അയാളെ തള്ളി താഴെയിട്ടു. അയാളുടെ വസ്ത്രത്തിനടിയിൽ ഒരു കത്തി കരുതിയിട്ടുണ്ടായിരുന്നു. കത്തിയെടുത്ത് അയാൾ ദേഷ്യത്തോടെ സാമുവൽ ബക്കറ്റിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി. ബക്കറ്റിന്റെ ഓവർ കോട്ടിനെയും ഉടുപ്പിനെയും കടന്ന് കത്തി മാംസത്തിലേക്ക് ഇറങ്ങി. ഹൃദയത്തിനും ശ്വാസകോശത്തിനും അടുത്തുവരെച്ചെന്ന് അതുനിന്നു. ഒരല്പം കൂടി മുന്നോട്ടു പോയിരുന്നെങ്കിൽ സാമുവൽ ബക്കറ്റ് ഒരുപക്ഷേ ഹൃദയത്തിൽ മുറിവേറ്റ് അപ്പോഴേ മരിച്ചു വീണേനെ. സാമുവൽ ബക്കറ്റ് താഴേക്ക് വീണു ചോര വാർന്നൊഴുകിക്കൊണ്ടിരുന്നു. ഗുരുതരമായ പരുക്ക്. അദ്ദേഹത്തെ അവിടെ എത്തിയവർ എല്ലാവരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാഴ്ചത്തെ തീവ്ര പരിചരണം വേണ്ടിവന്നു ബക്കറ്റിന് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ. ആ ദിവസങ്ങളിലെല്ലാം ഈ അക്രമിയുടെ പേരും ചിത്രങ്ങളും പത്രങ്ങളിൽ വന്നുകൊണ്ടിരുന്നു. സാമുവൽ ബക്കറ്റ് അക്കാലത്ത് അത്ര വലിയ എഴുത്തുകാരൻ ഒന്നുമായിരുന്നില്ല. എങ്കിലും നഗരത്തിൽ രാത്രിയിൽ സംഭവിച്ച ആക്രമണം അന്ന് വലിയ വാർത്തയായി. അക്കാലത്ത് സാമുവൽ ബക്കറ്റ് എഴുതിയ പുസ്തകങ്ങൾ ഒന്നുംതന്നെ വലിയ ശ്രദ്ധയൊന്നും കൈവരിച്ചിരുന്നുമില്ല. മുമ്പെഴുതിയ നാടകങ്ങൾക്കും അത്രതന്നെ വലിയ പ്രത്യേകതകൾ ഒന്നും എടുത്തു പറയാനില്ലായിരുന്നു. കുറച്ചു കവിതകളും ചെറുകഥകളും ചെയ്തുകൊണ്ടിരുന്ന അദ്ദേഹം ആക്രമണം ഉണ്ടാകുന്ന കാലത്ത് ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.
പത്രങ്ങളിൽ നിന്ന് അക്രമിയുടെ ഫോട്ടോയും വാർത്തകളും കണ്ടറിഞ്ഞ് ബക്കറ്റ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി അയാളെ ജയിലിൽ കാണാൻ പോയി. അയാളുടെ പേരാണ് ബക്കറ്റിന് ഏറ്റവും കൗതുകമായി തോന്നിയത്. പ്രുഡന്റ് എന്നായിരുന്നു അയാളുടെ പേര്. പ്രുഡന്റിന് അർത്ഥം ‘വിവേകമതി’ എന്നാണ്. അതും ഒരു വൈചിത്ര്യം തന്നെ. സാമൂൽ ബക്കറ്റ് തന്റെ നാടകത്തിലൂടെ ചൂണ്ടിക്കാട്ടിയ കറുത്തഹാസ്യങ്ങളുടെ തുടക്കം ഇതോടെയാണ് മുളച്ചു തുടങ്ങിയത്. കേസിന്റെ വിചാരണ തുടങ്ങിയപ്പോൾ ബക്കറ്റ് കോടതിയിൽ പോയി പ്രൂഡന്റിനെ കണ്ടു എന്നിട്ട് ചോദിച്ചു. ”എന്നോട് എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്തത്?” പ്രൂഡന്റിന്റെ മറുപടി ഇങ്ങനെയായിരുന്നു,
”എനിക്കറിയില്ല സർ.”
പ്രൂഡന്റ് പറഞ്ഞ മറുപടി അദ്ദേഹത്തിന്റെ മനസിൽ തറച്ചു. വാക്കുകളുടെ സാരാംശം നന്നായി മനസിലാക്കിയ ആ എഴുത്തുകാരനിൽ അത് ഒരു പുതിയ മാനസികാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. താൻ ചെയ്ത ഒരു വലിയ കുറ്റകൃത്യം എന്തിന് ചെയ്തു എന്നു പോലും അറിയാൻ വയ്യാത്ത ഒരു മനുഷ്യൻ. ഒരു കാര്യവുമില്ല, അവന്റെ ബുദ്ധിക്ക് എന്തെങ്കിലും തകരാറ് പറ്റിയതാണെന്ന് ബക്കറ്റ് അനുമാനിച്ചു. ആ മനുഷ്യന് മാപ്പു കൊടുക്കാൻ ബെക്കറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. ആശുപത്രിക്കിടക്കയിൽ താൻ അനുഭവിച്ച വേദനകളെക്കാളും അസ്വസ്ഥതകളെക്കാളും ബക്കറ്റിനെ സ്വാധീനിച്ചത് ‘എനിക്കറിയില്ല’ എന്ന പ്രൂഡന്റിന്റെ മറുപടിയാണെന്ന് സാഹിത്യലോകം വിശ്വസിക്കുന്നു. ബക്കറ്റിന്റെ പിൽക്കാല കൃതികളിൽ പലതിലും ‘എനിക്കറിയില്ല’ എന്ന പ്രയോഗം വ്യാപകമായി കാണുന്നത് ഈ സ്വാധീനത്താലാണ് എന്നാണ് നിരൂപകന്മാർ വിലയിരുത്തുന്നത്. ഭീകരമായ ഒരാക്രമണത്തെ നേരിട്ട മനുഷ്യൻ, മനുഷ്യ ജീവിതത്തിലെ കാരണ രാഹിത്യത്തിന്റെ അടിത്തറ തേടി പോയത് അങ്ങനെയാവാം. സാമുവൽ ബക്കറ്റ് വർഷങ്ങളോളം അതേപ്പറ്റി ആലോചിക്കുകയും മനുഷ്യമനസിന്റെ വിവിധ തലങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു. ആ പഠനത്തിന്റെ ഉൾക്കനമാണ് അദ്ദേഹത്തെക്കൊണ്ട് പിന്നീട് ‘ഗോദയെകാത്ത്’ എന്ന നാടകം എഴുതിച്ചത്. ‘അസംബന്ധ നാടകങ്ങൾ’ എന്ന നാടക വിഭാഗത്തിന് വലിയ സംഭാവനയായിരുന്നു ‘ഗോദയെക്കാത്ത്.’ ഈ നാടകം ജീവിതത്തിന്റെ വ്യർത്ഥതകളെക്കുറിച്ചാണ് ചർച്ച ചെയ്തത്.
പത്തുവർഷം കൊണ്ടാണ് അദ്ദേഹം തന്റെ ഏറ്റവും പ്രശസ്തമായ ഈ കൃതി എഴുതി ഉണ്ടാക്കിയത്. ഒരുപക്ഷേ ആ ആക്രമണം ഉണ്ടായിരുന്നില്ലെങ്കിൽ സാഹിത്യലോകത്ത് ഒട്ടുമേ ചലനം സൃഷ്ടിക്കപ്പെടാതെ ബെക്കറ്റ് എന്ന എഴുത്തുകാരൻ കടന്നുപോയേനെ. അക്രമണം ഉണ്ടാക്കിയ മാനസികവും വൈകാരികവുമായ മുറിവുകൾ വളരെ വലുതായിരുന്നു ബക്കറ്റിന് എന്ന് കൃതിയുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഏതൊരാൾക്കും മനസിലാകും. മരണത്തെ മുഖത്തോട് മുഖം നേരിട്ട ഒരു മനുഷ്യൻ, ആഴ്ചകളോളം അതിന്റെ കെടുതികൾ അനുഭവിച്ച ഒരാൾ തന്റെ ജീവിതത്തിൽ പക്വത കൈവരിക്കുമെന്ന് ബക്കറ്റിന്റെ കൃതിയിലൂടെ മനസിലാക്കുകയാണ്. സാഹിത്യലോകത്ത് ആരുമല്ലാരുന്ന ബെക്കറ്റിന് ഈ കൃതിയോടെ വലിയ അംഗീകാരമാണ് ലഭിച്ചത്. 1969 ൽ ഈ കൃതിക്ക് നോബൽ സമ്മാനം ലഭിച്ചു. ലോക നാടക വേദിയിൽ അസംബന്ധ നാടകങ്ങളുടെ അവതാരകരിൽ പ്രമുഖനായും അതോടെ അദ്ദേഹം അവരോധിക്കപ്പെടുകയും ചെയ്തു. ഇന്നു ലോകം മുഴുവൻ അറിയപ്പെടുന്ന നാടക പ്രതിഭയാണ് ബെക്കറ്റ്. മനുഷ്യന്റെ വിവിധ വികാരങ്ങളെ തിരിച്ചറിയാനുള്ള ഉൾക്കാമ്പ് അദ്ദേഹത്തിനുണ്ടായത് തനിക്ക് നേരെ നടന്ന ഈ ആക്രമണത്തിലൂടെയാകാം.
2022 ഓഗസ്റ്റ് 12 ന് ന്യൂയോർക്കിൽ ഒരു ചടങ്ങിനിടയാണ് സൽമൻ റുഷ്ദിക്കെതിരെ ആക്രമണം ഉണ്ടായത്. ‘എഴുത്തുകാരെ ആക്രമണങ്ങളിൽ നിന്നും സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യ’ത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ എത്തിയതായിരുന്നു റുഷ്ദി. അപ്പോൾ അദ്ദേഹത്തിന് 75 വയസ് പ്രായം. അക്രമിക്ക് ഇരുപത്തിനാല്. അതിനുമുമ്പും പല തവണ അദ്ദേഹത്തിന് ആക്രമണത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് കാലം ഭയത്തോടെ ജീവിതം നയിച്ചയാൾ കൂടിയാണ് റുഷ്ദി. ഇത്തവണ ആക്രമണത്തിൽ അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഒരു കൈയുടെ ഉപയോഗം ഭാഗികമായും ഇല്ലാതായി. മരണത്തെ മുഖാമുഖം കണ്ട് ആശുപത്രി കിടക്കയിൽ അവശതകളും കഷ്ടതകളുമായി അദ്ദേഹം ഒരുപാട് അനുഭവിച്ചു.
ആശുപത്രിയിലെ ദുരിതാനുഭവങ്ങളുടെ വിവരണവും മാറ്റാൻ കഴിയാത്ത തന്റെ നിലപാടുകളുടെ നേർചിത്രവുമാണ് ശാരീരിക ശേഷി വീണ്ടെടുത്ത ശേഷം 2024 ൽ അദ്ദേഹം എഴുതിയ ‘നൈഫ്’ എന്ന പുസ്തകം. താൻ രക്ഷപ്പെട്ടു കഴിഞ്ഞു എന്നുറപ്പായശേഷം പ്രതിയെ ജയിലിൽ പോയി കാണണമെന്ന് റുഷ്ദി ആഗ്രഹിച്ചു. പക്ഷേ ആരും സമ്മതിച്ചില്ല.
‘ഇരുപത്തേഴ് സെക്കന്റുകൾ മാത്രമുള്ള ഒരു കൂടിക്കാഴ്ച’ എന്നാണ് അക്രമി പതിനഞ്ച് തവണ തലങ്ങും വിലങ്ങും തന്നെ കുത്തിയ നിമിഷങ്ങളെ എണ്ണി റുഷ്ദി നൈഫിൽ എഴുതുന്നത്. ‘അപരിചിതർ തമ്മിലുള്ള ഒരടുപ്പം’ എന്ന് അദ്ദേഹം ഈ സമയത്തെ നൈഫിൽ വിശേഷിപ്പിക്കുന്നു. സൽമാൻ റുഷ്ദി അപ്പോൾ എഴുതി പൂർത്തിയാക്കിയിരുന്ന ‘വിക്ടറി സിറ്റി’ എന്ന നോവലിലെ നായികയ്ക്കും നോവലിൽ ഒരിടത്ത് വച്ച് കാഴ്ച നഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇത് ആക്രമണത്തിനുശേഷം അദ്ദേഹം എഴുതി ചേർത്തതാണോ എന്ന് വായനക്കാർക്ക് തോന്നിയേക്കാം. എന്നാൽ അങ്ങനെയല്ല ആക്രമണത്തിന് മുമ്പ് തന്നെ ഈ നോവൽ റുഷ്ദി പൂർത്തീകരിച്ചിരുന്നു എന്ന് നൈഫിൽ എഴുതുന്നു. പുസ്തകത്തിൽ അദ്ദേഹത്തിന് അക്രമിയുടെ പേര് പറയാൻ പോലും താല്പര്യമില്ല അതിനാൽ അയാളെ ‘എ’ എന്നാണ് വിളിച്ചത്. ഇവിടെ ഭാഗ്യം ആയിരുന്നു റുഷ്ദിയെ രക്ഷപ്പെടുത്തിയത്. ‘ആക്രമിച്ച ആളിന് ഒരാളെ കത്തികൊണ്ട് കൊല്ലേണ്ടത് എങ്ങനെയെന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല’ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. സൽമാൻ റുഷ്ദി ആരെന്ന് അക്രമിക്ക് അറിയില്ലായിരുന്നു. മറ്റാരുടെയോ പ്രേരണയാൽ ചെയ്ത കുറ്റം. റുഷ്ദിയെ നേരിൽ കണ്ടിട്ടില്ല ഫോട്ടോ കണ്ടുള്ള പരിചയം മാത്രം. രണ്ട് യൂട്യൂബ് വീഡിയോകളും അദ്ദേഹത്തിന്റേയി അക്രമി കണ്ടിട്ടുണ്ടായിരുന്നു. ‘അയാൾ ഒരു കാപട്യക്കാരനാണ് അങ്ങനെയുള്ളവരെ എനിക്കിഷ്ടമല്ല’ ഇതായിരുന്നു അക്രമി പറഞ്ഞ ഏക കാര്യം. റുഷ്ദി പ്രശസ്തനായ ഒരു എഴുത്തുകാരനാണെന്ന് പോലും ആക്രമിക്കറിയില്ലായിരുന്നുവത്രേ. ജീവൻ തിരികെ കിട്ടി. പതിമൂന്ന് മാസം വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയേണ്ടി വന്നു. പ്രധാനപ്പെട്ട പല അവയവങ്ങൾക്കും ശസ്ത്രക്രിയ വേണ്ടിവന്നു. അവസാന മിനുക്കു പണിയും പൂർത്തിയായിരുന്ന നോവൽ ‘വിക്ടറി സിറ്റി’ പ്രസാധകർ പുറത്തിറക്കി. ലോകത്ത് പല മാറ്റങ്ങൾ സംഭവിച്ചു. അതൊന്നും അറിയാതെ അദ്ദേഹം ആശുപത്രിക്കിടക്കയിൽ കിടന്നു. ആ അനുഭവങ്ങളുടെ മൂർച്ചയിൽകിടന്ന് ബോധ്യപ്പെട്ട മനുഷ്യപ്രകൃതങ്ങളുടെ ആവിഷ്കരണമാണ് ‘നൈഫ്’ എന്ന പുസ്തകം. മുറിവുകൾ ഉണങ്ങി ജീവിതത്തിലേക്ക് വരാൻ വേണ്ടി രണ്ടാളും അനുഭവിച്ച വേദനയും കാട്ടിയ ധീരതയും രണ്ടു പുസ്തകങ്ങളെയും കൂടുതൽ ഉജ്ജ്വലമാക്കുന്നു.

