“ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി…”
കെ ജി ജോർജ് സംവിധാനം ചെയ്തു വേണുനാഗവള്ളിയും, ശോഭയും അഭിനയിച്ച ‘ഉൾകടൽ’ എന്ന സിനിമ റിലീസ് ആയ അതേ വർഷമാണ് ഞാൻ ജനിക്കുന്നത്. 1979 ൽ നിന്നും 2022 ലേക്കുള്ള 42 വര്‍ഷങ്ങൾക്കിപ്പുറം ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനം തിരഞ്ഞെടുക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ അതിലൊന്ന് ഈ പാട്ടാണ്. ഒഎൻവി രചിച്ചു എം ബി ശ്രീനിവാസൻ സംഗീതം ചെയ്തു ശോഭയെന്ന നടി ഉജ്ജ്വല അഭിനയം കാഴ്ച വച്ച മലയാളത്തിലെ ആദ്യത്തെ കാമ്പസ് സിനിമയിലെ ഗാനം. കാലങ്ങൾക്കിപ്പുറം ആ സിനിമയുടെ രചയിതാവിന്റെ സാന്നിധ്യത്തിൽ വർഷങ്ങളുടെ ഇടവേളകളിൽ മികച്ച കഥയ്ക്കും, മികച്ച നോവലിനുമുള്ള രണ്ടു പുരസ്കാരങ്ങൾ ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായപ്പോൾ ഇത്തരം മുഹൂർത്തങ്ങൾ സാധാരണ കാണുക സിനിമകളിൽ ആയിരിക്കാമെന്ന് ചിന്തിച്ചുപോയെന്നത് വാസ്തവം. ഈ സിനിമയിലൂടെയാണ് മലയാളസിനിമയുടെ തിലകക്കുറിയായി മാറിയ തിലകനെന്ന മഹാനടൻ രംഗപ്രെവേശം ചെയ്തതും.
ഉൾക്കടൽ എന്ന സിനിമ കാലത്തെ അതിജീവിക്കുമ്പോൾ ആ സിനിമയുടെ ക്രെഡിറ്റ് മുഴുവൻ കെ ജി ജോർജ്ജ് എന്ന സംവിധായകനിലേക്കും വേണുനാഗവള്ളിയെന്ന വിഷാദ നായകനിലേക്കും ശോഭയെന്ന നടിയുടെ അഭിനയമികവിലേക്കുമാണ് പ്രേക്ഷകശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഉൾക്കടൽ സിനിമയാകും മുമ്പ് ജോർജ്ജ് ഓണക്കൂർ എന്ന എഴുത്തുകാരന്റെ തൂലികയിൽ പിറന്ന നോവലായിരുന്നുവെന്ന് ഒരുപക്ഷേ പുതു തലമുറയിലെ എത്രപേർക്ക് അറിയാം? സിനിമ സംവിധായകന്റെയും അഭിനേതാക്കളുടെയും കലയായി ചുരുങ്ങുക സ്വാഭാവികം. പക്ഷേ എഴുത്തുകാരൻ ആ അവസ്ഥയെ മറികടക്കുന്ന ചില മുഹൂർത്തങ്ങൾ ഉണ്ടാകും; അയാൾ സ്വന്തം രചനകൾ കൊണ്ട് മനുഷ്യഹൃദയങ്ങളിൽ ആഴത്തിലൊരു അടയാളം പതിപ്പിക്കുമ്പോൾ, ഭൂമിയിൽ തന്റെ പാദമുദ്ര പതിയും വണ്ണം ഉറച്ച ചുവടുവയ്ക്കുമ്പോൾ. അതുകൊണ്ടാണ് ജോർജ്ജ് ഓണക്കൂർ എന്ന എഴുത്തുകാരൻ തന്റെ രചനകൾ കൊണ്ട് സിനിമയുടെ ഇന്ദ്രജാലങ്ങൾക്കപ്പുറം തന്റെ പേര് അടയാളപ്പെടുത്തിയത്.
തന്റെ ആത്മകഥക്കു ‘ഹൃദയരാഗങ്ങൾ’ എന്ന പേരിട്ടപ്പോൾ ഒരുപക്ഷേ സിനിമയുടെ പൂർവ്വകാലം അദ്ദേഹം സ്മരിച്ചിരുന്നോയെന്ന് ഞാൻ വെറുതെ ഓർത്തുപോയി.
‘ഹൃദയരാഗങ്ങൾ’ എന്ന ആത്മകഥയുടെ ആമുഖമായി എഴുത്തുകാരൻ തന്നെ പറയുന്നുണ്ട്, “ആത്മകഥ എഴുതുക ശരിക്കും ഒരു വെല്ലുവിളിയാണ്. അതിൽ സത്യമാണ് പ്രധാനം. പക്ഷേ എല്ലാ സത്യങ്ങളും രേഖപ്പെടുത്താനാവുമോ? അപ്രിയമായവ മറച്ചുപിടിക്കേണ്ടി വരും. അത് രചനയുടെ നിറം കെടുത്തും. അവിശ്വസനീയത സൃഷ്ടിക്കും. അതേ സമയം യാഥാർഥ്യങ്ങളിൽ നിന്നും പിൻവാങ്ങാനും കഴിയില്ല. അത് ആത്മാവിന്റെ അനുശാസനങ്ങൾക്ക് വിരോധമാണ്.”
ജീവിതത്തിന്റെ അനേകം സഞ്ചാരപഥങ്ങൾ പിന്നിട്ട ഒരാളുടെ ആത്മകഥ, വളരെ ചെറുപ്പത്തിൽ തന്നെ സാംസ്കാരികമേഖലകളിൽ സജീവമായ ഒരാൾ, വിശാലമായ സൗഹൃദവലയം, വ്യക്തിജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ, അദ്ധ്യാപകൻ, എഴുത്തുകാരൻ, നിരൂപകൻ, പ്രഭാഷകൻ അങ്ങനെ അനുഭവങ്ങളും അതിജീവനങ്ങളും ഒരുപാടുള്ള ഒരാളുടെ ആത്മകഥക്ക് അർഹിക്കുന്ന ബഹുമതിയായി 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം ജോർജ്ജ് ഓണക്കൂർ എന്ന എഴുത്തുകാരനെ തേടിയെത്തിയിരിക്കുന്നു.
ജോര്‍ജ് ഓണക്കുറിന്റെ ജനനം എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയിൽ ഒരു കർഷക കുടുംബത്തിൽ ആയിരുന്നു. അതുകൊണ്ടു തന്നെയാകാം തന്റെ ആദ്യ നോവലിന് തിരഞ്ഞെടുത്ത പ്രമേയം ‘ഭൂമിക’ എന്ന് പറയുന്ന ഗ്രാമത്തിലെ കർഷക ജനതയുടെ ജീവിതപരിണാമങ്ങളെ കുറിച്ചുള്ളതായി തീർന്നതും. 1957 ൽ ഇ എം എസ് മന്ത്രി സഭയിൽ കെ ആർ ഗൗരിയമ്മയാണ് കര്‍ഷക ബന്ധ ബിൽ അവതരിപ്പിച്ചത്. അതോടെയാണ് ജന്മിത്തം ഇല്ലാതായത്. അതിനു വേണ്ടിയുള്ള സമരങ്ങൾ നമ്മുടെ കൃതികളിൽ അതിനൊക്കെ മുമ്പേ ഇടം നേടിയിരുന്നു. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉൾകരുത്ത് എന്ന് പറയുന്നത് കാർഷിക വിപ്ലവങ്ങളുടെ ആ അന്തരീക്ഷം തന്നെയായിരുന്നു. എന്നാൽ കേരള സംസ്ഥാനം രൂപം കൊണ്ട ശേഷം വന്ന കൃതികളിൽ ഈ ചരിത്ര സംഭവങ്ങൾ അടയാളപ്പെടുത്താൻ തക്ക രചനകൾ ഉണ്ടായില്ല. അങ്ങനെ ഉണ്ടായ ഒരു കൃതി ജോർജ്ജ് ഓണക്കൂർ രചിച്ച ‘ഇല്ലം’ എന്ന നോവലാണ്. കാർഷിക ജീവിതവും ആ പശ്ചാത്തലത്തിൽ ശക്തിപ്പെട്ട തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളും ആയിരുന്നിരിക്കാം ഇങ്ങനെയൊരു നോവൽ രചിക്കാൻ അദ്ദേഹത്തിന് പ്രേരണയായത്.
കർഷക ഗ്രാമമായ കൂത്താട്ടുകുളമെന്ന നാട് രക്ത സാക്ഷികളുടെ നാടെന്നാണ് ചരിത്രം. കൂത്താട്ടുകുളമെന്ന വിപ്ലവഭൂമിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന പിറവത്തെ, വേദാന്ത കേന്ദ്രമെന്നാണ് വിശേഷിപ്പിക്കുക. അവിടെയടുത്താണ് ശങ്കരാചാര്യരുടെ അമ്മാത്തു മേല്പത്തൂർ ഇല്ലം. തൊട്ടടുത്ത രാമമംഗലം ഗ്രാമം. അവിടെയാണ് ഷഡ്കാല ഗോവിന്ദ മാരാരുടെ ഇല്ലം. രാമമംഗലം ചുറ്റിയൊഴുകുന്ന പുഴ ശ്രീ ശങ്കരപാദങ്ങളെ സ്പർശിച്ച് കായലിൽ ലയിക്കുന്നു. സിസ്റ്റർ മേരി ബെനിഞ്ഞ, മേരി ജോൺ കൂത്താട്ടുകുളം തുടങ്ങിയ കവയിത്രികളുടെ പാദസ്പർശം ഏറ്റുവാങ്ങിയ ഭൂമി. വേദാന്തവും, വിപ്ലവവും, സംഗീതവും സമന്വയിപ്പിച്ച ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരാളുടെ കൃതികളിൽ ആ ഗ്രാമത്തെ കുറിച്ചുള്ള ആഴത്തിലുള്ള അടയാളപ്പെടുത്തലുകൾ ഉണ്ടാവുക തികച്ചും സ്വാഭാവികം.
ഇല്ലം എന്ന നോവലിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയമായിരുന്നു രണ്ടാമത്തെ നോവലായ ഉൾക്കടലിന്റെക്കടലാണ്. ഉൾക്കടലിലും ശുദ്ധമായ ഗ്രാമീണ പ്രകൃതിയുടെ ആവിഷ്ക്കാരം ഉണ്ട്. കാർഷിക മേഖലയിൽ ജീവിച്ചുവളർന്നതിന്റെ അനുഭവങ്ങൾ കൊണ്ടാകാം ‘അകലെ ആകാശം’, ‘ഇല്ലം‘എന്നീ രണ്ടു നോവലുകളുടേയും പ്രമേയസ്വീകരണത്തിൽ ഗ്രാമവും അവിടുത്തെ മനുഷ്യരുടെ ജീവിതാനുഭവങ്ങളും കടന്നുവന്നത്. ഭൂപരിഷ്കരണനിയമം നടപ്പിലാക്കുക വഴി ജന്മിത്തം അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും സാമ്പത്തികമായ ഉറവകളുടെ അഭാവം നിമിത്തം നേടിയെടുത്ത ഭൂമിയിൽ കൃഷി ചെയ്യാൻ കർഷകർക്ക് സാധിക്കാതെ വന്നുവെന്നതാണ് സത്യം. അങ്ങനെയാണ് തുണ്ടുകളായി വിഭജിക്കപ്പെട്ട ഭൂമി കൈവശപ്പെടുത്തി പുതിയ മുതലാളിത്ത സമ്പ്രദായം നിലവിൽ വന്നത്. ‘ഇല്ലം’ എന്ന നോവൽ അടയാളപ്പെടുത്തുന്നത് കേരളത്തിലെ ആ നവമാറ്റത്തെയും അതിലൂടെ അശരണരായി തീർന്ന കർഷക ജീവിതത്തെയുമായിരുന്നു.
യേശുവിന്റെ കുരിശുമരണത്തിന്റെ രാത്രിയിൽ അമ്മ മറിയത്തിന്റെ മനസിലൂടെ കടന്നുപോകുന്ന വികാരതീവ്രമായ ചിന്തകളാണ് ‘ഹൃദയത്തിൽ ഒരു വാൾ’ എന്ന നോവലിലൂടെ എഴുത്തുകാരൻ വരച്ചിടുന്നത്. മകന്റെ കുരിശ് മരണത്തിന്റെ രാത്രി ഒറ്റപ്പെട്ടു പോകുന്ന ഒരമ്മയുടെ ഹൃദയ വിലാപം ആ നോവലിൽ നിന്നും വായനക്കാർക്ക് അനുഭവിക്കാനാവും. അപരിഷ്കൃതമായ ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന അനേകം ഭരണകൂടങ്ങളുടെ ചെയ്തികളുടെ മുന്നിൽ വിറങ്ങലിച്ചു നില്ക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു കാലഘട്ടത്തിലിരുന്നു കൊണ്ട് ആ നോവൽ വായിക്കുമ്പോൾ ഈ ഭൂമിയുടെ ഓരോ അണുവിലും ജീവിക്കുന്ന ഏതൊരു സ്ത്രീയിലും മറിയം എന്ന അമ്മയുടെ ആകുലതയും വേദനകളും ഉണ്ടെന്നുള്ളതാണ് വാസ്തവം.
യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന ജോർജ്ജ് ഓണക്കൂർ ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും വിദേശരാജ്യങ്ങളിലൂടെയും നടത്തിയ യാത്രകളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഏതാനും കൃതികൾ രചിക്കുകയുണ്ടായി. സാക്ഷരത ഡയറക്ടറും, സ്റ്റേറ്റ് റിസോഴ്സ് മെന്റിന്റെ പ്രഥമ അനൗദ്യോഗിക ചെയ്യർമാനും ആയിരിക്കുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളുടെ തുടിപ്പുകൾ അടുത്തറിയാനുള്ള ഭാഗ്യം സിദ്ധിച്ചതും ഈ രചനകൾക്ക് പ്രചോദനമായിത്തീർന്നെന്ന് അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടിലേറെ കോളേജ് അദ്ധ്യാപകനായി ജോലി ചെയ്ത ജോർജ്ജ് ഓണക്കൂറിന് പ്രഗല്ഭരായ ധാരാളം ശിഷ്യ സമ്പത്ത് നേടിയെടുക്കാൻ സാധിച്ചു. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റൂട്ടിൽ ഡയറക്ടറായി സേവനം അനുഷ്ടിക്കവേ ബാല കൈരളി വിജ്ഞാനകോശം എന്ന ബൃഹത് ഗ്രന്ഥ പരമ്പരക്ക് രൂപം നല്കി. അതിന്റെ പേരിൽ ജവഹർലാൽ നെഹ്രു അവാർഡ് അദ്ദേഹത്തെ തേടിയെത്തി. സർവ വിഞ്ജാനകോശം ഇൻസ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടർ എന്ന നിലയ്ക്ക് പ്രവർത്തിക്കാനുള്ള ഭാഗ്യവും ജോർജ്ജ് ഓണക്കൂറിന് ഉണ്ടായി.
സമകാലിക വിഷയങ്ങളോട് എന്നും കലഹിച്ചിരുന്ന എഴുത്തുകരനെന്ന നിലയിൽ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. മനോഹരമായ ഭരണഘടനയുടെ മൂല്യങ്ങളും സങ്കൽപ്പങ്ങളും സംരക്ഷക്കപ്പെടുകയും സമത്വബോധത്തിൽ അധിഷ്ടിതമായ ഒരു ഭരണം നിലവിൽ വരണമെന്നും ആഗ്രഹിച്ച അദ്ദേഹം ഊന്നിപ്പറഞ്ഞത് നെഹ്രുവിന്റെ വാക്കുകളാണ്:
“ഇന്ത്യ ജീവിച്ചാൽ ആര് മരിക്കും, ഇന്ത്യ മരിച്ചാൽ ആര് ജീവിക്കും?”
ഇന്ത്യ എന്ന വികാരത്തിൽ എല്ലാ മനുഷ്യരും ഒന്നിച്ചു നില്ക്കുന്ന ഒരു കാലം വരണമെങ്കിൽ മതാതീതമായ ജനത ഉയർന്നു വരേണ്ടിയിരിക്കുന്നുവെന്ന് ആഗ്രഹിക്കുകയും വിളിച്ചു പറയുകയും ചെയ്ത എഴുത്തുകാരൻ, ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ തന്റെ നിരാശ വെളിപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരന്റെ ശബ്ദം ഒറ്റപ്പെട്ടുപോകുന്ന തരത്തിൽ, അല്ലങ്കിൽ ഒറ്റപ്പെടുത്തി കളയുന്ന വിധത്തിൽ വിചിത്രമായ ഒരു ചുറ്റുപാടിലാണ് നമ്മളിപ്പോൾ ജീവിക്കുന്നതെന്നും ആ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ എന്തുകൊണ്ടോ പല എഴുത്തുകാരും നിശബ്ദരായി മാറുന്നു എന്നും ആ നിശബ്ദത തന്നെയും ബാധിച്ചിരിക്കുന്നുവെന്നും ഓണക്കൂര്‍ പറയുന്നു.
മനുഷ്യ ജീവിതം ഒരു പുഴ ഒഴുകുന്നതുപോലെയാണെന്ന് പറയുന്നത് എത്ര ശരിയാണ്. ഈ ഭൂമിയുടെ ഏതോ ഒരു പ്രദേശത്ത് ജനിക്കുന്ന മനുഷ്യർ അനേകം കൈവരികളിലൂടെ ഒഴുകിയും, തട്ടിയും തടഞ്ഞും ഏതെങ്കിലുമൊരു തീരത്തടിയുന്നു. അവിടെ അവൻ തന്റെ വേരുകൾ ഉറപ്പിക്കാനുള്ള ശ്രമം തുടരുന്നു. മൂവാറ്റുപുഴയിൽ കുത്താട്ടുകുളമെന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന ജോർജ്ജ് ഓണക്കൂർ എന്ന കലാകാരൻ അങ്ങനെ ഒഴുകിയൊഴുകി ഇപ്പോൾ തിരുവനന്തപുരത്തു ജീവിക്കുന്നു. ജീവിതം പുഴയുടെ ഒഴുക്കുപോലെ ലാഘവത്തോടെ നോക്കികാണുകയും, എന്നാൽ സമൂഹത്തിന്റെ ആകമാനം വേദനകളിലേക്ക് ദൃഷ്ടി പതിപ്പിക്കുയും അതിജീവനത്തിനു വേണ്ടി തന്റെ തൂലിക ചലിപ്പിക്കുകയും ചെയ്ത എഴുത്തുകാരനെന്ന നിലയിൽ തന്റെ ജീവിതനുഭവങ്ങൾക്ക് ലഭിക്കാവുന്ന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. എഴുത്തുകാരനെന്ന നിലയിൽ സാര്‍ഥകമായ അനേകം അനുഭവങ്ങളിലൂടെ കടന്നുപോയ ഒരാളെന്ന നിലയിൽ ഈ പുരസ്കാരം ജീവിതത്തിലും പെരുമാറ്റത്തിലും ലാളിത്യം മുഖമുദ്രയാക്കിയ എഴുത്തുകാരനെ ഇനിയും മുന്നോട്ട് പോകാനുള്ള മറ്റൊരു പ്രചോദനമായി തീരട്ടെ.