Site iconSite icon Janayugom Online

എട്ടാം ദിവസവും വിഴിഞ്ഞത്ത് സംഘര്‍ഷം

വിഴിഞ്ഞം സമരത്തിന്റെ എട്ടാംദിവസമായ ഇന്നും വിഴിഞ്ഞത്ത് സംഘര്‍ഷമാണ്. പൊലീസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. സ്ഥലത്ത് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട വിഷയം ഇന്ന് നിയമസഭയില്‍ ഉന്നയിക്കപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന സമരം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നല്ലെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയതാണെന്നാണ് സംശയമെന്നും സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നുണ്ട്. എന്തായാലും സമരത്തിലും അവരുന്നയിക്കുന്ന വിഷയത്തിലും സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി അംഗങ്ങള്‍ക്ക് മറുപടി നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിരക്ഷ അവര്‍ തന്നെ അംഗീകരിക്കുന്നതാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംസ്ഥാനത്തിന്റെ തന്നെ ഗൗരവപ്പെട്ട വിഷയം എന്ന നിലയിലാണ് സര്‍ക്കാര്‍ കാണുന്നത്.

വികസന പദ്ധതികള്‍ നടപ്പാക്കേണ്ടതില്ലെന്ന നിലപാട് ജനവിരുദ്ധമാണ്. ഓരോ പദ്ധതിയും നടപ്പാക്കുമ്പോള്‍ പ്രദേശവാസികള്‍ക്ക് പ്രയാസങ്ങളുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. അതെല്ലം രമ്യമായി ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. അതിനെ തുരങ്കം വയ്ക്കുന്നത് ഉചിതമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമാണ് തീരശോഷണത്തിന് കാരണം. തുറമുഖ വികസന പ്രവര്‍ത്തനമല്ലെന്ന് പരിശോധനാഫലങ്ങള്‍ ഉണ്ട്. വിഴിഞ്ഞത്തേതുപോലെയാണ് ശംഖുംമുഖത്തും മറ്റും കാണുന്ന തീരശോഷണവും. പദ്ധതി ഒരിക്കലും തീരത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമരം ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് ഉച്ചക്ക് രണ്ടിന് സെക്രട്ടേറിയറ്റില്‍ നടക്കും. നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ജില്ലയില്‍ നിന്ന് മന്ത്രിസഭയിലുള്ള അഡ്വ. ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. ഫിഷറീസ് മന്ത്രി വി അബ്ദു റഹിമാനും ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടു വീടുകൾ നഷ്ടമായ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഇന്നലെ ചേർന്ന മന്ത്രിസഭാ ഉപസമിതി വിശദമായ പാക്കേജ് മുന്നോട്ടുവച്ചിട്ടുണ്ട്. മുട്ടത്തറയിൽ 10 ഏക്കർ സ്ഥലം പുനരധിവാസത്തിനായി ഏറ്റെടുക്കാനാണ് തീരുമാനം. ഇതിൽ എട്ട് ഏക്കർ മൃഗസംരക്ഷണ വകുപ്പിന്റേതാണ്. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി നേരത്തേ നഗരസഭ നൽകിയ രണ്ട് ഏക്കർ കൂടി ഏറ്റെടുക്കും. 10 ഏക്കറിൽ ഫ്ലാറ്റ് നിർമ്മിച്ച് 3000 മത്സ്യത്തൊഴിലാളികളെ അവിടേക്ക് മാറ്റി പാർപ്പിക്കും. സമരക്കാരുമായി ഇതു സംബന്ധിച്ചു ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ക്യാമ്പുകളില്‍ കഴിയുന്ന 335 കുടുംബങ്ങൾക്കാവും പുനരധിവാസത്തിൽ ആദ്യ പരിഗണന.

വിഴിഞ്ഞത്തെ തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യവുമായി പൂന്തുറയിൽ നിന്ന് വിഴിഞ്ഞത്തേക്ക് വന്ന ബൈക്ക് റാലിയിൽ പങ്കെടുത്ത രണ്ട് പേർക്ക് ബൈപാസിലെ തിരുവല്ലം ടോൾപ്ലാസയിലുണ്ടായ അപകടത്തിൽ പരിക്ക്. ബൈക്ക കടന്ന് പോകുമ്പോൾ തിരുവല്ലം ടോൾ ഗേറ്റിലെ ബാരിക്കേഡ് താഴ്ന്നാണ് അപകടം സംഭവിച്ചത്. ടോൾ പ്ലാസയുടെ ബാരിക്കേഡ് തലയിൽ ഇടിച്ച് പരിക്ക് പറ്റിയ പൂന്തുറ സ്വദേശി ടോമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഇയാളുടെ ഭാര്യക്കും നിസാര പരിക്കുണ്ട്.

അപ്രതീക്ഷിതമായി അടഞ്ഞ ഗേറ്റിന്റെ ബാരിക്കേഡ് ടോമിയുടെ തലയിൽ ഇടിക്കുകയും തുടർന്ന് ഇദേഹം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയുമായിരുന്നു. ഇതോടെ തൊട്ടു പിന്നാലെ റാലിയിൽ വന്ന ബൈക്കുകളിൽ ചിലതും നിയന്ത്രണം തെറ്റി മറിഞ്ഞു. സംഭവത്തെ തുടർന്ന് സമരക്കാർ ടോൾ പ്ലാസ് അധികൃതരുമായി വാക്കേറ്റവും ഉന്തും തളളും ഉണ്ടായി. സംഭവമറിഞ്ഞ് തിരുവല്ലം പൊലീസെത്തി പ്രശ്നം രമ്യമായി പരിഹരിച്ചു. എല്ലാ വാഹനങ്ങളും കടന്നുപോകുന്നതുവരെ സ്വമേധയാ പ്രവർത്തിക്കുന്ന ബാരിക്കേഡിനെ ഉയർത്തിവച്ചു. സമരത്തിന് പിന്തുണ അറിയിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ എത്തുമെന്നതിനാൽ ഇന്നും ഇതുപോലെ ബാരിക്കേഡ് ഉയർത്തിവയ്ക്കുമെന്ന് ടോൾ പ്ലാസയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

Exit mobile version