Site iconSite icon Janayugom Online

അധികാരം വീണ്ടും ഗാന്ധികുടുംബത്തിൽ; കാഴ്ചക്കാരനായി ഖാർഗെ

എന്തിനാണ് ഹിമാചലിൽ ജയിച്ചതെന്ന ചോദ്യം കോൺഗ്രസിനെ അലട്ടിയിരുന്നു. മുഖ്യമന്ത്രിപദത്തിനുവേണ്ടിയുള്ള തമ്മിൽതല്ലിന് തെല്ലൊരുശമനമായി. എങ്കിലും ചോദ്യം അതിപ്രസക്തമായി നിലകൊള്ളും. മിക്കവാറും കോൺഗ്രസുള്ളിടത്തോളം. ഇരുപത്തിനാല് വർഷത്തിനുശേഷം ഉത്സവാഘോഷത്തോടെയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ 139.34 കോടി ജനങ്ങളിൽ 9497 പേർ ചേർന്ന് തെരഞ്ഞെടുത്ത മല്ലികാർജുനൻ ഖാർഗെ എന്ന കോൺഗ്രസ് പ്രസിഡന്റിനും എന്ത് വില എന്ന ചോദ്യം കൂടി ഹിമാചൽ നൽകുന്നു.

നെഹൃ (ഗാന്ധി) കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഇടക്കാലത്തിനുശേഷം എത്തിയപ്പോൾ എന്തെല്ലാം പ്രഖ്യാപനങ്ങളാണ് വാർത്തകൾക്കിടയിൽ കണ്ടത്. പ്രസിഡന്റിന്റെ അധികാരത്തിൽ ഒരിടപെടലിനും തങ്ങളില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ ശേഷിക്കുന്ന ഹൈക്കമാൻഡർമാർ മൂവരും മൂളിയത്. അതെല്ലാം ഹിമാചൽ തെരഞ്ഞെടുപ്പോടെ വെള്ളത്തിലെ വരയായി. ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടതോടെ ഗ്രൂപ്പ് യുദ്ധമൊന്നും ഉണ്ടാവില്ലെന്ന് ആരും പറഞ്ഞിരുന്നില്ലെന്നത് ഒരർത്ഥത്തിൽ നന്നായി.

താൽക്കാലിക പ്രസിഡന്റായിരുന്ന സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായ മധുസൂധനൻ മിസ്ത്രിയിൽ നിന്ന് മല്ലികാർജുന ഖാർഗെ ഏറ്റുവാങ്ങിയ വിജയപത്രം ചുവരിലെ അലങ്കാരചിത്രമാവുമോ എന്നതാണ് ആശങ്ക. കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സംഘടനാ തെരഞ്ഞെടുപ്പ് സഹായകരമാകുമെന്നാണ് ഈ ചടങ്ങിൽവച്ച് സോണിയാ ഗാന്ധി പറഞ്ഞത്. ഇക്കഴിഞ്ഞ ഒക്ടോബർ 26നായിരുന്നു ഈ പറച്ചിൽ. കൃത്യം പറഞ്ഞാൽ രണ്ടരമാസം.

ഖാർഗെയുടെ മനസ് കലുഷിതമാണെന്ന് ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള ശരീരഭാഷയും നേരിയ ഒന്നുരണ്ട് പ്രതികരണങ്ങളും വ്യക്തമാക്കിത്തന്നു. ഹിമാചലിലെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും എന്ന് അവിടത്തുകാർ പറഞ്ഞതോടെ കാര്യങ്ങളുടെ പോക്ക് ഏറെക്കുറെ പഴയ ചന്തയിലേക്കുതന്നെയെന്ന് മല്ലികാർജുനൻ ഖാർഗെയ്ക്കും മനസിലായിക്കാണും.

കർണാടകയിലെ ഒരു സാധാരണ പ്രവർത്തകനായി വളർന്നുവന്ന നേതാവാണ് എൺപതുകാരനായ ഖാർഗെ. ഓർമ്മവച്ച നാൾമുതൽ നിരവധി പ്രതിസന്ധികളെ തരണംചെയ്താണ് ഖാർഗെ ജീവിതത്തിലേക്ക് പിച്ചവച്ചത്. ഏഴാംവയസിൽ ഹൈദരാബാദിലെ നൈസാമിന്റെ സ്വകാര്യ സൈന്യമായ റസാക്കർമാർ നടത്തിയ തീവയ്പ്പിൽ അമ്മയെയും സഹോദരിയെയും കൺമുമ്പിൽവച്ച് നഷ്ടപ്പെട്ടു. അത്ഭുകരമായാണ് ഖാർഗെയെന്ന പിഞ്ചുബാലൻ അന്ന് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. വരാവട്ടി എന്ന ആ ഗ്രാമം ഇന്ന് കർണാടകയിലെ ബീദർ ജില്ലയുടെ ഭാഗമാണ്.

അംബേദ്കറുടെ ആശയങ്ങളിൽ ആകൃഷ്ടനായ ഖാർഗെ അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരിക്കെയാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(ആർപിഐ)യിൽ ചേർന്നത്. അന്നത്തെ കർണാടക മുഖ്യമന്ത്രി ഡി ദേവരാജ് ഉർസ് ആണ് ഖാർഗെയെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് കോൺഗ്രസിൽ വിവിധ പദവികളിലെത്തി. തോൽവിയറിയാത്ത നേതാവ് (സോൽ ഇല്ലാത സർദാറ) എന്ന വിശേഷണം ലഭിച്ച ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. കോൺഗ്രസിനകത്തെ പോര് മൂലം കർണാടക മുഖ്യമന്ത്രിപദം മൂന്ന് തവണ നഷ്ടമായിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിൽ തെന്നിന്ത്യയിൽ മാത്രമല്ല തനിക്ക് സ്വാധീനമെന്ന് തെളിയിച്ചാണ് ഖാർഗെ കോൺഗ്രസിന്റെ അധ്യക്ഷപദവിയിലെത്തിയത്.

വലിയ ഉത്തരവാദിത്തം എന്ന നിലയിലാണ് ഖാർഗെ കോൺഗ്രസിന്റെ അധ്യക്ഷപദവി ഏറ്റെടുക്കുന്നത്. 132 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ വിലയിരുത്തി നയിക്കുക എന്നത് എളുപ്പമല്ല. തമ്മിലടിക്ക് യാതൊരുകുറവുമില്ലാതെ പടർന്നുകിടക്കുന്ന കോൺഗ്രസിനെ നേർവഴിക്ക് ആക്കുന്നതിന് പറ്റിയ വടി പുതിയ അധ്യക്ഷന് ആരും കൊടുത്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഗാന്ധി കുടുംബത്തോടുള്ള ഖാർഗെയുടെ വിശ്വാസ്യത തന്നെയാണ് വലിയ തടസം. സോണിയാ-രാഹുൽ‑പ്രിയങ്കമാർ എടുക്കുന്ന തീരുമാനങ്ങളെ രാജ്യത്തെ സാധാരണ കോൺഗ്രസ് അനുയായിക്കെന്നപോലെ ഖാർഗെയ്ക്കും അംഗീകരിക്കേണ്ടിവരും. അധികാരകേന്ദ്രം അവർ മൂവരിലും തന്നെയാണെന്ന അണികളുടെ തീർച്ച ഖാർഗെയുടെ മുന്നോട്ടുപോക്കിന് വിലങ്ങുതടിതന്നെ.

കോൺഗ്രസിന്റെ വളർച്ചയ്ക്കും ബിജെപിയുടെ പതനത്തിനും യാതൊരുതാല്പര്യവും രാഹുൽ ഗാന്ധിക്കോ സോണിയയ്ക്കോ ഇല്ലെന്നതിന്റെ തെളിവാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. എന്നും എല്ലാവരെയും അടക്കിവാഴുന്ന തമ്പുരാക്കളായി വാഴുകയാണ് ഗാന്ധി കുടുംബം ചെയ്തുപോരുന്നത്. ഒരു പക്ഷെ, ജനാധിപത്യരീതിയിൽ കോൺഗ്രസിനെ നിയന്ത്രിക്കാൻ ഖാർഗെയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നെങ്കിൽ ഹിമാചൽ പ്രദേശിലെ അധികാരത്തർക്കത്തിനും വേഗത്തിൽ തീർപ്പുകാണാനാവുമായിരുന്നു. ഹിമാചലിലെ പ്രശ്നപരിഹാരത്തിന് ഖാർഗെയുടെ ഇടപെടൽ ഏതുവിധമായിരുന്നുവെന്ന് സംശയിച്ചേക്കാം. അവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന കുറ്റപ്പെടുത്തലും ഉണ്ടാകാം. മുഖ്യമന്ത്രിയായി സുഖ്വീന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയായും മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയായും ഹൈക്കമാൻഡിനുവേണ്ടി പ്രഖ്യാപിച്ചത് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ആണ്. മല്ലികാർജുനൻ ഖാർഗെയുടെ മുന്നിൽ ഇനിയെന്ത് എന്ന ചോദ്യം ഈവിധം അവശേഷിക്കുന്നതും ഇതുകൊണ്ടാണ്. അദ്ദേഹം സ്വയം ചോദിച്ചുപോകുന്നതും അതുതന്നെയായിരിക്കും.

വട്ടംകറക്കിയ ഹിമാചൽപ്രതിഭ

ഹിമാചലിൽ കണ്ടത്, ഗ്രൂപ്പ് പോരല്ല. തീർത്തും അധികാരവെറിയായിരുന്നു. പ്രദേശ് കോൺഗ്രസ് പ്രസിഡന്റും ഇന്ത്യൻ പാർലമെന്റിലെ കോൺഗ്രസ് പ്രതിനിധിയുമായ പ്രതിഭാസിങ് ഹൈക്കമാൻഡിനെയും ലോ കമാൻഡിനെയുമെല്ലാം വട്ടംകറക്കി. എംപി സ്ഥാനം രാജിവച്ച് മുഖ്യമന്ത്രിയാവാനുള്ള പ്രതിഭയുടെ മോഹമാണ് ഹിമാചലിൽ കോൺഗ്രസിനെ വോട്ട് ചെയ്ത് അധികാരമേല്പിച്ച വോട്ടർമാരെയും നാണംകെടുത്തിയത്. ആറ് തവണ ഹിമാചലിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്ന വീരഭദ്ര സിങ്ങിന്റെ ധർമ്മപത്നിമാരിൽ രണ്ടാമത്തെ ആളാണ് പ്രതിഭ. വിരഭദ്രയുടെ മരണത്തെത്തുടർന്ന് മാണ്ഡ്യ മണ്ഡലത്തിൽ നിന്നാണ് പ്രതിഭ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിഭയുടെയും വീരഭദ്ര സിങ്ങിന്റെയും മകൻ വിക്രമാദിത്യ സിങ് ഷിംല റൂറൽ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്. പ്രദേശ് കോൺഗ്രസ് പദവിയിൽ ഇരിക്കുന്ന ശക്തമായ വനിതാ നേതാവെന്ന നിലയിൽ അവരുടെ ഇടപെടലുകളും നേതൃത്വവും ഹിമാചൽപ്രദേിലെ കോൺഗ്രസിന്റെ തിരിച്ചുവരവിന് സഹായകമായിട്ടുണ്ടെന്നത് വസ്തുതയാണ്.

എന്നാൽ പ്രതിഭയുടെ മുഖ്യമന്ത്രിമോഹം കോൺഗ്രസ് വരാനിരിക്കുന്ന വലിയ നഷ്ടത്തിന്റെ സൂചനയായി കണ്ടെന്നുവേണം വിലയിരുത്താൻ. അതോ എംഎൽഎമാരുടെ പിന്തുണ സുഖുവിനേക്കാൾ കുറവാണ് പ്രതിഭയ്ക്കെന്ന കാരണത്താലോ. കോൺഗ്രസ് ആയതിനാൽ രണ്ടാമത്തേതായിരിക്കും കാരണം. പ്രതിഭയെ മുഖ്യമന്ത്രിയാക്കിയാൽ അവർ വിജിയിച്ച പാർലമെന്റ് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അവിടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കക തന്നെ എളുപ്പമാകില്ല. തർക്കം മൂത്താൽ വിജയിക്കുക എന്നതും അസാധ്യമാകും. പിസിസി അധ്യക്ഷ എന്ന നിലയിൽ പ്രതിഭ സിങ് ഒരുപക്ഷെ അധികാരക്കൊതിക്കിടെ അത്തരത്തിൽ ചിന്തിച്ചിട്ടുമുണ്ടാകില്ല. വലിയ വാശിയോടെയാണ് പ്രതിഭ മുഖ്യമന്ത്രിക്കസേര ആവശ്യപ്പെട്ടത്. തന്റെ ഭർത്താവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിങ്ങിന്റെ പേര് ഉപയോഗിച്ചാണ് കോൺഗ്രസ് ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും വിജയിച്ചതും എന്നായിരുന്നു പ്രതിഭയുടെ വാദം. അങ്ങനെയുള്ള തന്റെ കുടുംബത്തെ അവഗണിക്കുന്നത് കോൺഗ്രസിന് ദുരന്തമുണ്ടാക്കുമെന്ന ഭീഷണിയും നൽകി. അതും പിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ടുതന്നെ. വീർഭദ്ര സിങ് മുഖ്യമന്ത്രിയായിരിക്കെ കോൺഗ്രസ് തലപ്പത്തുണ്ടായിരുന്ന സുഖ്വീന്ദർ സിങ് സുഖുവുമായി നിരന്തര പോരായിരുന്നു. ഒരുപക്ഷെ സുഖുവിനോടുള്ള പ്രതിഭയുടെ വിരോധത്തിനുപിന്നിലും ഈ പഴയ വൈര്യം തന്നെയാവാം.

പ്രിയങ്കയുടെ സ്വന്തം സുഖു

സുഖുവിനെ മുഖ്യമന്ത്രിയാക്കിയാൽ സ്വതന്ത്ര എംഎൽഎമാരടക്കം ഒപ്പം ചേരുമെന്നത് കോൺഗ്രസിന് വലിയൊരു നേട്ടമാണ്. എന്നാൽ, പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തനായ സുഖ്വീന്ദർ സിങ് സുഖു ഈയൊരു കാരണത്താൽ മാത്രം മുഖ്യമന്ത്രിയാവുകയല്ല. പ്രിയങ്കയുടെ സാന്നിധ്യം ഹിമാചലിൽ സ്ഥിരമാക്കിയത് സുഖുവിന് വലിയ സംരക്ഷണമാണ്. രാജസ്ഥാനിലേതുപോലെ ഹിമാചൽ പ്രദേശത്തും ശക്തമായ ഭിന്നിപ്പ് ഇല്ലാതിരിക്കാൻ സോണിയാ ഗാന്ധി ശ്രദ്ധിക്കുമെന്ന ധൈര്യം സുഖുവിലുണ്ട്.

ഹിമാചലിലെ എന്നല്ല, ലോകത്തിലെ തന്നെ മനോഹരിയായ ഷിംല നഗരത്തിനടുത്താണ് പ്രിയങ്ക ഗാന്ധി സ്വന്തമായി വീട് നിർമ്മിച്ച് താമസിക്കുന്നത്. മശോഭ്രയിൽ. ഇവിടെയുള്ള ജീവിതം അവരെ ഹിമാചൽ വാസികളുമായുള്ള ബന്ധത്തെയും ധൃഢമാക്കിയിട്ടുണ്ട്. അതുതന്നെയാണ് സുഖ്വീന്ദർ സിങ് സുഖുവിന്റെയും വിജയം. ‘ഗാന്ധി കുടുംബത്തിന് മറ്റെവിടെയും വീടില്ല. ഉണ്ടെങ്കിൽ ഒരിടത്തേ ഉള്ളൂ. അത് ഷിംലയിൽ പ്രിയങ്കാ ഗാന്ധിയുടേതാണ്. പ്രിയങ്ക ഹിമാചലിന്റേതാണ്’ സുഖുവിന് ഇത് പറയുമ്പോൾ ആവേശം ഇരട്ടിയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ കോൺഗ്രസ് തലപ്പത്തുനിന്ന് ആദ്യം പ്രതികരിച്ചത് മുൻ പിസിസി അധ്യക്ഷൻ കൂടിയായ സുഖ്വീന്ദർ സിങ് സുഖു ആയിരുന്നു. ഹിമാചലിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് സുഖു ഉറപ്പിച്ചുപറഞ്ഞു. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് കോൺഗ്രസിന്റെ തിരിച്ചുവരവെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ച് സുഖു വാചാലനാവുകയും ചെയ്തു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ പ്രതിഭയുടെ അവകാശവാദം സുഖ്വീന്ദർ സിങ് സുഖുവിനെ ആദ്യം ആശങ്കയിലാക്കിയിരുന്നു. ഏതാനും എംഎൽഎമാർ പ്രതിഭയ്ക്ക് വേണ്ടി പാർട്ടി യോഗത്തിൽ മുദ്രാവാക്യം മുഴക്കി. എന്നാൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ പ്രിയങ്കാഗാന്ധി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന തീരുമാനം വന്നതോടെ (വരുത്തിയതോടെ) തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കൂടിയായിരുന്ന സുഖ്വീന്ദർ സിങ് സുഖു തന്റെ വിജയം ഉറപ്പിച്ചു. കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ എൻഎസ്യു(ഐ)യിലൂടെ രാഷ്ട്രീയരംഗത്തുവന്ന നേതാവാണ് സുഖു. ഹിമാചൽ യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷപദവിയിൽ 12 വർഷം മുമ്പ് ഇരുന്ന താരതമ്യേന ചെറുപ്പക്കാരൻ. നിയമബിരുദധാരി. മൂന്നാം തവണയാണ് ഹാമിർപുർ ജില്ലയിലെ നദായുൻ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിക്കുന്നത്. 40 വർഷത്തെ കോൺഗ്രസ് പാരമ്പര്യമുള്ള നേതാവെന്ന നിലയിൽ ഹിമാചലിനെ നയിക്കാൻ സുഖുവിന് കഴിയും. ഹമീർപുർ ജില്ലയിൽ നിന്നാണെങ്കിലും സംസ്ഥാനത്തിനാകെയും സുഖുവിന്റെ നേതൃത്വത്തെ സ്വീകാര്യവുമാണെന്നാണ് വാർത്തകൾ.

Exit mobile version