Site icon Janayugom Online

ജനുവരി ഒന്നിലെ കൊലപാതകം; മണിപ്പൂരില്‍ പ്രത്യേക അന്വേഷണ സംഘം

അ‍ഞ്ച് പേരുടെ മരണത്തിന് കാരണമായ വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്ത രൂപീകരിച്ചു. ജനുവരി ഒന്നിനാണ് വെടിവയ്പുണ്ടായത്. വെടിയേറ്റ നാല് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ പിന്നീടുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മേയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 200 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. അരലക്ഷത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.

തൗബല്‍ ജില്ലയിലുണ്ടായ വെടിവയ്പിനെ തുടര്‍ന്ന് താഴ്‌വാരയിലാകെ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 12 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അബ്ദുര്‍ രാജാഖ് എന്നയാള്‍ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു.

സബ്ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ മുഹമ്മദ് റിയാജുദിന്‍ ഷായാണ് പ്രത്യേക അന്വേഷണ സമിതി തലവന്‍. അതേ റാങ്കിലുള്ള എന്‍ സുരേഷ് സിങ്, ഇന്‍സ്പെക്ടര്‍ മസൂദ്, സബ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് അന്‍വര്‍ ഹുസൈന്‍, എസ് ബുബോന്‍ സിങ്, എന്‍ തോമസ് സിങ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

റെവലൂഷണറി പീപ്പിള്‍സ് ഫ്രണ്ട് വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. മയക്കുമരുന്ന് കടത്തുകാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നായിരുന്നു അവരുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Jan­u­ary 1st Mur­der; Spe­cial Inves­ti­ga­tion Team in Manipur
You may also like this video

Exit mobile version