ജപ്പാനില്‍ ഫെബ്രുവരി എട്ടിന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി. 23ന് പാര്‍ലമെന്റ് പിരിച്ചുവിടും. 27 മുതല്‍ പ്രചാരണം ആരംഭിക്കുകയും ഫെബ്രുവരി എട്ടിന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കുമെന്നും തകായിച്ചി പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി തകായിച്ചി ചുമതലയേറ്റ് മൂന്ന് മാസം പിന്നിടുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി)യിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും സഖ്യത്തിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് തകായിച്ചി തെരഞ്ഞെടുപ്പ് പരീക്ഷണത്തിനൊരുങ്ങുന്നത്. നിലവിൽ ജനപ്രതിനിധിസഭയിൽ 199 സീറ്റുകളാണ് പാര്‍ട്ടിക്കുള്ളത്. ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുമായി സഖ്യം ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരായ പൊതുജന പ്രതികരണമായിരിക്കും വോട്ടെടുപ്പില്‍ പ്രതിഫലിക്കുകയെന്നാണ് വിലയിരുത്തല്‍. പബ്ലിക് ബ്രോഡ്കാസ്റ്ററായ എൻഎച്ച്‌കെ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട സര്‍വേയില്‍ 45% പേര്‍ വിലയക്കയറ്റമാണ് പ്രധാന ആശങ്കയായി ഉന്നയിച്ചത്. 16% പേർക്ക് നയതന്ത്രവും ദേശീയ സുരക്ഷയുമായിരുന്നു പ്രധാന പ്രശ്നം.

