Site iconSite icon Janayugom Online

ജപ്പാനെ ഇനി നയിക്കുക വനിതാ പ്രധാനമന്ത്രി; ചരിത്രം കുറിച്ച് തകൈച്ചി

ജപ്പാനില്‍ ചരിത്രം കുറിച്ച് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. ഇവിടുത്തെ അധോസഭയില്‍ ചരിത്ര വോട്ടുകള്‍ നേടിയതോടെ അടുത്ത പ്രധാനമന്ത്രിയും,ആദ്യ വനിതാ പ്രധാനമന്ത്രിയുമാകാന്‍ ഒരുങ്ങുകയാണ് തകൈച്ചി. 465 പേരുള്ള സഭയില്‍ 237 വോട്ടുകളാണ് തകൈച്ചി നേടിയത്.അധോസഭയിലും തകൈച്ചിക്ക് മുന്‍തൂക്കമുണ്ടാകുമന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന.അങ്ങനെ വരുമ്പോള്‍ ജപ്പാന്റെ 104ാമത്തെ പ്രധാനമന്ത്രിയായി തകൈച്ചി മാറും.ജപ്പാന്റെ ഉരുക്ക് വനിതയെന്നാണ് തകൈച്ചി അറിയപ്പെടുന്നത്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ വലിയ വെല്ലുവിളികളാണ് തകൈച്ചിയെ കാത്തിരിക്കുന്നത്.

ജപ്പാനില്‍ അഞ്ച് വര്‍ഷത്തിനിടെ തെരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് തകൈച്ചി. സാമ്പത്തിക അസമത്വങ്ങളും കുറഞ്ഞ ജനനനിരക്കും അതുയര്‍ത്തുന്ന സാമൂഹിക പ്രതിസന്ധികളുമാണ് ജപ്പാനിലുള്ളത്.നാരയിലെ പൊലീസ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന മാതാവിന്റെയും ഓട്ടോമോട്ടീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിതാവിന്റെയും മകളായാണ് തകൈച്ചി ജനിച്ചത്. കോബെ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. യുഎസ് കോണ്‍ഗ്രസില്‍ കോണ്‍ഗ്രഷെണല്‍ ഫെലോ ആയി ജോലി ചെയ്തു. മോട്ടോര്‍ ബൈക്കുകളോട് കമ്പമുണ്ടായിരുന്ന തകൈച്ചി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1996ലാണ് തകൈച്ചി എല്‍ഡിപിയില്‍ ചേരുന്നത്. ആഭ്യന്തരം, കമ്മ്യൂണിക്കേഷന്‍, സാമ്പത്തിക സുരക്ഷ, ലിംഗസമത്വം തുടങ്ങി നിരവധി മന്ത്രിസ്ഥാനങ്ങള്‍ തകൈച്ചി വഹിച്ചിട്ടുണ്ട്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. പിന്നാലെയാണ് ജപ്പാനില്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നത്. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് പിന്നാലെ ഉത്തരവാദിത്തമേറ്റെടുത്ത് ഇഷിബ രാജി വെക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു. പിന്നാലെയായിരുന്നു രാജി. ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എല്‍ഡിപിക്ക് കേവലഭൂരിപക്ഷമായ 248 സീറ്റുകള്‍ ലഭിച്ചിരുന്നില്ല. അധോസഭയിലെ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തിരിച്ചടി നേരിട്ടു.

Exit mobile version