ജപ്പാനിലെ മൃഗശാലയിലെ അവസാനത്തെ രണ്ട് പാണ്ടകളെ ചൈനയിലേക്ക് മടക്കി അയച്ചു. അഞ്ച് പതിറ്റാണ്ടിലേറെ കാലമായി ടോക്കിയോ യുയെനോ മൃഗശാലയിലുണ്ടായിരുന്ന ഷാവോ ഷാവോ, ലെയ് ലെയ് എന്നീ ഭീമൻ പാണ്ടകളെയാണ് ചൈനയിലേക്ക് അയച്ചത്. 2026 ജനുവരി 27 ചൊവ്വാഴ്ചയാണ് ഇവരെയും വഹിച്ചുകൊണ്ടുള്ള വിമാനം നരിത വിമാനത്താവളത്തിൽ നിന്നും ചൈനയിലെ സിചുവാൻ പ്രവിശ്യയിലേക്ക് പുറപ്പെട്ടത്.
പാണ്ടകളെ അവസാനമായി കാണാൻ ഞായറാഴ്ച മൃഗശാലയിൽ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. സന്ദർശകരെ തിരഞ്ഞെടുക്കാൻ നടത്തിയ നറുക്കെടുപ്പിൽ 4,400 സീറ്റുകൾക്കായി ഏകദേശം 1,08,000 ആളുകളാണ് അപേക്ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്ക് ഓരോരുത്തർക്കും പാണ്ടകളെ കാണാൻ വെറും ഒരു മിനിറ്റ് മാത്രമാണ് സമയം അനുവദിച്ചിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെ വിടവാങ്ങൽ അറിയിക്കാൻ എത്തിയ പലരും വിതുമ്പുന്ന കാഴ്ചകൾ മൃഗശാലയിൽ കാണാമായിരുന്നു.
1972ൽ ചൈനയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലായതിന്റെ അടയാളമായാണ് ആദ്യമായി പാണ്ടകൾ ജപ്പാനിലെത്തുന്നത്. ചൈന തങ്ങളുടെ സൗഹൃദ സൂചനയായി മറ്റ് രാജ്യങ്ങൾക്ക് പാണ്ടകളെ വായ്പയായി നൽകുന്ന പാണ്ട നയതന്ത്രത്തിന്റെ ഭാഗമാണിത്. ജപ്പാനിൽ ജനിച്ചവരാണെങ്കിലും കരാർ പ്രകാരം ഇവയുടെ ഉടമസ്ഥാവകാശം ചൈനയ്ക്കാണ്. അതിനാൽ നിശ്ചിത പ്രായമെത്തുമ്പോൾ ഇവയെ തിരികെ നൽകേണ്ടതുണ്ട്.

