Site iconSite icon Janayugom Online

മുല്ലപ്പൂവിന് പൊന്നുംവില; മധുരയിൽ ഒരു കിലോയ്ക്ക് 12,000 രൂപ കടന്നു

പൊങ്കൽ ആഘോഷങ്ങൾക്കൊരുങ്ങുന്ന തമിഴ്‌നാട്ടിൽ മുല്ലപ്പൂവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ലോകപ്രശസ്തമായ മധുര മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 12,000 രൂപ കടന്നു. മധുരയിലെ പ്രധാന പുഷ്പ മാർക്കറ്റുകളായ ഉസിലംപട്ടി, തിരുമംഗലം എന്നിവിടങ്ങളിലാണ് വില ഈ നിലവാരത്തിലെത്തിയത്. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 2,000 രൂപയായിരുന്ന വിലയാണ് ദിവസങ്ങൾക്കുള്ളിൽ ആറിരട്ടിയായി വർദ്ധിച്ചത്. കടുത്ത തണുപ്പ് കാരണം ഉൽപാദനം കുറഞ്ഞതും മാർഗഴി മാസത്തിലെ ഉയർന്ന ഡിമാൻഡുമാണ് ഈ വിലക്കയറ്റത്തിന് കാരണം.

തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും മുല്ലപ്പൂവിന് തീവിലയാണ് അനുഭവപ്പെടുന്നത്. കൊച്ചിയിൽ കിലോയ്ക്ക് 6,000 രൂപ മുതൽ 7,000 രൂപ വരെയാണ് നിലവിലെ വില. ഇതോടെ ചെറിയ മുല്ലപ്പൂ മാലകൾക്ക് പോലും 100 രൂപയ്ക്ക് മുകളിൽ നൽകേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ. കോയമ്പത്തൂർ, മധുര, സത്യമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള വരവ് പകുതിയിലധികം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. വലിയ വില കൊടുത്ത് വാങ്ങുന്ന പൂക്കൾ അന്നേദിവസം വിറ്റുപോയില്ലെങ്കിൽ വൻ നഷ്ടമുണ്ടാകുമെന്നതിനാൽ പല ചെറുകിട വ്യാപാരികളും മുല്ലപ്പൂ വിൽപനയിൽ നിന്ന് പിന്മാറുകയാണ്. ഭൗമസൂചികാ പദവിയുള്ള മധുര മുല്ലപ്പൂവിനൊപ്പം കനകാംബരം, പിച്ചി തുടങ്ങിയ പൂക്കളുടെ വിലയും വിപണിയിൽ വർദ്ധിച്ചിട്ടുണ്ട്.

Exit mobile version