Site iconSite icon Janayugom Online

കഞ്ഞിക്കുഴിയിലെ മുല്ലപ്പൂ സംഭരണ- വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

സുഗന്ധ ദ്രവ്യങ്ങൾ ഉൾപ്പെടെ മുല്ലപ്പൂവിൽ നിന്നും മൂല്യ വർധിത ഉത്പന്നങ്ങൾ നിർമിച്ച് വിപണം നടത്തുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി പ്രസാദ് നിർദേശിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ മുല്ലപ്പൂ സംഭരണ‑വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭരിക്കുന്ന പൂക്കൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പരമാവധി വിപണന സാധ്യതകൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

എസ് എൻ കോളേജിനു മുൻവശത്തുള്ള പഞ്ചായത്തിന്റെ പച്ചക്കറി സംഭരണ- വിപണന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത മുല്ലപ്പൂക്കൾ സംഭരിക്കാനാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേന്ദ്രം ആരംഭിച്ചത്. കഞ്ഞിക്കുഴി 1145-ാം നമ്പർ പൂകൃഷി സഹകരണ സംഘമാണ് പൂക്കൾ സംഭരിക്കുന്നത്. 18 വാർഡുകളിലായി 288 ഗ്രൂപ്പുകൾ മുല്ലകൃഷി നടത്തുന്നുണ്ട്. ഓരോ വാർഡിൽ നിന്നും ശേഖരിച്ച് സംഭരണ കേന്ദ്രത്തിൽ എത്തുന്ന പൂക്കൾ ആവശ്യാനുസരണം വിപണനം ചെയ്യും.

ബന്ദി, വാടാമുല്ല തുടങ്ങിയ പൂക്കളും തുളസി ഇലയും ഇവിടെ സംഭരിക്കും. ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധാ സുരേഷ്, പൂകൃഷി സഹകരണ സംഘം പ്രസിഡന്റ് കെ കൈലാസൻ, സി ഡി എസ് വൈസ് ചെയർപേഴ്സൺ രാജി, കേരള കർഷകസംഘം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി പ്രസിഡന്റ് സി വി മനോഹരൻ, പഞ്ചായത്ത് അംഗങ്ങൾ, പൂകൃഷി സഹകരണ സംഘം അംഗങ്ങൾ, മേറ്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version