Site iconSite icon Janayugom Online

ഭാഷയെ തിരിച്ചുപിടിക്കുന്ന നോവല്‍

തെങ്ങമം ഗോപകുമാറിന്റെ 'ജവാൻ C/o 56 APO' എന്ന നോവൽ വ്യത്യസ്തമാകുന്നത് അതിന്റെ  കഥാ പരിസരം കൊണ്ടും ഭാഷാ പ്രയോഗം കൊണ്ടുമാണ്. 
വികെഎൻ, എം പി നാരായണപിള്ള തുടങ്ങിവരുടെ കൃതികളിലെപ്പോലെ കലക്കി കളഞ്ഞ ഒരു ഭാഷയാണ് ഇതിൽ പ്രയോഗിച്ചിരിക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദിയും, ഇംഗ്ലീഷും കലർന്നപ്പോൾ കഥക്ക് വിശ്വാസ്യത ഏറി. ബൈബിൾ പ്രകാരം പണ്ട് കാലത്ത് മനുഷ്യന് ഒരു ഭാഷയേ ഉള്ളായിരുന്നുള്ളു. അതിലെ ഒരു പ്രയോഗമാണ് 'കലക്കി കളഞ്ഞ ഭാഷ' എന്നത്. ഒരു നഗരവും ആകാശം വരെയെത്തുന്ന ഒരു ഗോപുരവും (ബാബേൽ ) നിർമ്മിക്കുവാൻ മനുഷ്യർ തീരുമാനിച്ചതാണ് പ്രശ്നമായത്. മനുഷ്യരുടെ ഈ പ്രവൃത്തിയെ ധിക്കാരമായാണ് ദൈവം വിലയിരുത്തിയത്. ഇതിന് ശിക്ഷയായി ഗോപുരം തകർക്കുകയും മനുഷ്യർക്കിടയിൽ വിവിധ ഭാഷകൾ സൃഷ്ടിക്കുകയാണു ദൈവം ചെയ്തത്. 
(ഈ ദൈവത്തിന്റെ ഒരു കാര്യം! ) അങ്ങനെ മനുഷ്യർക്കു പരസ്പരം ആശയവിനിമയം നടത്താൻ കഴിയാതെ വരികയും നഗരത്തിന്റെ നിർമ്മാണം നിലയ്ക്കുകയും ചെയ്തു. 
ഇങ്ങനെ ഇവിടെ കലങ്ങിയ ഭാഷയെ, അല്ലെങ്കിൽ ഒരോയൊരു ഭാഷയായി നോവലിസ്റ്റ് തിരിച്ചു പിടിക്കുകയാണിവിടെ. 
കോവിലൻ, നന്തനാർ കാലങ്ങൾക്ക് ശേഷം അടുത്തൊന്നും ഇത്ര ശക്തമായ ഒരു പട്ടാളക്കഥ വായിക്കാനായിട്ടില്ല. അടിസ്ഥാനപരമായി ഗോപകുമാർ ഒരു കവിയാണ്. ഈ നോവലിലും കവിത പോലെ തിളങ്ങുന്ന വാചകങ്ങൾ നിരവധി. 
ഉദാ: - ''1.രക്തം പൊടിഞ്ഞു. ഉഷ്ണ നദിയുടെ ഒരു നേർത്ത പുഞ്ചിരി കൈ വിരലിൽ തെളിഞ്ഞു. 
2. ഉച്ച ഊതി വിട്ട ഒരു കാറ്റ് മരത്തണലിൽ കിടന്ന് തണുത്തു. ബ്ലാക്ക് സറ്റയറിൽ ഉൾപ്പെടുത്താവുന്ന ഒട്ടനവധി സന്ദർഭങ്ങൾ നോവലിൽ ഉടനീളം ഉണ്ട്. ആദ്യ ഭാഗങ്ങളിൽ പ്രത്യേകിച്ചും. 
''ജവാൻ നായരാണോ?"
"ദാരിദ്രം മാറ്റാൻ അയാൾ രണ്ട് കവിൾ പുക കുടിച്ചിറക്കി..." എന്നിങ്ങനെ അടക്കിപ്പിടിച്ച ചിരിയും കൊളുത്തി വലിയ്ക്കുന്ന സാമൂഹ്യ വിമർശനവും നോവലിൽ നിറയെ ഉണ്ട്. 
കരസേന എന്ന വിശാലമായ ഭൂമികയിൽ ചവുട്ടി നിന്ന് സ്വപ്ന സഞ്ചാരിയായി മാറുന്നു നോവലിസ്റ്റ്. സൈന്യത്തിലെ അനുഭവങ്ങൾ നോവലിന് കരുത്താകുന്നു. ഭാവനയുമായി ചേർത്തിണക്കാനുള്ള രാസത്വരകങ്ങൾ ആയി അനുഭവങ്ങളെ ഉപയോഗിക്കുന്നു അദ്ദേഹം. 
സ്ത്രീ സൗന്ദര്യത്തിൻ്റെ വർണ്ണനയും, പ്രണയവും, അപഥ സഞ്ചാരവുമൊക്കെ കൈയ്യടക്കത്തോടെ എഴുതാൻ ഗോപകുമാറിനാകുന്നു. പലപ്പോഴും കൈവിട്ടു പോകാവുന്ന മേഖലകളാണിത്. 
തുടക്കത്തിലുള്ള ജവാൻ ചുറ്റുപാടുകളാട് തീഷ്ണമായി പ്രതികരിക്കുന്ന ആളായിരുന്നു. ഇടതു കൈ കൊണ്ട് ഭക്ഷണം വിളമ്പി നൽകുന്നതിലും മോശം ഭക്ഷണം നൽകുന്നതിലും നിരാഹാരം കിടന്ന ജവാൻ സ്വവർഗ രതിക്ക് തുനിഞ്ഞ ഓഫീസർക്കിട്ട് രണ്ട് പൊട്ടിക്കുന്നുണ്ട്. എന്നാൽ അവസാന ഭാഗമെത്തുമ്പോൾ ഒരു തരം നിസംഗത ജവാനെയും പിടികൂടുന്നു. 
ഗുർമീതിനോടുള്ള സ്നേഹം മൂലം അയാളുടെ തീവ്രവാദ പദ്ധതികൾക്കെതിരെ ഒരു നിലപാട് എടുക്കാൻ ജവാന് കഴിയുന്നില്ല. ഒരു തരം നിസ്സഹായനായാണ് ജവാന്റെ മടക്കം. ''ട്രെയിൻ നീങ്ങിക്കഴിഞ്ഞു. അമിത ഭാരം വലിയ്ക്കുന്ന കാളകളെപ്പോലെ തീവണ്ടിയുടെ കിതപ്പിന് ചുവട് പിഴയ്ക്കുന്നു. തന്റെ ഉള്ളിൽ ഉഷ്ണിക്കുന്ന ഒരു രാജ്യമുള്ളത് കൊണ്ടാണോ?
അതോ ജലന്ധർ തനിക്ക് സമ്മാനിച്ച നോവോർമ്മകൾ തീവണ്ടിയെ പിന്നോട്ട് വലിക്കുന്നതാകുമോ?" ജവാന്റെ ഈ മാനസിക നിലയോടെയാണ് നോവൽ അവസാനിക്കുന്നത്. 
 സാഹിത്യ സദസുകളിൽ ചർച്ച ചെയ്യാൻ സാധ്യതയുള്ള ഒരു മനോനിലയാണിത്. പ്രത്യേകിച്ചും സാഹിത്യത്തിൽ സന്ദേശം വേണമെന്ന് വാശി പിടിക്കുന്ന പുരോഗമന സാഹിത്യ സദസുകളിൽ. എന്നാൽ ഇത് ഒരു ജവാന്റെ കഥയല്ലെന്നും ആധുനിക ജീവിതത്തിൽ നിസഹായരാക്കപ്പെടുന്ന, പ്രതികരണ ശേഷി നഷ്ടപ്പെട്ടതും വരിയുടക്കപ്പെട്ടതുമായ ജനതയുടെ കഥയാണെന്നും വിശ്വസിക്കാനാണ് എനിയ്ക്കിഷ്ടം. 
ജോർജ് ഓർവലിന്റെ 1984 എന്ന നോവലിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകനാണു വിൻസ്റ്റൺ സ്മിത്തിന്റെ ജീവിതാവസ്ഥയാണ് ഇവിടെ ജവാന്. "ബിഗ് ബ്രദർ ഈസ് വാച്ചിങ്ങ് യു" എന്ന അവസ്ഥ ആധുനിക മനുഷ്യന്റെ സമസ്ത മേഖലകളെയും ബാധിച്ചിരിക്കുന്നു. ജവാൻ നിസഹായനായി പിൻവാങ്ങുന്നു. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിൽ പാമ്പുകടിയേറ്റ്, ബസ് കാത്തുകിടക്കുന്ന രവിയെ പോലെ ജവാനും പിൻ വാങ്ങുന്നു. ഘടനാപരമായും പ്രമേയപരമായും മലയാളത്തിൽ ഇത്തരം ഒരു നോവൽ അപൂർവമാണ്. 
Exit mobile version