വിഷുക്കൈനീട്ടമായി വെള്ള കാർഡ് ഉടമകൾക്കുൾപ്പെടെ 10 കിലോ പച്ചരി നൽകുമെന്നും റേഷൻ കടകളിലൂടെ നിലവിൽ കൊടുത്ത് കൊണ്ടിരിക്കുന്ന ചാക്കരിക്ക് പകരം ജയ അരി കൊടുക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നതായി ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് നഗരസഭയിൽ മണക്കോട് വാർഡിലെ കുടുംബശ്രീ വാർഷികവും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും കാവിയോട്ടുമുകൾ ഗ്രാമജ്യോതി സ്പെഷ്യൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി സതീശൻ സ്വാഗതം പറഞ്ഞു. സിനിമ‑സീരിയൽ നടൻ പ്രദീപ് പ്രഭാകരൻ മുഖ്യതിഥിയായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കലും ചികിത്സാധനസഹായ വിതരണവും വിവിധ കലാപരിപാടികളും നടന്നു. നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ് സിന്ധു, പി വസന്തകുമാരി, എസ് അജിത, കൗൺസിലർമാരായ എം പി സജിത, പൂങ്കുംമൂട് അജി, സുമയ്യാ മനോജ്, നഗരസഭ സെക്രട്ടറി മുഹമ്മദ് സജീം തുടങ്ങിയവർ പങ്കെടുത്തു. സിഡിഎസ് ചെയർപേഴ്സൺമാരും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.
English Summary: Jaya Ari to replace Chakri for Vishu: Minister
You may like this video also