കുട്ടനാട് കൈനകരിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടും മൂന്നും നാലും പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 2014 മാർച്ചിൽ കൈനകരി തോട്ടുവാത്തല സ്വദേശി ജയേഷിനെയാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.
കേസിൽ രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജൻ(31), മൂന്നാം പ്രതി പുതുവൽവെളി നന്ദു (26), നാലാം പ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ ജനീഷ്(38) എന്നിവർക്കാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒമ്പതും പത്തും പ്രതികളായ തോട്ടുവാത്തല മാമൂട്ടിച്ചിറ സന്തോഷ്, തോട്ടുവാത്തല ഉപ്പൂട്ടിച്ചിറ കുഞ്ഞുമോൻ എന്നിവരെ രണ്ട് വർഷം വീതം തടവിനു ശിക്ഷിച്ചു. ഇവർ 50000 രൂപ വീതം പിഴയും ഒടുക്കണം. ഒന്നാം പ്രതി പുന്നമട അഭിലാഷ് കേസിന്റെ വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു.
ശിക്ഷാവിധിക്ക് പിന്നാലെ കോടതിയിൽ നാടകീയരംഗങ്ങളും അരങ്ങേറി. വിധിപ്രസ്താവം കേട്ട പ്രതികൾ പ്രോസിക്യൂഷന് നേരേ വധഭീഷണി മുഴക്കി. പ്രോസിക്യൂട്ടറെ കൊല്ലുമെന്നായിരുന്നു ഭീഷണി. പോലീസുകാരെയും പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് കൂടുതൽ പോലീസെത്തിയാണ് പ്രതികളെ കനത്ത സുരക്ഷയിൽ പുറത്തേക്ക് കൊണ്ടുപോയത്. പോലീസ് വാഹനത്തിൽ കയറുന്നതിന് മുമ്പും പ്രതികൾ അസഭ്യവർഷം നടത്തി. മാധ്യമപ്രവർത്തകർ ചിത്രങ്ങൾ പകർത്തുമ്പോളായിരുന്നു പ്രതികളുടെ അസഭ്യവർഷം. ഇതിനിടെ, നല്ല ചിത്രങ്ങൾ എടുക്കണമെന്ന് പ്രതികളിലൊരാൾ വിളിച്ചുപറയുകയും ചെയ്തു.
2014 മാർച്ച് 28‑നു രാത്രിയിലാണ് ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്ന് കൈനകരി 11-ാം വാർഡിൽ ജയേഷ് ഭവനത്തിൽ ജയേഷിനെ(26) വെട്ടിക്കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായ പുന്നമട അഭിലാഷിനെ 2013 ഒക്ടോബറിൽ കൈനകരി ഗുരുമന്ദിരത്തിനു സമീപംവെച്ച് കൊല്ലപ്പെട്ട ജയേഷ് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഒൻപതാം പ്രതി സന്തോഷിന്റെ വീട്ടുകാരും ജയേഷും തമ്മിൽ 2014 ഫെബ്രുവരിയിൽ കൊയ്ത്തുയന്ത്രമിറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘട്ടനത്തിലെത്തിയിരുന്നു. ഈ സംഭവങ്ങളിലെ വൈരാഗ്യത്തെത്തുടർന്ന് അഭിലാഷ്, സാജൻ, നന്ദു, ജനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജയേഷിന്റെ വീടു തല്ലിപ്പൊളിച്ചു.
അക്രമികളെ കണ്ട് ഭയന്നോടിയ ജയേഷിനെ വീടിനു പടിഞ്ഞാറുള്ള വയലിലിട്ടു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടുമുതൽ നാലുവരെ പ്രതികളായ സാജൻ, നന്ദു, ജനീഷ് എന്നിവർക്കെതിരെയാണ് കൊലപാതകക്കുറ്റം തെളിഞ്ഞിട്ടുള്ളത്. ഇവർക്കെതിരേ മറ്റു പല കേസുകളും നിലവിലുണ്ട്. ഒൻപതാം പ്രതി സന്തോഷിനെതിരേയും പത്താം പ്രതി കുഞ്ഞുമോനെതിരേയും തെളിവു നശിപ്പിക്കൽ കുറ്റമാണ് തെളിഞ്ഞിട്ടുള്ളത്. ജയേഷിനെ അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് ആക്രമിച്ചത്. ഇവരുടെ മൊഴി നിർണായകമായി.