ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ- മെയിൻ ( ജെഇഇ മെയിൻ) 2025 ഒന്നാം സെഷൻ രജിസ്ട്രേഷൻ ഇന്നവസാനിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (ജിഎഫ്‌ടിഐ), സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള/ സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങൾ / സർവ കലാശാലകൾ എന്നിവയിൽ വിവിധ ബിരുദതല എൻജിനീയറിങ്, സയൻസ്,ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന പരീക്ഷയാണിത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ജനുവരിയിലും ഏപ്രിലിലും പരീക്ഷയുണ്ട്. രണ്ട് പരീക്ഷയുമെഴുതുന്നവരുടെ മെച്ചപ്പെട്ട പേര്‍സന്റയില്‍ സ്‌കോറാണ് അന്തിമ റാങ്കിങ്ങിന് പരിഗണിക്കുക. ആദ്യ സെഷൻ ജനുവരി 22നും 31നുമിടയിൽ നടക്കും. രണ്ടാം സെഷൻ ഏപ്രിൽ ഒന്നിനും എട്ടിനുമിടയിലും. കേരളത്തിൽ കോഴിക്കോട് എന്‍ഐടിയും കോട്ടയം ഐഐഐടിയുമാണ് ജെഇഇ മെയിൻ വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങൾ. റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചശേഷം പ്രവേശനം നടത്തുന്നത് ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിട്ടിയും (josaa.nic.in) സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡും (csab.nic.in) ആയിരിക്കും.
പ്രായ പരിധിയില്ല. 2023, 2024 വർഷങ്ങളിൽ പ്ലസ്‌ടു പരീക്ഷ വിജയിച്ചവർക്കും 2025ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകരിച്ച ത്രിവത്സര ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അവസരമുണ്ട്. എന്‍ജിനീയറിങ് പ്രവേശനത്തിന് മാത്തമാറ്റിക്സ് , ഫിസിക്സ് വിഷയങ്ങളോടൊപ്പം കെമിസ്ട്രി/ ബയോടെക്നോളജി/ ബയോളജി/ടെക്നിക്കൽ വൊക്കേഷണൽ വിഷയങ്ങൾ പഠിച്ചിരിക്കണം. ബി ആർക്കിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയും ബി പ്ലാനിങ്ങിന് മാത്തമാറ്റിക്സ് ഒരു വിഷയമായും പഠിച്ചിരിക്കണം.പരീക്ഷ മാറ്റങ്ങളോടെ ഇംഗ്ലീഷും മലയാളവുമടക്കം 13 ഭാഷകളിൽ പരീക്ഷയെഴുതാം. മലയാളം കേരളത്തിലും ലക്ഷദ്വീപിലും മാത്രം.
പരീക്ഷാ കേന്ദ്രങ്ങൾ
കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ പതിനഞ്ചോളം വിദേശരാജ്യങ്ങളിലും കേന്ദ്രങ്ങളുണ്ട്. മുൻഗണനാക്രമത്തിൽ നാല് ഓപ്ഷനുകൾ നൽകണം.വെബ്സൈറ്റ് : jeemain. nta.nic.in , www.nta.ac.in.