ദീര്‍ഘനേരം കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിലോ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരിലോ, ദൂരയാത്ര ചെയ്യുന്നവരിലോ ആണ് പൈലോനിഡല്‍ സൈനസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. ‘ജീപ്പ് ഡ്രൈവേഴ്‌സ് ഡിസീസ്’ (Jeep Driver’s Disease) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ശരീരത്തിന്റെ പുറകുവശത്തെ അഗ്രഭാഗത്തുള്ള അസ്ഥിയുടെ ഭാഗത്തെ (tail bone area) ബാധിക്കുന്ന ഈ രോഗം പ്രായഭേദമന്യേ വരാന്‍ സാദ്ധ്യതയുണ്ടെങ്കിലും കൗമാരപ്രായക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.
എന്താണ് പൈലോനിഡല്‍ സൈനസ്?
‘പൈലോനിഡല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ഒരു സഞ്ചിക്കുള്ളില്‍ രോമം കൂടിയിരിക്കുക എന്നതാണ്. എന്നാല്‍ ‘Sinus tract’ എന്നത് ശരീരത്തില്‍ എവിടെയെങ്കിലും ഇടുങ്ങിയ ദ്വാരം പോലെയുള്ള ഘടന ഉണ്ടാകുന്നതാണ്. അപ്പോള്‍ പൈലോനിഡല്‍ സൈനസ് എന്നത് buttocksന്റെ തൊട്ടുമുകളിലായി ഉണ്ടാകുന്ന മുഴയോ, ഇടുങ്ങിയ ദ്വാരമോ ആണ്. ഈ മുഴകളില്‍ രോമവളര്‍ച്ചയും മറ്റു അവശിഷ്ടങ്ങളും ഉണ്ടാകും.
രോഗകാരണങ്ങള്‍ എന്തെല്ലാം?
ഇത് സാധാരണയായും ആണുങ്ങളിലാണ് കണ്ടുവരുന്നത്, പ്രത്യേകിച്ചും ചെറുപ്പക്കാരില്‍. ദീര്‍ഘനേരം ഇരിക്കുന്ന ആളുകളെയാണ് ഈ രോഗം ബാധിക്കുന്നത്. ഉദാഹരണത്തിന് വിദ്യാര്‍ത്ഥികള്‍, IT മേഖലയില്‍ ജോലി ചെയ്യുന്നവര്‍, വാഹനം ഓടിക്കുന്നവര്‍. ചുരുണ്ടതും കട്ടി കൂടിയതും പരുപരുത്തതുമായ ശരീര രോമം ഉള്ള ആള്‍ക്കാരില്‍ രോഗസാദ്ധ്യത കൂടുതലാണ്. Buttocksന് ഇടയിലെ ക്ലഫ്റ്റ് ആഴത്തില്‍ ഉള്ളവരിലും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. അമിതവണ്ണവും പാരമ്പര്യവും ആണ് മറ്റു കാരണങ്ങള്‍.
രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
Tail bone area യില്‍ നിരന്തരമായി വേദനയും നീരും ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. ആ ഭാഗത്ത് നിന്നും ദുര്‍ഗന്ധത്തോട് കൂടി മഞ്ഞനിറത്തില്‍ പഴുപ്പോ, രക്തമോ പുറത്തേക്ക് വരാം. ചിലരില്‍ ഇതുപോലെ പഴുപ്പോ, രക്തമോ ഒന്നും പുറത്തേക്ക് വരാതെ തൊലിക്കടിയില്‍ വേദനയുള്ള മുഴ ഉണ്ടാകുന്നു. വാഹനം ഓടിക്കാനോ ഇരുന്നിട്ട് എഴുന്നേല്‍ക്കാനോ ഒക്കെ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.
ചികിത്സാരീതികള്‍ എന്തെല്ലാം?
വൈദ്യശാസ്ത്ര മേഖലയിലെ പുരോഗതി ഈ രോഗത്തിന്റെ ചികിത്സയിലും വളരെയധികം ഗുണം ചെയ്തു. ലേസര്‍ സംവിധാനത്തിന്റെ സഹായത്തോടെ പൈലോനിഡല്‍ സൈനസിന് മികച്ച രീതിയിലുള്ള ചികിത്സ ഇന്ന് ലഭ്യമാണ്. ഈ ചികിത്സാരീതിയെ ‘ലേസര്‍ പൈലോനിഡല്‍ അബ്ലേഷന്‍’ (Laser Pilonidal Ablation) എന്നാണ് പറയുന്നത്. മുമ്പ് ഓപ്പണ്‍ ശസ്ത്രക്രിയയിലൂടെ ആയിരുന്നു പൈലോനിഡല്‍ സൈനസ് ചികിത്സിച്ചിരുന്നത്, എന്നാല്‍ minimally invasive രീതിയിലൂടെ പെട്ടെന്ന് സുഖപ്പെടുന്ന തരത്തിലുള്ള ചെറിയ മുറിവുണ്ടാക്കിയുള്ള ചികിത്സയാണ് നിലവിലുള്ളത്. ലേസര്‍ ചികിത്സയ്ക്ക് ശേഷം അടുത്ത ദിവസം തന്നെ ആശുപത്രി വിടാനും ഉടനെ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും സാധിക്കുന്നു. പട്ടം എസ് യു ടി ആശുപത്രിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ‘ലേസര്‍ പ്രോക്‌റ്റോളജിയും’ (Laser Proctology) യും തുടര്‍ന്നുള്ള പരിചരണവും സജ്ജമാണ്.
ഡോ. കോശി മാത്യു പണിക്കർ
കൺസൾട്ടൻ്റ് ജനറൽ സർജറി
SUT ഹോസ്പിറ്റൽ, പട്ടം