ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രായേൽ ഗവൺമെന്റിന് അമേരിക്ക ആയുധങ്ങളും ധനസഹായവും നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജൂതമത വിശ്വാസികളെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിൽ സെനറ്ററുടെ വീടിന് പുറത്ത് പ്രതിഷേധിച്ച നൂറുകണക്കിന് ഫലസ്തീൻ അനുകൂല ജൂത പ്രതിഷേധക്കാരാണ് അറസ്റ്റിലായത്.
യു.എസ് സെനറ്റംഗം ചക്ക് ഷൂമറിന്റെ ന്യൂയോർക്ക് ഗ്രാൻഡ് ആർമി പ്ലാസയിലെ വീടിനുമുന്നിൽ ജ്യൂവിഷ് വോയ്‌സ് ഫോർ പീസ് (ജെ.വി.പി) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന യഹൂദരുടെ പെസഹാ പെരുന്നാളിന്റെ രണ്ടാംദിവസമായ ഇന്നലെ രാത്രിയാണ് സംഭവം.
ജൂത പുരോഹിതരുടെയും പ്രമുഖരുടെയും പ്രസംഗത്തിനുപിന്നാലെ പ്രതിഷേധക്കാർ പ്രകടനമായി പ്ലാസ റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ന്യൂയോർക്ക് പൊലീസ് ഇവരെ അറസ്റ്റുചെയ്തതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിന്റെയും പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുന്നതിന്റെയും ഫോട്ടോകൾ ജെ.വി.പി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഗസ്സയിൽ കുഞ്ഞുങ്ങളെയടക്കം കൂട്ടക്കൊല നടത്തുന്ന ഇസ്രായേലിന്റെ കിരാതനീക്കത്തിനെതിരെ ജ്യൂവിഷ് വോയ്‌സ് ഫോർ പീസ് (ജെ.വി.പി) മുമ്പും നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
you may also like this video;