Site iconSite icon Janayugom Online

ഝാര്‍ഖണ്ഡ് കേബിള്‍ കാര്‍ അപകടം: ആറുപേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

rope wayrope way

ഝാര്‍ഖണ്ഡില്‍ റോപ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട ആറുപേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 40 പേരെ രക്ഷപ്പെടുത്താനായതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
ഡ്രോണ്‍ വഴി ഭക്ഷണവും വെള്ളവുമെത്തിച്ച് നല്‍കിയശേഷം വ്യോമസേന ഉദ്യോഗസ്ഥര്‍ ഹെലികോപ്ടറില്‍ കയറ്റി താഴെയിറക്കിയതായും പ്രാദേശികവൃത്തങ്ങള്‍ അറിയിച്ചു. 20 മണിക്കൂറായി ആളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ വ്യോമസേന, കരസേന, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദേശീയ ദുരന്ത നിവാരണ പ്രതികരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഹെലികോപ്ടറില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് ഒരാള്‍കൂടി കഴിഞ്ഞദിവസം മരിച്ചിരുന്നു. ഏറെ വൈകിയതിനാല്‍ രക്ഷാപ്രവര്‍ത്തനം രാത്രി നിര്‍ത്തിവച്ചിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ഝാര്‍ഖണ്ഡ് ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപം കേബിള്‍ കാര്‍ അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നതിന് പിന്നാലെ റോപ് വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലത്ത് നിന്ന് മുങ്ങിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 766 മീറ്റര്‍ നീളമുള്ള റോപ് വേ 392 മീറ്റര്‍ ഉയരത്തിലാണ്. നാല് പേര്‍ക്ക് വീതം കയറാന്‍ സാധിക്കുന്ന 25 കാബിനുകളാണുള്ളത്. ബൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ.

Eng­lish Sum­ma­ry: Jhark­hand cable car acci­dent: Res­cue oper­a­tion for six is in progress
You may like this video also

Exit mobile version