Site iconSite icon Janayugom Online

ഝലം നദിയിലെ ജലനിരപ്പ് ഉയർന്നു; പാക് അധീന കശ്മീരിൽ വെള്ളക്കെട്ട്, ഉറി ഡാം തുറന്ന് ഇന്ത്യ

ഝലം നദിയിലെ ജലനിരപ്പ് ഉയർന്നതോടെ പാക് അധീന കശ്മീരിൽ വെള്ളക്കെട്ട്. വെള്ളപ്പൊക്കം രൂക്ഷമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. ആളുകൾ വീടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ട്. ഭരണകൂടം ജനങ്ങളോട് മാറിത്താമസിക്കാൻ നിർദേശിച്ചതായും സൂചനയുണ്ട്. വെള്ളം കയറി നിരവധി മേഖലകളിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇന്ത്യ മുന്നറിയിപ്പില്ലാതെ ഉറി അണക്കെട്ട് തുറന്നതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പാകിസ്ഥാൻ ആരോപിച്ചു.

അതേസമയം, പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കശ്മീർ അശാന്തമായി തുടരുകയാണ്. വീണ്ടും ജമ്മു കാശ്മീരിൽ വെടിവെപ്പുണ്ടായി. പാകിസ്ഥാൻ സൈനിക പോസ്റ്റുകളിൽ നിന്ന് പ്രകോപനമില്ലാതെ ഇന്ത്യൻ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത്. ടുട്മാരി ഗാലി, റാംപൂർ സെക്ടറുകളിലാണ് വെടിവെപ്പുണ്ടായത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി സൈന്യം അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിയെ ആഭ്യന്തര മന്ത്രാലയം ഏല്‍പ്പിച്ചിരുന്നു. ഇതിന്റെ ഔദ്യോഗികമായ അറിയിപ്പ് മന്ത്രാലയം പുറത്തിറക്കി. 

Exit mobile version