2016ല്‍ റോഡ് ഉപരോധിച്ച കേസില്‍ ഗുജറാത്തിലെ എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് ആറ് മാസം തടവ് ശിക്ഷ. അഹമ്മദാബാദിലെ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് പി എന്‍ ഗോസ്വാമിയാണ് ശിക്ഷ വിധിച്ചത്. നിയമ വകുപ്പിന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് അംബേദ്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയെ തുടര്‍ന്നായിരുന്നു കേസ്. വദ്ഗാമില്‍ നിന്നുള്ള എംഎല്‍എയായ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ്. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയിരുന്നത്.
ആറു മാസം തടവും 700 രൂപ പിഴയുമാണ് ശിക്ഷ. വിധിയെ ചോദ്യംചെയ്യാന്‍ പ്രതികളെ അനുവദിച്ചുകൊണ്ട് ഉത്തരവ് കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. രാകേഷ് മഹേരിയ, സുബോധ് പര്‍മര്‍, ദീക്ഷിത് പര്‍മര്‍ എന്നിവര്‍ക്കാണ് മേവാനിക്കൊപ്പം ശിക്ഷ ലഭിച്ചത്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മേവാനി പ്രതികരിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ ബലാത്സംഗികളെയും ജയിലില്‍ നിന്ന് മോചിപ്പിച്ചു. അവരെ ഹാരമണിയിച്ചു. അവരുടെ സ്വഭാവം വളരെ മികച്ചതാണെന്ന് പറഞ്ഞു. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീലിനെതിരെ 108 കേസുകള്‍ ഉണ്ട്. ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല.
എന്നാല്‍ ബാബാ സാഹേബ് അംബേദ്കറുടെ പേരില്‍ ഒരു കെട്ടിടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയതിന് ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഏപ്രിലിൽ മേവാനിയെ പ്രധാനമന്ത്രി മോഡിക്കെതിരായ രണ്ട് ട്വീറ്റുകളുടെ പേരില്‍ അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary: Jignesh Mevani gets 6‑month jail term in 2016 case
You may also like this video