Site iconSite icon Janayugom Online

ജാര്‍ഖണ്ഡില്‍ ജെഎംഎം 36 സീറ്റില്‍; കോണ്‍ഗ്രസ് 21 സീറ്റിലും, ആര്‍ജെഡി 6 സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജാർഖണ്ഡിൽ ഇന്ത്യാ കൂട്ടായ്‌മയെ നയിക്കുന്ന ജെഎംഎം 36 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ സിറ്റിങ്‌ സീറ്റായ ബർഹൈത്തിൽ മത്സരിക്കും. ഹേമന്ത് സൊറന്റെ ഭാര്യ കൽപ്പന സോറൻ ഗാണ്ഡേയിലും സഹോദരൻ ബസന്ത്‌ സോറൻ ദുംകയിലും മത്സരിക്കും. രാജ്യസഭാംഗം മഹുവാ മാജി റാഞ്ചിയിൽ ജനവിധി തേടും.

മുതിർന്ന നേതാക്കളായ സ്റ്റീഫൻ മറാണ്ടി, എം ടി രാജ, ധനഞ്‌ജയ്‌ സോറൻ, വികാസ്‌ മുണ്ട എന്നിവരും പട്ടികയിലുണ്ട്‌.ഇന്ത്യാ കൂട്ടായ്‌മയുടെ ഭാഗമായ കോൺഗ്രസ്‌ 21 സീറ്റിലും മറ്റൊരു സഖ്യകക്ഷിയായ ആർജെഡി ആറ്‌ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എംഎൽ മൂന്ന്‌ സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്‌. ആറ്‌ സീറ്റാണ്‌ സിപിഐ എംഎൽ ആവശ്യപ്പെടുന്നത്‌. ജെഎംഎം–- കോൺഗ്രസ്‌ കൂട്ടുകെട്ടിന്റെ ഏകപക്ഷീയമായ സീറ്റുധാരണയിൽ പ്രതിഷേധിച്ച്‌ 15 സീറ്റിൽ തനിച്ച്‌ മത്സരിക്കുമെന്ന്‌ സിപിഐ പ്രഖ്യാപിച്ചിരുന്നു.

10 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ നേതാക്കളുടെ നിരവധി ബന്ധുക്കള്‍ ഇടംപിടിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ അർജുൻ മുണ്ടയുടെ ഭാര്യ മീരാ മുണ്ടയും മധു കോഡയുടെ ഭാര്യ ഗീത കോഡയും മറ്റൊരു മുൻമുഖ്യമന്ത്രി രഘുബർ ദാസിന്റെ മരുമകൾ പൂർണിമദാസ്‌ സാഹുവും സ്ഥാനാര്‍ഥികളാണ്.

Exit mobile version