Site icon Janayugom Online

അർഹതയുള്ള മുഴുവൻ കായികതാരങ്ങൾക്കും ജോലി ഉറപ്പാക്കും: മന്ത്രി അബ്ദുറഹിമാൻ

അർഹതയുള്ള മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി ഉറപ്പാക്കുമെന്നു മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. 24 പേർക്കു ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അഡൈ്വസ് മെമ്മോ ഉടൻ ലഭ്യമാക്കും. 23നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ശേഷിക്കുന്ന ഉദ്യോഗാർഥികളുടെ നിയമനത്തിനുള്ള നടപടികളും സ്വീകരിക്കുമെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ കായികരംഗത്തെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സ്പോർസ് ഇക്കോണമി മിഷൻ നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. അടുത്തമാസം പ്രഖ്യാപിക്കുന്ന കായിക നയത്തിൽ സ്പോർസ് ഇക്കോണമി മിഷൻ എന്ന ആശയത്തിനു പ്രാധാന്യം നൽകും. കായിക രംഗത്തെ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഇതു നടപ്പാക്കുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,200 കോടിയോളം രൂപ സംസ്ഥാന സർക്കാർ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. ഇതിനു പുറമേ സ്വകാര്യ മേഖലയിൽ 20,000 കോടി രൂപയുടെ നിക്ഷേപം നിലവിലുണ്ട്. 1,250 ഓളം ടർഫുകൾ, അക്കാഡമികൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവയിലടക്കം വൻ നിക്ഷേപമാണു സ്വകാര്യ മേഖലയിലുള്ളത്. ഇതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കും.

സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ്, സൂപ്പർ കപ്പ് തുടങ്ങിയ ദേശീയ കായിക മത്സരങ്ങൾക്ക് കൂടി വേദിയാകുന്നതോടെ കേരളത്തിന്റെ കായികരംഗവും സൗകര്യങ്ങളും രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചേർന്ന് അഞ്ച് ലക്ഷം കുട്ടികൾക്ക് ജൂൺ മുതൽ പരിശീലനം നൽകാനുള്ള പദ്ധതിയുടെ നടപടിക്രമങ്ങൾ സർക്കാർ പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; Jobs will be guar­an­teed to all eli­gi­ble ath­letes: Min­is­ter Abdurahman

You may also like this video;

Exit mobile version